Image

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

Published on 30 August, 2021
 യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു


അബുദാബി: യുഎഇയില്‍ ദേശീയ മനുഷ്യാവകാശ സമിതിക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രൂപം നല്‍കി. അബുദാബി ആസ്ഥാനമായി രൂപീകരിക്കുന്ന സമിതിക്കു മറ്റു എമിറേറ്റുകളിലും ഓഫീസുകള്‍ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വതന്ത്ര അധികാരമുള്ള സമിതിയായി മനുഷ്യാവകാശ സമിതിക്കു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഫെഡറല്‍ നിയമമാണ് ഷെയ്ഖ് ഖലീഫ പുറപ്പെടുവിച്ചിരിക്കുന്നത്.

യുഎഇ ഭരണഘടനയും നിയമ സംഹിതകളും അന്താരാഷ്ട്ര നിയമങ്ങളും അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളും, മൗലിക സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനാണ് യുഎഇ മനുഷ്യാവകാശ സമിതി ലക്ഷ്യമിടുന്നത്. ഇതിനായുള്ള ദേശീയ കര്‍മ്മ പദ്ധതിക്ക് സമിതി രൂപം നല്‍കും.

രാജ്യത്തുടെനീളം നടത്തുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ മനുഷ്യാവകാശ സംസ്‌ക്കാരം പൊതുജനങ്ങളിലേക്ക് പകര്‍ന്നു നല്‍കും. യുഎഇയുടെ നിയമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിലേക്ക് മാറ്റിയെഴുതും. മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തുകയും , അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും . മനുഷ്യാവകാശ സമിതിയില്‍ 11 പേരാകും നിയമിതരാകുക . ഇതില്‍ പകുതി പേരും പൂര്‍ണസമയ അംഗങ്ങള്‍ ആയിരിക്കും. മറ്റു രാജ്യങ്ങളില്‍ ഇത്തരം സമിതികള്‍ അവലംബിക്കുന്ന രീതികള്‍ മനസിലാക്കുകയും യുഎഇയില്‍ അവ പിന്തുടരുകയും ചെയ്യും.







യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ട്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് ദേശീയ മനുഷ്യാവകാശ സമിതിയുടെ കര്‍മ്മ രേഖക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ യുഎ ഇയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം, രാജ്യത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്‌പോള്‍ എടുത്ത തീരുമാനം, മധ്യപൂര്‍വ രാജ്യങ്ങളില്‍ ശ്രദ്ധേയമായ അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ് . മനുഷ്യാവകാശ സമിതിയുടെ സ്ഥാപനത്തിലൂടെ, രാജ്യത്തിന്റെ സഹിഷ്ണതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ സംസ്‌ക്കാരം കൂടുതല്‍ ശക്തമാകുമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഗോബാഷും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക