Image

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

Published on 11 September, 2021
ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

9-11-2001 മങ്ങിയ ഓർമ്മയായി മാറിയിരിക്കാം, എന്നാൽ അമേരിക്കയെ നടുക്കിയ ആ ഭീകരത ഉള്ളിൽ ഇപ്പോഴും നിറഞ്ഞുനിൽപ്പുണ്ട്. ന്യു യോർക്കിൽ  രണ്ട് കെട്ടിടങ്ങൾ വീണു, ലോകം മാറി മറിഞ്ഞു.

ശാന്തസുന്ദരമായ അന്തരീക്ഷമായിരുന്നു അന്ന്. തെളിഞ്ഞ ആകാശം. ഇളയ മകൻ സ്റ്റീവനെ മൻഹാട്ടനിലെ യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ സ്കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഞാൻ. അവനെ സ്‌കൂളിലാക്കി, യു.എൻ. ഗരജിൽ കാർ പാർക്ക് ചെയ്തശേഷം, പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ പങ്കുചേർന്നു.

 സെപ്റ്റംബർ മൂന്നാം വാരം ജനറൽ അസംബ്ലി ആരംഭിക്കുന്നതിന് മുൻപായി ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞർക്കായി നടത്തുന്ന വാർഷിക പരിപാടിയാണത്. ചുറ്റുമുള്ള അനീതിയും തിന്മയും കണ്ട് പിന്മാറരുതെന്നും ദൈവിക സഹായത്തോടെ ധൈര്യത്തോടെയും ആത്മാർത്ഥതയോടെയും അതിനെ നേരിടണം എന്നുമുള്ള വ്യക്തമായ സന്ദേശമായിരുന്നു പ്രെയർ ബ്രേക്ക്ഫാസ്റ്റിനിടെ പകർന്നുകിട്ടിയത്. 

തിരിഞ്ഞുനോക്കുമ്പോൾ നന്മയുടെ ഈ സന്ദേശം പകർന്നിരുന്ന അതേ നേരത്തു  തന്നെ, മറുവശത്ത്  ആ  ദുഷ്ടന്മാർ ആളുകളുടെ ജീവൻ എടുക്കാനും  ഒരു ജനതയെ  നിശ്ചലമാക്കാനുമുള്ള പദ്ധതിയിൽ ഏർപ്പെട്ടിരിക്കുക ആയിരുന്നല്ലോ എന്നകാര്യം സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല.

ഓഫീസിലേക്കുള്ള കോണിപ്പടികൾ കയറുമ്പോൾ തന്നെ ചുറ്റും പരിചിതമല്ലാത്തൊരു  നിശബ്ദത എനിക്ക് അനുഭവപ്പെട്ടിരുന്നു.  വിജനമായിരുന്നു അവിടം; ആരെയും കാണുന്നില്ല. ഒടുവിൽ, ഞാൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്തെത്തി. എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചു. നിഗൂഢമായ ഒരു ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്.

"വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടത് നിങ്ങൾ അറിഞ്ഞില്ലേ?  ഐക്യരാഷ്ട്രസഭയുടെ കെട്ടിടം ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞു " അദ്ദേഹം പറഞ്ഞു.

ടവർ 1 കത്തിയമരുന്നതിന്റെ  തത്സമയ ദൃശ്യങ്ങൾ  ടിവി മോണിറ്ററിൽ കാണുന്നതുവരെ സാഹചര്യത്തിന്റെ ഗൗരവം എനിക്ക്  മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ഭയവും അനിശ്ചിതത്വവും വളരെവേഗം ഞാനും തൊട്ടറിഞ്ഞു.

ഞാൻ എന്റെ ഓഫീസിലേക്ക് ഓടിക്കയറുമ്പോൾ മറ്റു ജീവനക്കാരെല്ലാം  തന്നെ കെട്ടിടം വിട്ടുപോയി എന്ന് തിരിച്ചറിഞ്ഞു. യുഎൻ സെക്രട്ടേറിയറ്റ് കെട്ടിടം ഭീകരാക്രമണ സാധ്യതയുള്ള ഒന്നായതിനാൽ , സുരക്ഷാ മുൻകരുതൽ നടപടിയായി ജീവനക്കാരെ  ഒഴിപ്പിക്കാൻ ഉത്തരവിട്ടതാകാം. ഞാൻ സ്കൂളിലാക്കിയ മകൻ സ്റ്റീവന്റെ അവസ്ഥ എന്തായിരിക്കും എന്നായി പിന്നീടുള്ള ചിന്ത. ഉടൻ തന്നെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ഫോണിൽ ബന്ധപ്പെടാൻ  ശ്രമിച്ചു, ഒരു പ്രതികരണവും ഉണ്ടായില്ല. യു.എൻ. സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ നിന്ന് ഫസ്റ്റ് അവന്യൂവിലേക്ക് പുറപ്പെടുമ്പോൾ, ഫയർ ട്രക്കുകളുടെയും ആംബുലൻസുകളുടെയും സൈറൺ മാത്രമാണ് കാതുകളിൽ മുഴങ്ങിയത്.

മൻഹാട്ടനിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതം  പോലീസ് തടഞ്ഞതോടെ കുടുങ്ങിക്കിടന്ന വാഹനങ്ങൾ കണ്ട്  കിഴക്കൻ മേഖലയിൽ ജനജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചതായി എനിക്ക് തോന്നി. 
ഏകദേശം 20 ബ്ലോക്കുകൾ ഓടിത്തളർന്നാണ് മകന്റെ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞത്. കെട്ടിടം ഒഴിപ്പിച്ചതായും വിദ്യാർത്ഥികളെ വീടുകളിലേക്ക് അയച്ചതായും അവിടെനിന്ന് അറിഞ്ഞു. 

മാതാപിതാക്കളോ രക്ഷിതാക്കളോ വരുന്നതും കാത്ത് സ്കൂളിന് മുന്നിൽ പ്രതീക്ഷയോടെ നിൽക്കുന്ന ഏതാനും  വിദ്യാർത്ഥികളെ ഞാൻ കണ്ടു.   സ്റ്റീവനെ അന്വേഷിച്ച് സ്കൂൾ കവാടത്തിൽ നിന്ന് പുറത്തുവന്നപ്പോൾ, FDR ഡ്രൈവിന്റെ സൈഡ് റോഡിൽ വടക്കോട്ട് ഒരാൾ നടന്നുപോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ചാരത്തിൽപ്പൊതിഞ്ഞ നിലയിൽ  കാണപ്പെട്ട അയാളോട് ഞാൻ കാര്യം തിരക്കി. അപ്പോഴും അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു. ശബ്ദം പുറത്തുവരാൻ പ്രയാസപ്പെടുന്നതുപോലെ...ട്വിൻ ടവർ തകർന്നപ്പോൾ കെട്ടിടത്തിൽ നിന്നോ പരിസരത്തുനിന്നോ അത്ഭുതകരമായി രക്ഷപ്പെട്ടതാണ് അയാൾ!  

ന്യൂയോർക്ക് സിറ്റിയുടെ ഗാംഭീര്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി തലയെടുപ്പോടെ ഉയർന്നുനിന്ന ഗോപുരങ്ങൾ ഇനിമേൽ ഇല്ലെന്ന സത്യം എനിക്ക് ഉൾക്കൊള്ളാനായില്ല. 1960-കളുടെ അവസാനത്തിൽ ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് എത്തിയ ആദ്യകാല കുടിയേറ്റക്കാരൻ എന്ന നിലയിൽ,ആ ഗോപുരങ്ങളുടെ നിർമ്മാണത്തിന്  സാക്ഷ്യം വഹിക്കുകയും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം  നിരവധി തവണ സന്ദർശിക്കുകയും ചെയ്തതിന്റെ ഒരുപിടി ഓർമ്മകൾ നിമിഷാർദ്ധത്തിൽ മനസ്സിലൂടെ അലയടിച്ചു.

ആ സമയം, ടവറിലെ എല്ലാ ആളുകളെയും  ഒഴിപ്പിച്ചിരുന്നോ എന്നകാര്യം അറിയില്ലായിരുന്നു. ടവർ 2- ന്  മുകളിലുള്ള വിൻഡോസ് ഓൺ ദി വേൾഡ് റെസ്റ്റോറന്റ് എനിക്ക് സുപരിചിതമായ സ്ഥലമായിരുന്നു. അവിടെ നടത്തിയിരുന്ന നിരവധി സാങ്കേതിക കോൺഫറൻസുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അവിടത്തെ സർവീസ് മാനേജരെയും ബംഗ്ലാദേശിൽ നിന്നുള്ള നിരവധി ജീവനക്കാരെയും നേരിട്ടറിയാം. 

താമസിയാതെ മകനുമായി ഞാൻ ബന്ധപ്പെട്ടു. ശശി തരൂരിന്റെ വീട്ടിലായിരുന്നു അവർ. തരൂരിന്റെ മക്കളായ കനിഷ്‌കും  ഇഷാനും സ്റ്റീവന്റെ ക്ലാസ്‌മേറ്റ്സ് ആയിരുന്നു. തുടർന്ന് കാറെടുത്ത് ഞങ്ങൾ ഒരുമിച്ച് മിഡ്‌ടൗൺ ടണൽ  തുറന്ന് കിട്ടാൻ ഒരു മണിക്കൂർ കാത്തിരുന്ന ശേഷം വീട്ടിലെത്തി.

ട്വിൻ ടവറുകൾ തകർന്നതിലൂടെ അമേരിക്കയ്ക്കേറ്റ പ്രഹരത്തിന്റെ ആഴം പൂർണ്ണമായി ഞാൻ മനസ്സിലാക്കിയത് വീട്ടിലെത്തിയതിനുശേഷമാണ്. 200 വർഷത്തിനിടയിൽ  അമേരിക്കൻ  മണ്ണിൽ ഒരിക്കൽപ്പോലും ഇത്ര വലിയ ആക്രമണം നടന്നിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രവും സൈനിക ആസ്ഥാനമായ വാഷിംഗ്ടണും മറുനാട്ടിൽ നിന്നെത്തിയ ചെറിയൊരു സംഘം  ആക്രമിച്ചത് വല്ലാത്ത നടുക്കമുണ്ടാക്കി.  മലയാളിയായ  വൽസ രാജുവും   നിരവധി ഇന്ത്യൻ കുടിയേറ്റക്കാരും ഉൾപ്പെടെ ഏകദേശം 3000 നിരപരാധികൾക്ക് അന്ന്  ജീവൻ നഷ്ടപ്പെട്ടു.

ആ മഹാദുരന്തത്തിന്റെ പരിണിതഫലമായി അഴിച്ചുവിടപ്പെട്ട അപ്രതീക്ഷിത പ്രത്യാഘാതങ്ങളുടെയും പ്രതികരണങ്ങളുടെയും നീണ്ട പരമ്പരയാണ്   രാജ്യം ഇന്നുവരെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.  ഭീകരതയ്‌ക്കെതിരെ അന്ത്യമില്ലാത്ത പോരാട്ടവും,  പാശ്ചാത്യർക്കിടയിൽ ഉടലെടുത്ത ഇസ്ലാം വിരുദ്ധതയും, യുഎസിന്റെ പ്രതാപത്തിനേറ്റ പതനവും, ഡൊണാൾഡ് ട്രംപിന്റെയും സമാനചിന്താഗതിക്കാരുടെയും ഉദയവും 9 /11 സംഭവത്തിന്റെ  നേരിട്ടോ അല്ലാതെയോ ഉള്ള ഫലങ്ങളാണ്. ആ ഭീകരാക്രമണത്തിന് ശേഷമുള്ള   കാലഘട്ടത്തിലാണ്  ലോകമെമ്പാടും  പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്ന പ്രവണത വ്യാപകമായതെന്ന് നിസ്സംശയം പറയാം.

സർക്കാരുകൾ നടത്തുന്ന പരിധിവിട്ട നിരീക്ഷണത്തെ ന്യായീകരിക്കാനും വിയോജിപ്പുകൾ അടിച്ചമർത്താനും പലരും അതൊരു  മറയായി ഉപയോഗിച്ചു.

ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, അമേരിക്ക അഫ്ഗാനിസ്ഥാൻ   ആക്രമിച്ചു. 9/11 സംഭവം ആസൂത്രണം ചെയ്യുന്നതിനും  നടപ്പിലാക്കുന്നതിനും ഒത്താശ ചെയ്യുകയും  അൽ ഖ്വയ്ദ ഭീകരർക്ക് സുരക്ഷിത താവളം നൽകുകയും ചെയ്ത  താലിബാനെ തുരത്തി. പാകിസ്ഥാനിൽ ഒളിച്ച് കഴിയുകയായിരുന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ  ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം കണ്ടെത്തി വധിക്കുന്നത് 2011ലാണ്. 

ജോർജ്ജ് ഡബ്ല്യു ബുഷിന്റെ നേതൃത്വത്തിലുള്ള വാഷിംഗ്ടണിലെ യുദ്ധക്കൊതിയന്മാർക്ക്, സൈനികവും വ്യാവസായികവുമായ കരുത്ത് ഉത്തേജിപ്പിക്കുന്നതിന് വീണുകിട്ടിയ സുവർണാവസരമായിരുന്നു അത്.

വത്സ രാജുവും കുടുംബവും

വാഷിംഗ്ടണിലെ നിയോകൺസർവേറ്റീവുകളുടെ പ്രേരണകൊണ്ട് അമേരിക്ക ഇറാഖിലും അധിനിവേശം നടത്തി. വേണ്ടത്ര ആസൂത്രണം കൂടാതെയുള്ള എടുത്തുചാട്ടം മൂലമുണ്ടായ താളപ്പിഴകൾ,  ആ മേഖലയെ  അസ്ഥിരപ്പെടുത്തുകയും  ഐസിസിന് ജന്മം നൽകുകയും ചെയ്തു. അതിനെത്തുടർന്നാണ്  ദീർഘകാലത്തേക്കുള്ള  കലാപ വിരുദ്ധ പ്രചാരണത്തിന് തുടക്കമിടുന്നത്. ഐസിസിനെയും ഭീകരവാദത്തെയും ചെറുക്കുക  എന്ന ലക്ഷ്യത്തോടെ  ഏകദേശം 2 ട്രില്യൺ ഡോളർ ചെലവഴിച്ച് ആയിരക്കണക്കിന് അമേരിക്കക്കക്കാരുടെയും  അഫ്ഗാനികളുടെയും  ജീവൻ  ബലിയർപ്പിച്ചു. എന്നിട്ടും,  9/11 ന്റെ ആഘാതം ഇപ്പോഴും അമേരിക്കയിൽ പ്രതിധ്വനിക്കുന്നു.

 9/11 -ന്റെ ഈ 20 -ാം വാർഷികത്തിലും, അമേരിക്കയുടെ നീണ്ടകാലത്തെ ശ്രമങ്ങൾ വിഫലമാക്കിക്കൊണ്ട്  ഭീകരവാദികൾ നിറഞ്ഞ താലിബാൻ സർക്കാർ അഫ്‌ഗാനിൽ വീണ്ടും അധികാരത്തിലേറുന്നത് ദുഃഖകരമായ കാഴ്ചയാണ്.

ഇത്തരം  ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ പലതും സങ്കീർണമാണെങ്കിൽക്കൂടി, 9/11 സംഭവവും അതിന്റെ അനന്തരഫലങ്ങളുമാണ് ഇന്ന് നമ്മൾ ജീവിക്കുന്ന ഈ ലോകത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

ഈ മഹാദുരന്തത്തിനിരയായവർക്ക് നമുക്ക് പ്രണാമം അർപ്പിക്കാം. അവിടെ ജീവൻ ത്യജിച്ച പോലീസ്, ഫയർ ഫോഴ്സ്, ഫസ്റ്റ് റെസ്പൊണ്ടേഴ്സ് ഹീറോകൾക്ക്, ഒരു തെറ്റും ചെയ്യാതെ ജീവൻ നഷ്ട്ടപ്പെട്ട ഇരകളുടെ കുടുംബത്തിനു ഒക്കെ വേണ്ടി എല്ലാവരോടുമൊപ്പം ഞാനും പ്രാർത്ഥനാനിരതനാകുന്നു.

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക