Image

ആമോദിനി എന്ന ഞാൻ: പുഷ്പമ്മ ചാണ്ടി- നോവൽ- 13

Published on 11 September, 2021
ആമോദിനി എന്ന ഞാൻ:  പുഷ്പമ്മ ചാണ്ടി- നോവൽ- 13
ഞായറാഴ്ച  ഉച്ചഭക്ഷണത്തിനു വേണ്ടതൊക്കെ തയ്യാറാക്കി , അൻപ് സഹായിച്ചതിനാൽ ജോലി എല്ലാം വേഗം കഴിഞ്ഞു . ഇനി പപ്പടം കൂടി കാച്ചിയാൽ മതി . അപർണയും  വേഗം തന്നെ എത്തി. മുത്തുകൾ പതിച്ച
ഇളംപച്ച സാരിയിലും  റ്റർറ്റൽ ( turtle ) നെക്ക് ബ്ലൗസിലും അവൾ അതീവ സുന്ദരിയായി കാണപ്പെട്ടു . അടുത്ത കാലത്തെങ്ങും ഇങ്ങനെ അണിഞ്ഞൊരുങ്ങി കണ്ടിട്ടില്ല . ചെറുതായി നര കയറിയെങ്കിലും  മെടഞ്ഞിട്ട തലമുടിയിൽ കുറച്ചു പൂവുകൂടി ഉണ്ടായിരുന്നെങ്കിൽ അപർണ കൂടുതൽ സുന്ദരിയായേനെ എന്ന് തോന്നി . 
അടുക്കളയിൽ വന്ന് , ഓരോ പാത്രവും മൂടി തുറന്ന് അവൾ ഭക്ഷണത്തിന്റെ ഗന്ധം ആസ്വദിക്കുന്നതു കണ്ടപ്പോൾ അപർണയൊരു ചെറിയ പെൺകുട്ടിയെ പോലെ കാണപ്പെട്ടു . നക്ഷത്രങ്ങളുടെ പൂമഞ്ചലിൽ നിലാത്തോണിയിലേറി വന്ന മാലാഖയെപ്പോലെ .
അപർണ ഒരു കാര്യം പറഞ്ഞാൽ പിണങ്ങുമോ ?
കാര്യം കേട്ടിട്ട് പറയാം .
ഞാൻ ഉച്ചയൂണിനു വർമ്മാജിയെ കൂടെ വിളിച്ചിട്ടുണ്ട്.
അതിനെന്താ , നല്ലതല്ലേ .
അയാളെ പരിചയപ്പെടാമല്ലോ.
നിഗൂഢമായി ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .
തമ്മിൽ കണ്ടിട്ട് തന്റെ മനസ്സിൽ ഉള്ളത് പറയാം .
കുറച്ചു നേരത്തിനകം തനി കേരളാ വേഷത്തിൽ വർമ്മാജി എത്തി . അന്ന് അദ്ദേഹത്തെ വീട്ടിൽ വെച്ച് കണ്ടപ്പോഴത്തെ വേഷം .
അപർണയെ പരിചയപ്പെടുത്തിയ ശേഷം ആമോദിനി അൻപുവല്ലിയെ സഹായിക്കാൻ അടുക്കളയിലേക്കു പോയി.
സ്വീകരണമുറിയിൽ നിന്നും അപർണ യുടെയും വർമ്മാജിയുടെയും  ഉറക്കെയുള്ള ചിരി കേട്ടു .
വേനലിൽ പൂത്തു  , മണ്ണിൽ നിറയെ ചുവപ്പു നിറം പകർത്തി ,   ഗുൽമോഹർ  മാത്രമുള്ളൊരു നടപ്പാതയിലേക്കു  കൂട്ടികൊണ്ടുപോയി , അവരോട്
നിങ്ങൾക്ക് ഒന്നായിക്കൂടെ എന്ന് ചോദിയ്ക്കാൻ തോന്നി . വർമ്മാജി ,
തന്റെ ഈ വീട്ടിലേക്ക് ആദ്യമായി വന്ന അതിഥി.
ഇലയിൽ ആമോദിനി ഭക്ഷണം വിളമ്പി . തമാശകൾ പറഞ്ഞു .
ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന വർമ്മാജിയെ കണ്ടപ്പോൾ സന്തോഷം തോന്നി .
അപർണ അയാളെ നീണ്ട വർഷങ്ങൾ ക്കൂടി കണ്ട ഒരു സുഹൃത്തിനോടെന്നപോലെ ഇടപഴുകുന്നതായി  തോന്നി .
പിന്നെയും പായസം ചോദിച്ചു വാങ്ങി അദ്ദേഹം കഴിച്ചു .
ബാങ്കർക്ക് , പാചകം ഇത്രയും വഴങ്ങും എന്ന് കരുതിയില്ല.
വർമ്മാജി, ആമോദിനിയെപ്പറ്റി എന്താ കരുതിയത് , ഇവൾ ഒരു സംഭവം ആണ് .. അപർണ പറഞ്ഞു 
അതെനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി . അയാൾ ഉറക്കെ ചിരിച്ചു . 
ഊണിനു ശേഷം  അൻപുവല്ലിയെയും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു. ബാക്കി പായസവും കറികളും  അവളുടെ കുട്ടികൾക്കായി കൊടുത്തുവിട്ടു. വൈകിട്ട് വരാം എന്ന് പറഞ്ഞ് അവൾ യാത്രയായപ്പോൾ  അപർണയുടെ സംഗീതം ഇമ്പമഴയായ് പെയ്തുകേട്ടു .സ്വപ്ന വർണ്ണത്തേരിലേറി വിഹായസ്സിന്നനന്തയിലേക്കൊരു യാത്ര പോലെ .
താളംപിടിച്ച്  വർമ്മാജി തൻ്റെ കണ്ണുകൾ അടച്ച് ആ സംഗീതമഴ ആസ്വദിക്കുകയായിരുന്നു .

മല്ലികാവസന്തം വിരുന്നിനെത്തി
ചില്ലകൾ പൂക്കണിയൊരുക്കി
നീ നീ നിനിനീ.. സനിധപമാഗ
സഗ ഗമ സഗ ഗമ
ഗമപ മപനി പനിസ നിസഗ
സഗമപ മഗഗരി രിസസനി നിധധപ
ഗമപനിസ ഗമപനിസ ഗമപനിസ

പാട്ടു തീർന്നപ്പോൾ വർമ്മാജി ചോദിച്ചു.
ഇത് മായാമാളവ ഗൗള രാഗം അല്ലെ ?
അപർണ അക്ഷരാർത്ഥത്തിൽ ഞെട്ടി 
പാട്ടു പഠിച്ചിട്ടുണ്ടോ ? ഇത്ര കൃത്യമായി ... അപർണ അത്ഭുതപ്പെട്ട് വർമ്മാജിയെ നോക്കി.
പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ , കുറച്ചു കാലം , ഒരു പത്തു വർഷം .
ജീവിതത്തിന്റെ സംഗീതം നിലച്ചു . എന്നാലും രാഗങ്ങൾ മറന്നിട്ടില്ല .

പിന്നെ കുറച്ചു നേരത്തേക്ക് അവിടം ഒരു സംഗീത സാമ്രാജ്യം മാത്രമായി .
രണ്ടുപേരും മാറിമാറി പാടി , മതിമറന്നു പാടി .

അവരെ നോക്കിയിരുന്നപ്പോൾ കിനാവുകൾ പടർത്തി 
ഹൃദയതീരങ്ങളിൽ പൂത്തും മിന്നിയും അവർ ഒന്നാകുന്നത് സ്വപനം കണ്ടു .

വൈകുനേരം പോകാൻ ഇറങ്ങിയപ്പോൾ  രണ്ടു കൈകളും തൻ്റെ നെഞ്ചോടു ചേർത്ത് വർമ്മാജി ആമോദിനിക്ക് നന്ദി പറഞ്ഞു.
വളരെ വർഷങ്ങൾക്കു ശേഷം , ഞാൻ പാടി .. ജീവിക്കുകയാണെന്നു തോന്നിയ നിമിഷങ്ങൾ .
ഒരു പാട് നന്ദിയുണ്ട് .
നല്ല സ്വാദുള്ള ഭക്ഷണത്തിന് ..
ഈ പാട്ടുകാരിയെക്കൂടെ വിളിക്കാൻ തോന്നിയതിന് , നല്ല കുറെ നിമിഷങ്ങൾക്ക് .. മറക്കില്ല ഈ ദിവസം ..
വർമ്മാജി അപർണയെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ , ബുദ്ധിമുട്ട് ആകുകയില്ലെങ്കിൽ .
എന്ത് ബുദ്ധിമുട്ട് , ഇത് ഒരു സന്തോഷം അല്ലെ . ഇത്ര വലിയ ഒരു പാട്ടുകാരിയെ ഒപ്പം ഇരുത്തി വീട്ടിൽ കൊണ്ടുവിടുക എന്ന് പറയുന്നത് .

അവർ രണ്ടുപേരും ഒന്നിച്ചു പോകുമ്പോൾ  ആമോദിനി പ്രാർത്ഥിച്ചു .
ഈ യാത്ര  ഇങ്ങനെ തന്നെ തുടരാൻ സാധിക്കട്ടെ . എന്നത്തേക്കും, 
കൂട്ടിമുട്ടുവാൻ സാധ്യതയില്ലാത്ത രണ്ട് സമാന്തരധ്രുവങ്ങളിലൂടെ യാത്ര ചെയ്തു വന്നവർ ഒന്നാകട്ടെ .

അവർ പോയ ശേഷം വെറുതെ ഒന്ന് കിടന്നതാണ് . ഉറങ്ങിപ്പോയി .  ഫോണിൽ മൗസു വിളിക്കുന്നത് കേട്ടാണ് ഉണർന്നത് .
ഏഴു മണി കഴിഞ്ഞിരിക്കുന്നു . തൻ്റെ ശബ്ദം കേട്ടിട്ട് , അൻപ് കാപ്പി കൊണ്ടുത്തന്നു ..
അമ്മയെന്താ ഉറങ്ങുകയായിരുന്നോ ?
അതെ അപർണ ആന്റി വന്നിരുന്നു . അവൾ പോയപ്പോൾ വെറുതെ ഒന്നു കിടന്നതാണ് . ഉറങ്ങിപ്പോയി .
ഞാനും അച്ഛനും ഒരു മൂവി കണ്ടു . അച്ഛൻ ഡിന്നർ കുക്ക് ചെയ്യുന്നു .
നിനക്കെന്താ അച്ഛനെ സഹായിച്ചാൽ .
ചെയ്യുന്നുണ്ട് , പാത്രം ഒക്കെ ഞാനാണ് കഴുകുന്നത് .
അവൾ എന്തൊക്കെയോ സംസാരിച്ചു .
മൗസൂ ഫോൺ വെച്ചപ്പോൾ എന്തോ അത്ര വിഷമം തോന്നിയില്ല .
തൻ്റെ ഏകാന്തവാസം  ശീലമാകുകയാണോ ? അറിയില്ല .
 
വൈകുന്നേരം   അൻപുകൂടി പോയപ്പോൾ മൗനത്തിന്റെ മിഴികളിൽ  മെല്ലെ നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ നേരം .
അപർണ വീട്ടിലെ പണികൾ ഫോൺ വിളിച്ചു . വീട്ടിലെ പണികളൊക്കെ ഒരുക്കാനുണ്ടായിരുന്നു അവൾക്ക്.
ഇന്നൊരു നല്ല ദിനം ആയിരിന്നു എന്ന് അപർണയും പറഞ്ഞു . സംഭാഷണം വർമ്മാജിയിലേക്കു തിരിഞ്ഞു .
ആളു കാണുന്ന പോലെയല്ല ഒരു രസികനാണ് ..
ആമോദിനിയും അത് ശരിവെച്ചു.
അപർണ വാ തോരാതെ അയാളെ പറ്റി സംസാരിച്ചു . അയാൾ അവളുടെ വീട്ടിൽ കയറി, അമ്മയെ കണ്ടു  കാപ്പിയും കുടിച്ചിട്ടാണ് പോയത്പോലും .
വർഷങ്ങൾക്കു ശേഷമാണ് പരിചയമില്ലാത്ത ഒരാൾ അമ്മയുടെ മുറിയിൽ കയറുന്നത്.അമ്മ പക്ഷെ അപരിചതത്വം കാണിച്ചില്ല .
മുഖം പ്രസന്നമായിരുന്നു . കസേര വലിച്ചിട്ട് അടുത്തിരുന്ന് , അയാൾ അമ്മയോട് എന്തൊക്കെയോ പറഞ്ഞു പോലും . പ്രത്യേകിച്ച് 
അമ്മ ഒരു ഭാഗ്യവതി ആണെന്ന് ... ഇങ്ങനെ ഒരു മകളെ കിട്ടാൻ പുണ്യം ചെയ്യണം പോലും .
സംഭാഷണത്തിന്റെ അവസാനം ആമോദിനി പറഞ്ഞു 
വർമ്മാജിക്കു നീയാണ് ചേർന്ന തുണ, ഇണ ...
അതുകേട്ട് ഒരു നിമിഷത്തെ മൗനത്തിനു ശേഷം അപർണ പറഞ്ഞു .
അതിന് അയാൾക്ക്കൂടെ എന്നെ ഇഷ്ടമാകേണ്ടേ ?"
അയാൾക്ക്‌ ഇഷ്ടമായാൽ ?
എനിക്ക് അറിഞ്ഞുകൂടാ ...
ആ വാചകത്തിൽ നിന്നും , വർമ്മാജി അവളുടെ  മനസ്സിനെ സ്വാധീനിച്ചപോലെ തോന്നി .
ചിലപ്പോൾ നിമിഷങ്ങൾ മതി ഒരാളോട് ഒരു അടുപ്പം തോന്നാൻ , ഇഷ്ടം തോന്നാൻ.. മുജ്ജന്മ ബന്ധങ്ങൾ അങ്ങനെയാണ് .സ്നേഹമെന്നത് ഒരനുഭവമാണ്...
വിലമതിയ്ക്കാനാകാത്ത ഒരു സമ്മാനവുമാണ് .. സ്നേഹം, അത് എപ്പോൾ ആരോട് തോന്നും എന്നറിയില്ല .
തന്നെക്കാൾ അവര് രണ്ടുപേരും ആണ് ചേരാൻ പറ്റിയവർ . 
താനോ ഏതോ വേനലിൽ കരിഞ്ഞ ഇലകൾ മാത്രമുള്ള ഒരു മരം പോലെ ..
പ്രണയകാലത്ത്‌ കോറിയിട്ട മുറിവുകൾ ഉണങ്ങാതെ , ഭാവിയെക്കുറിച്ച്  ഒന്നിനും മറുപടി ഇല്ലാതെ ചോദ്യങ്ങൾ വീണ്ടും  ചോദിച്ച്, പാടിത്തീരാത്ത പാട്ടുകളിൽ
ഇന്നലകളെ തിരയുന്ന  ഹതഭാഗ്യ.
ആമോദിനി ഹൃദയം നിറഞ്ഞ വിഷാദത്തോടെ തനിയെ പുഞ്ചിരിച്ചു..

         തുടരും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക