Image

മാള്‍ട്ടയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ഇടയനായി ഫാ. മാത്യു വാരുവേലില്‍ ചുമതലയേറ്റു

Published on 11 August, 2021
 മാള്‍ട്ടയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ഇടയനായി ഫാ. മാത്യു വാരുവേലില്‍ ചുമതലയേറ്റു


വലേറ്റ: മാള്‍ട്ടയിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ പുതിയ ഇടയനായി ഫാ. മാത്യു വാരുവേലില്‍ ഔദ്യോഗികമായി ചുമതലയേറ്റു. രണ്ടായിരത്തിലധികം വരുന്ന മാള്‍ട്ടയിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ അജപാലന ദൗത്യത്തിനായി മാള്‍ട്ടാ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ജൂഡ് സിക്‌ളൂന ആണ് ഔദ്യോഗിക ചുമതലക്കാരനായി നിയോഗിച്ചത്. പുതിയ വികാരിയുടെ നിയമനം മാള്‍ട്ടയിലെ സീറോ മലബാര്‍ സഭയ്ക്കും, മലയാളി സമൂഹത്തിനും പുതിയ ഉണര്‍വേകും.

ഓഗസ്റ്റ് എട്ട് ഞായറാഴ്ച വൈകിട്ട് 7.30 ന് ഫാ. മാത്യു വാരുവേലിയെ മാള്‍ട്ടയിലെ സീറോമലബാര്‍ സഭാസമൂഹം വരവേല്‍പ്പ് നല്‍കിയാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് പുതിയ വികാരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും അര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബുജിവായിലെ സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയിലായിരുന്നു ചടങ്ങ് നടന്നത്.

സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്തിന്റെ കീഴിലാണ് മാള്‍ട്ടയിലെ സീറോ മലബാര്‍ സമൂഹം. നാളിതുവരെ സ്ഥിരമായി ഒരു ഔദ്യോഗിക വൈദികന്‍ സഭാമക്കളുടെ ആവശ്യത്തിനായി ഇല്ലാതിരുന്ന സാഹചര്യത്തില്‍ റോമില്‍ നിന്നുുള്ള വൈദികരാണ് മാള്‍ട്ടയിലെത്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. റോമില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഫാ. ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തിലാണ് ഇവിടെ ആദ്യമായി സീറോ മലബാര്‍ സഭാ ശുശ്രൂഷകള്‍ തുടങ്ങിയത്. നിലവില്‍ നാല് സെന്ററുകളിലായി തിരിച്ചാണ് വിശുദ്ധ കുര്‍ബാനയും സഭാപ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഇതിനിടയില്‍ ആലുവ കോള്‍ബേ ആശ്രമത്തില്‍ നിന്നുള്ള ഫാ. ജേക്കബ് പാലക്കാരന്‍ സമൂഹത്തിനു വേണ്ടിയുള്ള ശുശ്രൂഷകള്‍ ചെയ്തിരുന്നു. സെന്റ് തോമസ് ഇടവക സമൂഹത്തിന്റെ ഭാഗമായി സണ്‍ഡേസ്‌കൂള്‍,യൂത്ത് മിനിസ്ട്രി, നഴ്‌സസ് മിനിസ്ട്രി തുടങ്ങിയവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.


ഫാ. മാത്യു വാരുവേലില്‍ ചങ്ങനാശേരി അതിരൂപതയിലെ മണിമല ഫൊറോനയിലെ കറിക്കാട്ടൂര്‍ കൊവേന്ത ഇടവകാംഗമാണ്. എടത്വാ, അയര്‍ക്കുന്നം, അറുനൂറ്റംപാടം, കുട്ടമംഗലം കേശവദാസപുരം എന്നിവിടങ്ങള്‍ക്കു പുറമെ കുളത്തൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇടവക വികാരിയായി സേവനം ചെയ്യുന്‌പോഴാണ് മാത്യു അച്ചനെ തേടി പുതിയ സ്ഥാനലബ്ധി എത്തിയത്. കെസിഎസ്എല്‍ രൂപതാ ഡയറക്ടായും, ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് സ്‌കൂള്‍ അസിസ്‌ററന്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാള്‍ട്ടയിലേയ്ക്ക് ഇന്ത്യക്കാരുടെ കുടിയേറ്റം തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. ഇതിനോടകം ഇവിടേയ്ക്ക് എത്തിയ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണെന്നതാണ് പ്രത്യേകത. നഴ്‌സിംഗ്, ഹെല്‍ത്ത് കെയര്‍,ഹോട്ടല്‍ റസ്റ്ററന്റ്, നിര്‍മ്മാണം, ഡ്രൈവിംഗ്, ക്ലീനിംഗ് തുടങ്ങിയ മേഖലകളിലാണ് അധികമാളുകളും ജോലി ചെയ്യുന്നത്. ഏതാണ്ട് ഏഴായിരത്തോളം വരും ഇവിടുത്തെ മലയാളികളുടെ എണ്ണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക