Image

വാക്സിൻ എടുത്തിട്ടും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു

Published on 03 August, 2021
വാക്സിൻ എടുത്തിട്ടും  റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്ടൺ, ഓഗസ്റ്റ് 3: വാക്സിൻ സീരീസ് പൂർത്തിയാക്കിയിട്ടും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു.കൊറോണ വൈറസിനെതിരെ ആദ്യം തന്നെ പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരുടെ പട്ടികയിൽ  സെനറ്റർമാർ ഉണ്ടായിരുന്നതുകൊണ്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വിഭാഗത്തിൽ ആരും തന്നെ കോവിഡ് പോസിറ്റീവായിട്ടില്ല. വാക്സിനേഷൻ പൂർത്തീകരിച്ച സെനറ്റർമാർക്കിടയിൽ നിന്ന് ഒരാൾ കോവിഡ് പോസിറ്റീവാകുന്നത് ആദ്യമായാണെന്ന് റിപ്പോർട്ടുണ്ട്.

 ഫ്ലൂ -വിന് സമാനമായ ലക്ഷണങ്ങൾ ജൂലൈ 31 രാത്രിയിൽ കണ്ടുതുടങ്ങിയതോടെ പിറ്റേന്ന് രാവിലെ ഹൗസ് ഫിസിഷ്യന്റെ അടുത്തേക്ക് പോയി, പരിശോധനയ്ക്ക് വിധേയനായെന്നും വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിഞ്ഞെന്നും സെനറ്റർ വ്യക്തമാക്കി.
10 ദിവസത്തേക്ക് ക്വാറന്റൈനിൽ തുടരുമെന്നും  വാക്സിനേഷൻ നേടിയതുകൊണ്ടാണ് സാരമായ പ്രശ്നങ്ങൾ അലട്ടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അല്ലാത്ത പക്ഷം സ്ഥിതി മോശമാകുമായിരുന്നെന്നും ഗ്രഹാം 
അഭിപ്രായപ്പെട്ടു.

പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരിൽ  1 ശതമാനത്തിൽ താഴെ മാത്രമാണ് രാജ്യത്ത്  കോവിഡ് ബാധിതരാകുന്നതെന്ന്  സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ പ്രകാരം, വാക്സിൻ സീരീസ് പൂർത്തിയാക്കിയവരിൽ 0.004 ശതമാനത്തിൽ താഴെ മാത്രം ആളുകൾക്കാണ്  ആശുപത്രിയിൽ ചികിത്സതേടേണ്ടി വരുന്നതും , 0.001 ശതമാനത്തിൽ താഴെ ആളുകൾക്കാണ് കോവിഡ് മരണങ്ങൾ സംഭവിക്കുന്നതെന്നും പറയുന്നു. 

കോവിഡ് തരംഗം മോശം അവസ്ഥയിലേക്ക് നീങ്ങുന്നതായി ഫൗച്ചിയുടെ മുന്നറിയിപ്പ് 

നിലവിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് തരംഗം മോശം അവസ്ഥയിലേക്ക് നീങ്ങുന്നതായി വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഓഫീസർ  ഡോ. ആന്റോണി ഫൗച്ചി ഞായറാഴ്‌ച മുന്നറിയിപ്പ് നൽകി. പോസിറ്റീവ് കേസുകൾ ഉയരുന്നതിനാൽ ജാഗ്രത വേണമെന്നും, ലോക്‌ഡോൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിവ്യാപനശേഷിയുള്ള ഡെൽറ്റ വേരിയന്റ് മൂലമാണ് അമേരിക്കയിൽ കോവിഡ് കേസുകളിൽ ഈ കുതിപ്പ് കാണുന്നതെന്നും ഫൗച്ചി പറഞ്ഞു.
റോയിറ്റേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ അമേരിക്കയിലെ പ്രതിദിന  കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 
രാജ്യം  സാധാരണ നിലയിലേക്ക് മാറുന്നതിന് വാക്സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം കുത്തിവയ്‌പ്പെടുത്ത് സുരക്ഷ ഉറപ്പാക്കാനും ഫൗച്ചി നിർദ്ദേശിച്ചു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം വാക്സിൻ സ്വീകരിക്കാത്ത ആളുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യം ഒഴിവാക്കാനും രോഗത്തിന്റെ സങ്കീർണത കുറയ്ക്കാനും മരണത്തിൽ നിന്ന് രക്ഷനേടാനും വാക്സിൻ സഹായകമാണെന്നും കുത്തിവയ്‌പ്പെടുക്കാൻ ഇനിയും ആരും താമസിക്കരുതെന്നും ഫൗച്ചി ഓർമ്മപ്പെടുത്തി

ന്യൂയോർക്കിൽ വാക്സിനേഷൻ നിരക്ക് 75 % എത്തിയിട്ടും പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു 

ഫെഡറൽ ഡാറ്റ  അനുസരിച്ച്  ന്യൂയോർക്കിൽ 75 ശതമാനം ആളുകൾ  കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷവും, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പരിശോധനാഫലങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്നത് ആശങ്ക ഉണർത്തുന്നു. വെള്ളിയാഴ്ച 3050 ന്യൂയോർക്കുകാർ കോവിഡ് പോസിറ്റീവായിരുന്നു; അന്നത്തെ പോസിറ്റിവിറ്റി നിരക്ക്: 2. 040 ശതമാനമാണെന്ന് ഗവർണർ കോമോ അറിയിച്ചു.
ന്യൂയോർക് സിറ്റിയിൽ ബുധനാഴ്‌ച മുതൽ  പോസിറ്റിവിറ്റി നിരക്ക്  ഉയർന്ന് 2.25 ശതമാനം ആയി. സ്റ്റാറ്റൻ ഐലൻഡിലാണ് ഏറ്റവും ഉയർന്ന നിരക്കായ 3.15 % രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വെള്ളിയാഴ്‌ച 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു- 3 പേർ ക്വീൻസിലും 2 പേർ സഫോക് കൗണ്ടിയിലും മരണപ്പെട്ടു.ആശുപത്രിയിൽ 499 കോവിഡ് രോഗികൾ ചികിത്സ തേടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക