Image

9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍, ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 09 September, 2021
9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)
ന്യുയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ അൽഖൈദ ഭീകരർ തകർത്തിട്ടു ഇരുപതു വർഷം പൂർത്തിയാവുകയാണല്ലോ  ശനിയാഴ്ച. 2700  പേർ  മരിക്കുകയും ഒട്ടേറെ   പേർക്ക് പരിക്ക് പറ്റുകയും ചെയ്ത   ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജിയോ വർക്കിയെ  എങ്ങിനെ മറക്കാൻ! തൃപ്പൂണിത്തുറയിലെ സുഹൃത്തും ഏഴുത്തുകാരനുമായ പ്രൊഫ. ടിവി വർക്കി-ലീല ദമ്പതിമാരുടെ ഏക മകനാണ്.

ലീമാൻ ബ്രദേഴ്‌സിൽ ജോലിയായിരുന്നു. രാവിലെ രണ്ടു ട്രെയിൻ കയറി വേൾഡ് ട്രേഡ് സെന്ററിന്റെ അ ണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ ഇറങ്ങി കയറി വന്ന ജിയോ, ലിഫ്റ്റിൽ  കയറും മുമ്പ്  ഒരു കപ്പുച്ചിനോക്കു  ഓർഡർ ചെയ്തു.  

കാപ്പി കുടിച്ചുകൊണ്ടിരിക്കുബോൾ "ഞാനിതാ വരുന്നു" എന്ന് മന്ത്രിച്ച് മുകളിലേക്ക് നോക്കി. ഇരട്ട ടവറുകളിൽ താൻ ജോലി ചെയ്യുന്ന ഒന്നിന്റെ മേലറ്റം കത്തി ജ്വലിച്ചു നിൽക്കുന്നു.  ജിയോ  പ്രാണനു വേണ്ടി ഓടി. ലീമാൻ ബ്രദേഴ്‌സ്‌ ഇല്ലാതായി. ലീമാൻ ജോലിക്കാരാണ്  ഏറ്റവും കൂടുതൽ മരിച്ചത്.  ജിയോ നാടുവിട്ടു സിയാറ്റിലിലേക്ക്.  ആമസോൺ ആസ്ഥാനത്ത് ജോലി.    

വേൾഡ് ട്രേഡ് സെന്റർ നാമാവശേഷമായെങ്കിലും  ലോകത്തിലാദ്യത്തെ അംബരചുംബി എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിനു നവതിയായി. 1930 ൽ മൻഹാട്ടന്റെ നടുമുറ്റത്ത് നിർമ്മിച്ച  ഈ നാഴികക്കല്ലിനു 2030 എത്തുമ്പോൾ  ശതാബ്ദിയാകും. ബിബിസിയുടെ ട്രാവൽ ഷോയിൽ ഈയാഴ്ച്ച എമ്പയർ സ്റ്റേറ്റിനെ പാടിപ്പുകഴ്ത്തിയത് രാജൻ ദസ്തർ എന്ന  ഭാരത വംശജൻ.

എമ്പയർ സ്റ്റേറ്റിന്റെ ശതാബ്ദിക്കാലത്തു ആരൊക്കെ കാണും? രണ്ടാമതു മത്സരിച്ചാൽ 2028 വരെ അധികാരത്തിൽ ഇരിക്കാൻ പ്രസിഡണ്ട് ജോ ബൈഡനു  കഴിയും. പിന്നീട് വരുന്ന പ്രസിഡണ്ട് ആയിരിക്കും ശതാബ്ദി ഉദ്‌ഘാടനം ചെയ്യുകയെന്ന് കരുതാം. എന്നാൽ അന്നു റഷ്യയിൽ വ്ലാഡിമിർ പുട്ടിൻ (68) ഉണ്ടായിരിക്കുമെന്ന് ഉറപ്പില്ല.

ആയുഷ്കാലം മുഴുവൻ അധികാരത്തിൽ ഇരിക്കാനുള്ള ഭരണഘടനാ തീട്ടുരം വാങ്ങിയിട്ടുണ്ടെകിലും 68 വയസുള്ള പ്രസിഡണ്ട് ചി ജിൻപിങ് അന്ന് ചൈനയിൽ ഉണ്ടായിരിക്കുമോ എന്നും അദ്ദേഹം അടിച്ചമർത്തിയ  ഇ-കൊമേഴ്സ്  ഭീമൻ ആലിബാബയുടെ  ജാക് മായെപ്പോലൊരാൾ അധികാരത്തെലെത്തുമോ എന്നും തീർച്ചയില്ല.

അത് വേറെ കാര്യം. നൂറ്റിരണ്ടു നിലകളും 443 മീറ്റർ ഉയരവുമുള്ള എമ്പയർ സ്‌റ്റേറ്റിനു ആ പേര് കിട്ടിയതു ന്യു യോർക് സ്റ്റേറ്റിനെ എമ്പയർ സ്റ്റേറ്റ് എന്ന്  വിളിക്കുന്നത്തിൽ നിന്നാണ്. മുക്കാൽ നൂറ്റാണ്ടോളം അത് റിക്കാർഡ് ബുക്കുകളിൽ പരിലസിച്ചു.

പക്ഷെ 1973 ൽ  തൊട്ടുരുമ്മി 102   നിലകളോടെ 546  മീറ്ററിൽ വേൾഡ് ട്രേഡ് സെന്റർ എന്ന ഇരട്ട ടവറുകൾ ഉയർന്നതോടെ എമ്പയർ സ്റ്റേറ്റിന്റെ പ്രൗഢിക്ക് മങ്ങലേറ്റു. എന്നാൽ ഇരുപതു വർഷം മുമ്പ് ഉസാമ ബിൻ ലാദന്റെ അൽഖായിദ തീവ്രവാദികൾ രണ്ടും തകർത്തതോടെ എമ്പയറിന്റെ പ്രമാണിത്തം തിരികെ വന്നിരിക്കയാണ്.

എമ്പയർ സ്റ്റേറ്റിൽ ചേക്കേറിയിരിക്കുന്ന സിറ്റിസൺ വാച്ച്, ലിങ്ക്ട് ഇൻ, സ്കാൻസ്ക, അഗോറ,  ഗ്ലോബൽ ബ്രാൻഡ്‌സ് ഗ്രൂപ് തുടങ്ങിയ സ്ഥാപനങ്ങളിൽ ചിലതിലെങ്കിലും ഇന്ത്യക്കാരും അവരുടെ കൂട്ടത്തിൽ മലയാളികളും ധാരാളം. എന്നാൽ അവിടെ ജോലിചെയ്യാതെ തന്നെ ഏറ്റവും കൂടുതൽ തവണ അവിടെ കയറിയിട്ടുള്ള മലയാളികളിൽ  ഒരാൾ   നയതന്ത്രജ്ഞൻ ടിപി ശ്രീനിവാസൻ ആയിരിക്കും.

മൻഹാട്ടനിലെ യുഎൻ ആസ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറലായും സേവനം ചെയ്ത പത്തു വർഷക്കാലത്ത് നിരവധി തവണ ഇന്ത്യൻ സന്ദർശകരെ എമ്പയർ സ്റ്റേറ്റ് കാണിക്കാൻ കൂടെ പോയിട്ടുണ്ട്.

"അങ്ങിനെ ആ വലിയ ആകാശ ചുമ്പിയുമായി വൈകാരികമായ ബന്ധം  സ്ഥാപിക്കാൻ കഴിഞ്ഞു. അതിന്റെ വശ്യമായ വാസ്തുശിൽപ മികവ് എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്.".ടവറിന്റെ ടെറസിൽ നിൽക്കുന്ന ഭാര്യ ലേഖയുടെയും കുട്ടികൾ  ശ്രീനാഥ് ശ്രീനിവാസന്റെയും (മുൻ കൊളമ്പിയ പ്രൊഫസർ)  ശ്രീകാന്തിന്റെയും ചിത്രങ്ങൾ ക്ലിക് ചെയ്തതല്ലാതെ സ്വന്തം ചിത്രങ്ങൾ എടുത്തിട്ടില്ലെന്നു ശ്രീനിവാസൻ പറയുന്നു. 1980ൽ അങ്ങിനെ എടുത്ത  ഒരു ചിത്രം അയച്ചുതരികയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ടു പൂർത്തിയാവുന്നതു  പ്രമാണിച്ച് കഴിഞ്ഞ ഓഗസ്റ് 15നു    ടൈംസ് സ്ക്വയറിൽ ചരിത്രത്തിലാദ്യമായി ത്രിവർണപതാക ഉയർത്തുകയും  അടുത്തുള്ള എമ്പയർ സ്റേറ് ബിൽഡിങ് മൂന്ന് നിറങ്ങളാൽ പ്രകാശിപ്പിക്കുകയും ചെയ്‌തു.    

ബിബിസി ട്രാവൽ ഷോ യാണ് ലോകത്തിലെ ഇതര ആകാശചുംബികളെപ്പറ്റി അനേഷിക്കാൻ  എന്നെ പ്രേരിപ്പിച്ചത്. നാൽപത്തഞ്ചു വർഷം  മുമ്പ് ചിക്കാഗോയിൽ സീയേഴ്സ് ടവർ ഏറിയ കാലം മുതൽ ആരംഭിച്ചതാണ് എന്റെ ഈ ടവർ ഭ്രാന്ത്.

ആളൊന്നിന് അഞ്ചു ഡോളർ മുടക്കി ടിക്കറ്റ് എടുത്ത് എന്നെ ടവറിൽ കയറ്റിയത് മോഹൻ വർഗീസ് എന്ന കോഴഞ്ചേരിക്കാരനാണ്. അഞ്ചു വർഷമായി ചിക്കാഗോയിൽ ഉണ്ടെങ്കിലും ടവറിലേറി അതിന്റെ സൃഷ്ടി വൈശിഷ്ട്യം കണ്ടറിയാൻ എൻജിനീയറായ അദ്ദേഹത്തിന് തോന്നിയില്ലല്ലോ എന്ന് എനിക്ക് തോന്നി.

നൂറ്റെട്ട് നിലകളും 443 മീറ്റർ ഉയരവുമുള്ള സിയേഴ്‌സ്  ടവർ  അതേപേരിലുള്ള ബിസിനസ് ഗ്രൂപ് നിർമ്മിച്ചതാണ്.   ചിക്കാഗോ ടവറിന്റെ ഉടമകൾ മാറി. ഇപ്പോൾ വില്ലീസ് ടവർ എന്നാണതിന്റെ പേര്.  

ലിഫ്റ്റുകളിൽ ഒന്ന്  സൂപ്പർ സ്പീഡിൽ പോകുന്ന എക്സ്പ്രസ് ലിഫ്റ്റ്ആണ്. മകുടത്തിൽ റെസ്റ്റോറന്റും നഗരം നോക്കിക്കാണാനുള്ള സംവിധാനങ്ങളുമുണ്ട്. ഒറ്റവാക്കിൽ ആ ആകാശക്കാഴ്ചകൾ എന്നെ അമ്പരപ്പിച്ചു എന്ന്  പറഞ്ഞാൽ മതി.

വർഷങ്ങൾ കഴിഞ്ഞു 2001 സെപ്റ്റംബർ ഒന്നിന് ഞങ്ങളുടെ മകൻ അതിലൊരു നിലയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ന്യുയോർക്കിൽ അൽഖൈദ  ആക്രമണം ഉണ്ടാകുന്നത്.  കെട്ടിടം ഇടിച്ച് പൊളിക്കാൻ അത്തരമൊരു വിമാനം വരുന്നതായി ഭയന്ന് സിയേഴ്‌സിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി മകൻ വിളിച്ചു  പറഞ്ഞു. പക്ഷെ അതുണ്ടായില്ല.  

ലോകത്തിലെ  സൂപ്പർ ടവറുകളിൽ കയറാനുള്ള എന്റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. അങ്ങിനെയാണ് ടോറന്റോയിലെ സിഎൻ, ക്വലാലംപൂരിലെ പെട്രോണാസ് എന്നിവ കാണാനും വിസ്മയിക്കാനും ഇടയായത്. ചൈനയിലും തെയ്‌വാനിലും ദുബൈയിലും പോയെങ്കിലും അവിടങ്ങളിലെ ആകാശചുംബികൾ കാണാൻ കഴിഞ്ഞില്ല, പക്ഷെ കേട്ടറിഞ്ഞു, വീഡിയോകൾ കണ്ടു.

 "കേട്ട പാട്ടുകൾ മധുരം, പക്ഷെ  കേൾക്കാത്ത പാട്ടുകൾ കൂടുതൽ മധുരം" ("ഹേർഡ്   മെലഡീസ് ആർ സ്വീറ്റ് ബട്ട് ദോസ് അൺഹേർഡ് ആർ സ്വീറ്റർ") എന്നെഴുതിയത് ജോൺ കീറ്റ്‌സ് ആണ്. 'ഓഡ് ടു എ ഗ്രീഷ്യൻ ഏൺ' എന്ന ഭാവഗീതത്തിൽ.  

ബുർജ് ദുബൈ  (ദുബൈ ടവർ) എന്ന് വിളിക്കുന്ന ബുർജ് ഖലീഫ (ഖലീഫ എന്നാൽ പ്രമാണി, ഒന്നാമൻ, രാജാവ്)  ഞാൻ ആദ്യംകാണുന്നതു ടോം ക്രൂസ് അഭിനയിച്ച 'മിഷൻ ഇമ്പോസിബിൾ ഗോസ്റ് പ്രോട്ടോക്കോൾ' എന്ന ചിത്രത്തിലാണ്. ലോകത്തിൽ ഏറ്റവും ഉയരമുള്ള ടവറിന്റെ ഏകദേശം ഇരട്ടി പൊക്കമുള്ള ഈ ആകാശകൊട്ടാരത്തിനു 828 മീറ്റർ ഉയരം, 160  നിലകൾ. നാലുദിവസം  ക്രൂസ് ഷൂട്ടിന് ഉണ്ടായിരുന്നു അദ്ദേഹം തന്നെ നിർമിച്ച ചിത്രം. അതിന്റെ ആഗോള പ്രദർശനം  അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ബുർജ് ഖലീഫയിൽ വച്ച്  2011 ൽ നടന്നു.

വിക്കിപീഡിയയുടെ 2021 ലെ കണക്കനുസരിച്ച് 35 ലക്ഷം ഗൾഫ് മലയാളികളിൽ ഏറ്റവും കൂടുതൽ പേർ ഏഴ് ഷെയ്ക്കുമാർ ഭരിക്കുന്ന യുഎഇയിൽ ഉണ്ട്--7,73, 624 പേർ. ഒരിറ്റു പെട്രോളിയം പോലുമില്ലാത്ത ദുബായ്  ലോകത്തിൽ കുതിച്ചുയരാൻ വെമ്പുന്നതിന്റെ തെളിവുകളിൽ  ഒന്നാണ് പത്തു വർഷം മുമ്പ് പണിത ബുർജ് ഖലീഫ.  

സഞ്ചാരികളെ ആകർഷിക്കാൻ അവർ ആണ്ടോടാണ്ട് നടത്തുന്ന ദുബായ് ഫെസ്റ്റിവലിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. നികുതികുറച്ച് സ്വർണം ഉൾപ്പെടെയുള്ള  ആഡംബര വസ്തുക്കൾ വാങ്ങാൻ സാധിക്കുമെന്ന് പെരുമ്പറകൊട്ടി, ഒന്നോ രണ്ടോ വർഷം കൊണ്ട് സിംഗപ്പൂരിനെ കടത്തിവെട്ടാൻ അവർക്കു കഴിഞ്ഞു. 1.5 ബില്യൺ (1500 കോടി ഡോളർ, 1,12,500 കോടി രൂപ)  മുതൽ മുടക്കുള്ള ബുർജ് ഖലീഫയാണ്   രണ്ടാമത്തെ ആകർഷണം. ദുബായ് മെട്രോ മൂന്നാമത്തേത്. കോടികൾ സമ്മാനമുള്ള ലോട്ടറി, പണമുള്ളവർക്കും കലാകാരന്മാർക്കും നൽകുന്ന ഗോൾഡൻ വിസ  എന്നിവ പുതിയ സമ്മാനങ്ങൾ. .

മൊത്തം 90 കിമീ ദൈർഘ്യമുള്ള ദുബായ് മെട്രോക്കു റെഡ്, ഗ്രീൻ ഇനീ രണ്ടു ലൈനുകൾ ഉണ്ട്. ഉദ്‌ഘാടനം നടന്നിട്ടു പത്തു വർഷമായി. രണ്ടിലും ഒന്നിനു പിറകെ ഒന്നായി ഡ്രൈവർ ഇല്ലാത്ത ട്രെയിനുകൾ ഓടുന്നു. റഷീദിയ മുതൽ ജബർ അലി വരെ 52 കിമീ റെഡ് ലൈൻ . ദെയ്‌റ മുതൽ ദുബൈ  ക്രീക്ക് വരെ  22 .5 കിമീ  ഗ്രീൻ ലൈൻ. യൂണിയൻ, ബുർ ജുമാൻ എന്നീ സ്റ്റേഷനുകളിൽ  ലൈനുകൾ സംഗമിക്കും. റെഡ്‌ലൈനിൽ  പോയാൽ പതിനഞ്ചാം സ്റ്റേഷനാണ് ബുർജ് ഖലീഫ.

ബുർജ് ഖലീഫ മാത്രം എടുത്താൽ രണ്ടര  ചതുരശ്ര കിമീ വിസ്തൃതിക്കുള്ളിൽ ഒരു അത്ഭുത നഗരം തന്നെ. ശില്പി ആഡ്രിയൻ സ്മിത്ത്. മാളുകൾ,  റസ്റ്റോറന്റുകൾ,  അപ്പാർട്മെന്റുകൾ, ജിം, സ്വിമ്മിങ് പൂളുകൾ തുടങ്ങിയവയുടെ സമുച്ചയം.  ഒരുലക്ഷം ആനകളുടെ  ഭാരം , 2909 സ്റ്റെയറുകൾ, 24,348  ജനാലകൾ, ലോകത്തിൽ ഏറ്റവും ഉയരത്തിൽ ഭക്ഷണ ശാല, മണിക്കൂറിൽ 35 കിമീ സ്പീഡുള്ള എലിവേറ്ററുകൾ,  12,000 പേർ  220 ലക്ഷം മണിക്കൂർ അദ്ധ്വാനിച്ച് പടുർത്തുയർത്തിയത്.

ഇറ്റാലിയൻ കമ്പനി അർമാനി നടത്തുന്ന ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് ഇതിൽ പ്രവർത്തിക്കുന്നു. ആദ്യത്തെ എട്ടുനില അവരുടേതാണ്. 16 നിലവരെ വരെ അവരുടെ റെസിഡൻഷ്യൽ ഫ്‌ളാറ്റുകൾ. ആകെ ആയിരം ആഡംബര അപ്പാർട്മെന്റുകൾ ഉണ്ട്. 1, 2, 3, 4 ബെഡ്‌റൂം ഉള്ള  അപ്പാർട്മെന്റുകളിൽ ഒന്ന് മോഹൻ ലാലിന്റേതാണ്. മറ്റൊന്ന് ശില്പാഷെട്ടിയുടേത്.  ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടുന്ന മറ്റൊരു മലയാളിയുണ്ട്-- ബിസിനസുകാരൻ ജോർജ് വി നേരേപ്പറമ്പിൽ.

തൃശൂർ പീച്ചി റോഡിൽ മണ്ണംപേട്ട പരേതനായ വറീതിന്റെ പത്തുമക്കളിൽ ആറു പേരും ദുബായിലാണ്.  അപ്പന്റെ പലചരക്കു വ്യാപാരം കണ്ടു പഠിച്ചവർ.1976 ൽ ആദ്യം പോയത് മൂത്തയാൾ ജോർജ്. അദ്ദേഹം അവിടെ ജിയോ ഗ്രൂപ് എന്ന പേരിൽ ഒരു വ്യാപാരസാമ്രാജ്യം കെട്ടിപ്പടുത്തു. ഭാര്യ മോളി, മകൻ ജിയോൺ, പെണ്മക്കൾ ജെനി, ജെമിഎന്നിവർ ബിസിനസിൽ സഹായിക്കുന്നു.

 "നിങ്ങൾക്കൊന്നും അവിടെ കയറിപ്പറ്റാൻ പറ്റില്ല," എന്ന ഒരുസുഹൃത്തിന്റെ പരിഹാസമാണ് അപ്പാർട്ട് മെന്റുകൾ വാങ്ങിക്കൂട്ടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജോർജ് ഒരഭിമുഖത്തിൽ പറഞ്ഞു. ഇൻവെസ്റ്റ്മെന്റ്  ലാഭമായി. ഒരെണ്ണം മറിച്ചു വിറ്റപ്പോൾ ഒന്നര ഇരട്ടി  കിട്ടി. ബുർജ് ഖലീഫയിൽ ച,അടിക്കു 38,000  രൂപ വിലയാണ്. പക്ഷെ മുംബൈയിൽ പൃഥ്വിരാജ് റോഡിൽ ഇരട്ടിവിലയുണ്ട് --ഒരടിക്കു 60,000 രൂപ വരെ. ന്യുയോർക്കിൽ സെൻട്രൽ പാർക്കിനടുത്ത് മൂന്ന് തട്ടുള്ള ഫ്ലാറ്റ് കഴിഞ്ഞ ദിവസം വിറ്റത് 60 മില്യൺ  ഡോളറിന്.

കൊച്ചി വിമാനത്തവാളത്തിൽ ഓഹരി പങ്കാളിത്തമുള്ള ജോർജിന് തൃശൂരിൽ 'ജോർജേട്ടൻസ് രാഗം' സിനിമ എന്ന തീയേറ്ററും  ഉണ്ട്. അനുജൻ ജോയി തൃശൂരിൽ ജോയ്‌സ് പാലസ് എന്ന ഹോട്ടലും പൂവാർ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ റിസോർട്ടുകളും നടത്തുന്നു.

"ലോകത്തെ ഏറ്റവും വലിയ അംബരചുംബിയായ ബുർജ് ഖലീഫയുടെ ഉള്ളിലിരുന്ന് അമ്പരക്കുമ്പോൾ അതിനെ അംബരപ്പ് എന്നു വിളിച്ചാൽ തെറ്റാകുമോ?" എന്ന് ചോദിക്കുന്നു ടവറിന്റെ 59 ആം നിലയിൽ ഒരു രാത്രി കഴിഞ്ഞ മനോരമയുടെ പ്രശസ്‌തനായ  തൃശൂർ ലേഖകൻ സന്തോഷ് ജോൺ തൂവൽ.
 
"2015 ൽ ദുബായ് ടൂറിസം മിനിസ്ട്രിയുടെ മാധ്യമപുരസ്കാരം വാങ്ങാൻ  എത്തിയാണ് ഞാൻ.  ബുർജ് ഖലീഫയിലായിരുന്നു ചടങ്ങ്. ദുബായ് ഭരണാധികാരിയിൽ നിന്ന് അവാർഡ് വാങ്ങിയശേഷം ബുർജ് ഖലീഫയുടെ വിസിറ്റിങ് ഏരിയയിൽ വിശ്രമിക്കുന്നു.

"മുൻപിലുള്ള ടേബിളിൽ ബുർജ് ഖലീഫയുടെ വിശദാംശങ്ങൾ എഴുതിയ ടേബിൾ ടോപ്പ് പുസ്തകം. അത് കയ്യിലെടുത്തതേ കണ്ണിലുടക്കിയത് കവർ പേജിലെ ചിത്രമാണ്. ഇത് ഒരു മലയാളി ആവുമെന്നു തോന്നി. ശരിയാണ്: ജോർജ് വി. നെരേപ്പറമ്പിൽ എന്ന നാട്ടുകാരൻ.

"റിസപ്ഷനിൽ അന്വേഷിച്ചപ്പോഴാണറിയുന്നത്  ബുർജ് ഖലീഫയിൽ ഏറ്റവും കൂടുതൽ ഫ്ളാറ്റുകൾ ഉള്ളത് ഈ മലയാളിക്കാണ് – 22 എണ്ണം! ഞാൻ ‘അംബര’ന്നു പോയ നിമിഷം. അദ്ദേഹവുമായി ബന്ധപ്പെട്ടു..

"പത്തു മിനിറ്റിനകം ഒരാൾ എന്നെ . 59–ാം നിലയിലെ ഫ്ളാറ്റിലേക്ക് കൂട്ടികൊണ്ടു പോയി.  മടങ്ങുന്നതുവരെ അവിടെ താമസിക്കാൻ ജോർജേട്ടൻ എന്നെ  ക്ഷിണിച്ചിരിക്കുന്നു. അവിടെ നിന്നാൽ ദുബായ് മുഴുവൻ കാണാം. വൈകിട്ട് ഏഴിന് അലാം കേൾക്കുമ്പോൾ ചില്ലു ജാലകത്തിലൂടെ താഴേക്കു നോക്കിയാൽ വാട്ടർ ഫൗണ്ടൻ ഡാൻസും കാണാം.

"ഫ്രിജിൽ വൈൻ ഇരിപ്പുണ്ട്. മുട്ടയുണ്ട്, കൊച്ചടുക്കളയിൽ ഓംലൈറ്റ് അടിച്ച്, വൈൻ രുചിച്ച് ചില്ലുജാലകത്തോടു ചേർന്ന കസേരയിൽ ഇരുന്ന് ഞാൻ ചിന്തിച്ചു. ഒരു മലയാളി എങ്ങനെ ഇത്ര ഉയരത്തിൽ എത്തി? തൃശൂറിലേ  'ജോർജേട്ടൻസ് രാഗം' തിയറ്ററിന്റെ ഉടമയാണ്. അദ്ദേഹം.  ദുബായ് മെട്രോയുടെ എയർണ്ടീഷനിങ് കരാർ എടുത്തിരിക്കുന്ന ജിയോ കമ്പനിയുടെ ഉടമ.

"വൈകിട്ട് അദ്ദേഹം ഫ്ളാറ്റിൽ എന്നെ അന്വേഷിച്ചെത്തി. പരിചയപ്പെട്ടു. ദുബായ് ഷെയ്ക്കിന്റെ കയ്യിൽ നിന്നു കിട്ടിയ ഫലകം കയ്യിലെടുത്തുപിടിച്ച് അദ്ദേഹം ഒരു ഫോട്ടോയുമെടുത്തു. എന്നിട്ട് പറഞ്ഞു. ദാ ഈ ടവറിൽ  എനിക്ക്  ഏതൊക്കെ നിലയിൽ ഏതൊക്കെ ഫ്ളാറ്റുകൾ എന്നു ഞാൻ കാണാപ്പാഠം പറയാം. എണ്ണിക്കോ.

"താഴത്തെ നിലയിൽ നിന്നാണു തുടങ്ങിയതെന്നാണോർമ.ഞങ്ങളിരിക്കുന്ന 59–ാം നിലയിലെ ഫ്ലാറ്റും കടന്ന് അദ്ദേഹത്തിന്റെ കൃത്യമായ ഓർമ മുകളിലേക്കു പോയി. നൂറിനോടടുത്ത ഏതോ സംഖ്യയിൽ അവസാനിച്ചു.‘അംബര’ക്കാതിരിക്കുന്നതെങ്ങിനെ?"

ആ സംഖ്യ വീണ്ടും മുകളിലേക്ക് പോയിട്ടുണ്ടാവുമെന്നു ഉറപ്പാണ്.
9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍,  ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക