Image

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

Published on 11 September, 2021
ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)
കുഞ്ഞായിരിക്കുമ്പോൾ പഞ്ഞി നിറച്ച ഒരു കുഞ്ഞി തലയിണ ഉണ്ടായിരുന്നു എനിക്ക്.അത് കെട്ടി പിടിച്ചാണ് കുട്ടിക്കാലം മുഴുവൻ ഞാൻ ഉറങ്ങിയത്.കാപ്പിപ്പൊടി നിറത്തിൽ മഞ്ഞ പൂക്കൾ ഉള്ള അമ്മയുടെ ഒരു പഴയ സാരി കൊണ്ടാണ് അതിന് ഉറ തുന്നിയിരുന്നത്.വെയിലുള്ള ദിവസങ്ങളിൽ അമ്മ ആ തലയിണ വെയിലത്ത് വച്ച് ഉണക്കുമായിരുന്നു.അങ്ങനെയുള്ള രാത്രികളിൽ സൂര്യന്റെ മണം കെട്ടിപിടിച്ചു കിടന്ന് ഞാൻ ഉറങ്ങി.

ആ തലയിണ എന്റേത് ആണെന്ന് അലിഖിത വ്യവസ്‌ഥ ഉണ്ടായിരുന്നു എങ്കിലും, ചില ദിവസങ്ങളിൽ അനുജൻ അതിന്റെ ഉടമസ്ഥതക്ക് വേണ്ടി അവകാശം ഉന്നയിക്കുന്നത്, രൂക്ഷമായ വാക്കേറ്റത്തിലേക്കും, പിന്നെ കയ്യാങ്കളിയിലേക്കും കടക്കാറുണ്ടായിരുന്നു.തീരെ സഹികെടുമ്പോൾ തർക്കവസ്തുവായ തലയിണയെ ഒരു രാത്രിയിലേക്ക് കസ്റ്റഡിയിൽ എടുത്ത് അമ്മ പ്രശ്നം പരിഹരിച്ചു.പക്ഷെ ഇത്തരം കലമ്പലുകളിൽ സാധാരണ ഇടപെടാത്ത അച്ഛൻ ഒരുദിവസം , അസാധാരണമായ ദേഷ്യത്തോടെ "ഈ തലയിണ ഇനി ഇവിടെ കണ്ടു പോകരുത്" എന്ന് ശാസിച്ചു കൊണ്ട് ആ തലയിണ കീറി എറിഞ്ഞു.പിന്നീട് ഒരിക്കലും എനിക്ക് കെട്ടി പിടിച്ചു കിടക്കാൻ അങ്ങനെ ഒരു തലയിണ കിട്ടിയിട്ടില്ല. ആ രാത്രിയിൽ ആണെന്ന് തോന്നുന്നു എന്റെ കുട്ടിക്കാലം അവസാനിച്ചത്.

ഒരു വലിയ മുറിയുടെ രണ്ടറ്റങ്ങൾ പങ്കിട്ടു കൊണ്ടാണ് ഞാനും, അനിയനും എന്റെ വിവാഹം വരെ കഴിഞ്ഞത് .ആർക്കെങ്കിലും ഒരാൾക്ക് ഉറങ്ങണം എന്ന് തോന്നിയാൽ മുറിയിലെ വിളക്ക് അണക്കണം എന്നതായിരുന്നു നിയമം. അത് കഴിഞ്ഞും വെളിച്ചം ആവശ്യമുള്ള പ്രവർത്തി ചെയ്യണം എങ്കിൽ ഹാളിലേക്ക് മാറിയിരിക്കണം.കിടക്കയിൽ കിടന്നു കൊണ്ട് ഉറങ്ങുന്നത് വരെ വായിക്കണം എന്നതായിരുന്നു അക്കാലത്തെ വലിയ ആഗ്രഹം...ജനാലകൾ തുറന്നിട്ടാൽ പുറത്ത് കാറ്റും, നിലാവും ഉണ്ടായിരുന്നു.വൃശ്ചിക കാറ്റിൽ കവുങ്ങുകൾ ആടിയുലഞ്ഞു തുള്ളുന്നത് കാണാമായിരുന്നു.വിപ്ലവവും, കവിതയും നുരഞ്ഞ രാത്രികൾ...

ഉറങ്ങുകയെ ചെയ്യാത്ത രാത്രികൾ ആയിരുന്നു ബി.എഡ് പഠന കാലത്ത്.ഒരു വയസ് കഴിഞ്ഞ മകളെ ഉറക്കാൻ കിടത്തുമ്പോൾ, പാതി ഉറക്കത്തിലേക്ക് വീണ് പോകും.അവൾക്ക് പറഞ്ഞു കൊടുക്കുന്ന കഥകൾ കുഴഞ്ഞു, മറിഞ്ഞ് കഥകളിലേക്ക് അബ്രഹാം മാസ്‌ലോ, പിയാഷേ , ബ്ലൂം ഇവരൊക്കെ കേറി വരും.

മകൾ ഉറങ്ങി കഴിഞ്ഞാൽ ഉച്ചസ്ഥായിയിലേക്ക് കയറുന്ന ഉറക്കത്തെ കൊട്ടി ഇറക്കി, പരിഭ്രാന്തിയിൽ കണ്ണും തിരുമ്പി എഴുന്നേറ്റ്  എഴുത്ത് തുടങ്ങും.എണ്ണമറ്റ ചാർട്ടുകൾ, റെക്കോർഡുകൾ, അസൈന്മെന്റുകൾ,പ്രോജക്റ്റുകൾ, സ്ലൈഡുകൾ, അങ്ങനെ എന്തൊക്കെയോ...ഒടുക്കം അമ്പലത്തിൽ നിന്ന് പാട്ട് വയ്ക്കുമ്പോൾ ചായപെൻസിലുകൾക്കും, പേപ്പറുകൾക്കും ഇടയിൽ കിടന്ന് ഒരു പൂച്ച മയക്കം ....

ടീച്ചർ ജീവിതം തുടങ്ങിയതിൽ പിന്നെ രാത്രി പകുതിയും ജോലിയാണ്.ചുവന്ന മഷി കൊണ്ട്  നോട്ട് പുസ്തകങ്ങൾ തിരുത്തൽ, ചോദ്യപേപ്പർ തയ്യാർ ആക്കൽ, ഉത്തര കടലാസ് നോക്കൽ, ലെസൺ പ്ലാൻ എഴുത്ത്‌,മാർക്ക് കൂട്ടൽ, റിപ്പോർട്ട് കാർഡ് എഴുതൽ അങ്ങനെ , അങ്ങനെ രാത്രി നല്ല പങ്കും കഴിയും.എഫ്.എം റേഡിയോ വന്നതിൽ പിന്നെ പുലരുവോളം പണിക്ക് കൂട്ട് പാട്ടും ഉണ്ടാകും.

രാത്രിയിൽ, ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് "അയ്യോ, നാളേക്ക് പുട്ടിന് കടല വെള്ളത്തിൽ കുതിരാൻ ഇട്ടില്ല" എന്നും, അലക്കി വച്ച തുണി വിരിച്ചിട്ടില്ല എന്നും വേവലാതി പിടിച്ച് ഓടാറുണ്ട്.ചിലപ്പോ, പുട്ടിന്റെ ഒപ്പം പഞ്ചാര കൂട്ടി കഴിച്ചോട്ടെ, നനച്ച തുണി കരിമ്പനും പിടിച്ചു പോയിക്കോട്ടെ എന്നും വച്ച് ഉറക്കത്തിൽ നിന്ന് എണീക്കാതെ കിടക്കാറുണ്ട്.

എന്തെങ്കിലും ഒക്കെ പണി ചെയ്ത്, ചെയ്ത് മുഷിഞ്ഞും, തളർന്നും എവിടെയെങ്കിലും കിടന്ന് കുറച്ചു നേരം ഉറങ്ങി, പിന്നെ എണീറ്റ് നട്ടപ്പാതിരക്ക് കുളിച്ചു ഉടുപ്പ് മാറി , കട്ടൻ ചായ വച്ചു കുടിക്കുന്ന ഒരു പ്രത്യേക തരം സൈക്കോ രാത്രികൾ ഉണ്ട്, എന്തോ ഇഷ്ട്ടമാണ് അവയെ എനിക്ക് !

ഉറക്കം തീരെ വരാതെ ഇരിക്കുമ്പോൾ അപ്പുറത്ത് കിടന്ന് സുഖമായി ഉറങ്ങുന്ന ഭർത്താവിനെ,"നിങ്ങൾ ഉറങ്ങിയോ" എന്ന് ചോദിച്ചു, ചോദിച്ചു വിളിച്ചു എണീൽപ്പിച്ചു , ഉറക്കം കളഞ്ഞു കഴിഞ്ഞാൽ പിന്നെ ഉറക്കം വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സഹിക്കാൻ പറ്റാത്ത എന്തെങ്കിലും വേദന മാറാൻ വേദന സംഹാരി ദേഹത്ത് പുരട്ടിയോ, ഉള്ളിലേക്ക് കഴിച്ചോ കഴിഞ്ഞു പുതപ്പിന്റെ അടിയിൽ കിടക്കുമ്പോൾ, അർദ്ധമയക്കത്തിൽ ഒരു വല്ലാത്ത നൊസ്റ്റാൾജിയ ബാധിക്കും, സുഖമുള്ള ഒരു സങ്കടം. ഒരു ഓർമയുടെ മടിയിൽ കിടന്ന് ഉറക്കം.

വലത്തോട്ട് ചെരിഞ്ഞു കിടന്ന്, ചുരുണ്ടു കൂടി, ഏത് തണുപ്പിലും ഫുൾ സ്പീഡിൽ ഫാനിട്ട്, പുതച്ചു മൂടി ഉറങ്ങാൻ കിടക്കുന്ന സമയം ആകാൻ ആണ്  ഓരോ ദിവസവും ഉണരുന്നത്.


ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക