Image

അഫ്ഗാനിസ്ഥാനില്‍ മന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ആക്രമണം

ജോബിന്‍സ് Published on 04 August, 2021
അഫ്ഗാനിസ്ഥാനില്‍ മന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ആക്രമണം
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൃഷ്ടിച്ച യുദ്ധസമാനമായ അന്തരീക്ഷത്തിന് അറുതിയാകുന്നില്ല. ഇന്നലെ അഫ്ഗാന്‍ പ്രതിരോധ മന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തി. സംഭവത്തില്‍ ആറ് സുരക്ഷ ഉദ്യേഗസ്ഥര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തവണ ആക്രമണം തുടങ്ങിയ ശേഷം ഭരണത്തിലിരിക്കുന്ന ഉന്നത വ്യക്തിക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. 

കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കാബുളില്‍ ഏറ്റവുമധികം സുരക്ഷയുള്ള പ്രദേശങ്ങളിലൊന്നായ ഗ്രീന്‍ സോണിലാണ് പ്രതിരോധമന്ത്രി ബിസ്മില്ല മുഹമ്മദ് ഖാന്റെ വീട്. സംഭവം നടക്കുമ്പോള്‍ മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മന്ത്രിയുടെ കുടുംബം സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മന്ത്രിമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് വരുത്തി തീര്‍ത്ത് താലിബാനെതിരെയുള്ള നടപടികളില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കുകയാണ് ഇത്തരം ആക്രമണങ്ങളിലൂടെ താലിബാന്‍ ലക്ഷ്യമിടുന്നതെന്നാണ് പോലീസ് നിഗമനം. സംഭവത്തെ തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാരിന് പിന്തുണയുമായി പൊതുജനം തെരുവിലിറങ്ങി. അഫ്ഗാനിലെ ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് താലിബാന്‍ അവകാശപ്പെടുമ്പോഴാണ് സംഭവം. 

താലിബാന്‍ ആക്രമണങ്ങളില്‍ അഫ്ഗാനില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പലരും തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു താലിബാന്‍ ആക്രമണം ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക