മെല്‍ബണ്‍: സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിനായി മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകക്ക് വിക്ടോറിയന്‍ സംസ്ഥാന സര്‍ക്കാരിന്റെ മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് വിഭാഗം മള്‍ട്ടികള്‍ച്ചറല്‍ കമ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇക്കണോമിക് സ്റ്റിമുലസ് ഫണ്ടായ അഞ്ചു ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ അനുവദിച്ചു. ഇതിന്റെ പ്രഖ്യാപനം മള്‍ട്ടി കള്‍ച്ചറല്‍, സ്പോട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് മിനിസ്റ്റര്‍ റോസ് സ്പെന്‍സ് എംപി നിര്‍വഹിച്ചു.
കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ ലോഗോയുടെ പ്രകാശനം തോമസ് ടൗണില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി നിര്‍വഹിച്ചു. വിക്ടോറിയന്‍ സര്‍ക്കാര്‍ യൂത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ കത്തീഡ്രല്‍ ഇടവകയിലെ എസ്എംവൈഎം. യുവജനങ്ങള്‍ നിര്‍മിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ലഘുവീഡിയോ ഹനം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കത്തീഡ്രലിന്റെയും കള്‍ച്ചറല്‍ സെന്ററിന്റെയും നിര്‍മാണ പുരോഗതികള്‍ ലുമെയിന്‍ കണ്‍സ്ട്രക്ഷന്‍സ് ഡയറക്ടര്‍ റോബ് മാറോസിക് വിശദീകരിച്ചു.
വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കത്തീഡ്രല്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്സണ് ജോര്‍ജ് ചടങ്ങില്‍ നന്ദി പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ബില്‍ഡിംഗ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങള്‍, പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍, യുവജനവിഭാഗം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍