Image

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

Published on 12 September, 2021
വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

മലയാളികളുടെ  കുടിയേറ്റ ചരിത്രം കേരള ചരിത്രത്തിനോളംതന്നെ തഴക്കവും പഴക്കവും ചേര്‍ന്നതാണ്. കേരള രൂപീകരണം മുതല്‍ തിരു- കൊച്ചിയില്‍ നിന്നും തിരുവിതാംകൂറിലേക്കും അവിടെ നിന്നും മലബാറിലേക്കും പിന്നീട് ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും, പില്‍ക്കാലത്ത് ബര്‍മ്മ, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും, മധ്യപൗരസ്ത്യ ദേശം വഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കും എന്നുവേണ്ട ഇന്നു ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച് കിടക്കുകയാണ് മലയാളികളുടെ കുടിയേറ്റ ചരിത്രം.

മലയാളികളുടെ സംഭവബഹുലമായ കുടിയേറ്റ ചരിത്രത്തിലേക്ക് കടക്കാന്‍ ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല. എന്നാല്‍ മലയാളി എവിടെ ചെന്നാലും ഏതു ദേശത്തു ചെന്നാലും ഒരു സംഘടനയ്ക്ക് രൂപംകൊടുക്കുകയും, പില്‍ക്കാലത്ത് വലുതായിക്കോട്ടെ, ചെറുതായിക്കോട്ടെ അതുമല്ലെങ്കില്‍ ദേശീയമോ, അന്താരാഷ്ട്രമോ എന്തു കുന്തം ആയാലും കുഴപ്പമില്ല ആ സംഘടനയ്ക്ക് സാമൂഹികം സാംസ്കാരികം, രാഷ്ട്രീയം സാമുദായികം പ്രാദേശികം എന്നുവേണ്ട ഇങ്ങനെയൊക്കെയുള്ള ധാരാളം പരിവേഷങ്ങള്‍ നല്‍കി ഒരു കുപ്പായം ഇടുപ്പിച്ചായിരിക്കും പതുക്കെ സമൂഹത്തിലേക്ക് ഏതെങ്കിലും ബെയ്‌സ്‌മെന്റില്‍ നിന്നോസൗഹൃദ കൂട്ടായ്മകളില്‍ നിന്നോ ഉള്ള തലപുകഞ്ഞ ആലോചനയുടെ ഭാഗമായി ഇതിനെ പടച്ചുവിടുന്നത്. തുടക്കത്തില്‍ തന്നെ ഇവരുടെ ആലോചനയില്‍ സെക്രട്ടറിയും പ്രസിഡന്റും ഖജാന്‍ജിയുമൊക്കെ തീരുമാനത്തില്‍ എത്തും. തുടര്‍ന്ന് അടുത്ത കൂട്ടുകാരേയും ബന്ധുക്കളേയും കൂട്ടി ഒരു ഓണം സംഘടിപ്പിക്കും. അതോടുകൂടി ആ സംഘടനയ്ക്ക് സാമൂഹിക പരിവേഷം നല്‍കി പത്രങ്ങളിലും നവ മാധ്യമങ്ങളിലും ഞെളിഞ്ഞിരിക്കുന്നതും കൈവീശിയിരിക്കുന്നതും എന്നുവേണ്ട വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ഫോട്ടോകള്‍ നല്‍കി ഏതു വിധേനയും നേതാവാകും. അങ്ങനെ പതുക്കെ പതുക്കെ ദേശീയ ദേശീയ നേതൃത്വത്തില്‍ ആകുമ്പോള്‍ സ്വയമേ ഇവന്‍ അവകാശപ്പെടും ഞാന്‍ ദേശീയ നേതാവായി എന്നും പിന്നീട് എല്ലാ മലയാളികളുടേയും നേതാവാണെന്നും സ്വയം അവകാശപ്പെടുവാന്‍ തുടങ്ങും. പില്‍ക്കാലത്ത് ഇവറ്റകളേയും വഹിച്ചുകൊണ്ടുള്ള ഒരു ജൈത്രയാത്ര മാധ്യമങ്ങളിലൂടെ തുടക്കം കുറിക്കുകയായി. അന്താരാഷ്ട്ര സംഘടനകള്‍ അവരുടെ കണ്‍വന്‍ഷനുകളുടെ സൗകര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് വീമ്പിളക്കി നിഷ്പക്ഷമതികളായ മലയാളികളെ  "വരിക വരിക ഇതിലേ' എന്ന് മാടി വിളിച്ച് പരസ്പരം മത്സരിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരിക.

ഈയടുത്ത കാലത്ത് ചില സംഘടനകളുടെ (സ്വയം അവകാശപ്പെടുന്നവര്‍) പേരുകള്‍ കേട്ടാല്‍ മൂക്കത്ത് വിലല്‍ വച്ചുപോകും. വിദേശത്തുനിന്നും തിരിച്ചുവന്നവര്‍, വിദേശത്തേക്ക് പോയവര്‍ (ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്റെ പേരില്‍). ഒരു പ്രദേശത്തുനിന്ന് പോയവര്‍, അതും അല്ലെങ്കില്‍ ഏതെങ്കിലും രാജ്യത്തുനിന്നും ഒരു പ്രദേശത്തേക്ക് തിരിച്ചുവന്നവര്‍ തുടങ്ങി ഈടുത്തകാലത്ത് കോവിഡ് തുടങ്ങിയതിനുശേഷം പുതുതായി കേട്ടു - വിദേശത്തുനിന്നും ശവം അയയ്ക്കുന്നതിന് ഒരു സംഘടന രൂപീകരിക്കപ്പെട്ടതായി ! ഹാ! കഷ്ടം. ഇതുപോലെ എഴുതുവാന്‍ വിവിധ പുറംചട്ടകള്‍ അണിഞ്ഞിരിക്കുന്ന സംഘടനകളുമുണ്ടല്ലോ. എന്നാല്‍ പല സംഘടനകളും ധാര്‍മ്മികതയുടെ ഭാഗമായി ചെയ്യുന്നുമുണ്ട്. അവരെ മറന്നല്ല ഇതെഴുതുന്നത്.

വടക്കേ അമേരിക്കയില്‍ വന്ന് ചില ബന്ധുക്കള്‍ കൂടി ഭാരവാഹിത്വം വീതംവെച്ച് സംഘടനകള്‍ ഉണ്ടാക്കിയതായി അറിയിക്കുകയുണ്ടായി. അതിലും ഉപരിയായി അതിലെ ഒരു പ്രധാനി എന്നു പറഞ്ഞാല്‍ ഈ സംഘടനയ്ക്ക് രൂപംകൊടുക്കുവാന്‍ നേതൃത്വം കൊടുത്ത ഒരു വ്യക്തി മറ്റൊരാളോട് ആരായുകയുണ്ടായി നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ സംഘടന തരാം അതുമല്ലെങ്കില്‍ ഈ സംഘടന നിങ്ങളുടെ സംഘടനയുമായി ലയിക്കാം. കുറച്ചു പണം തന്നാല്‍ മതിയെന്ന്. വാസ്തവത്തില്‍ ഇതുകേട്ട മറ്റേയാള്‍ ഞെട്ടിപ്പോയി. ഇതെന്താ കെട്ടിടങ്ങള്‍ വില്‍ക്കുന്നതുപോലെ സംഘടനയും സാമ്പത്തിക ലാഭത്തിന് വില്‍ക്കുകയാണോ എന്നു തിരിച്ച് ചോദിച്ചു. ഇത്രയും നാള്‍ ഇത് ചുമന്നുകൊണ്ടു നടന്നില്ലേ. എന്റെ കൈയ്യിലെ ധാരാളം കാശ് ചിലവാക്കിയാണ് പലതും നടത്തിയത്. കൂടുതലും ഞങ്ങളുടെ ബന്ധുക്കാരും സഹോദരങ്ങളുമാണ് ഇതിലെ മുഖ്യ സ്ഥാനം അലങ്കരിക്കുന്നവര്‍. അതുകൊണ്ട് അവരാരും എന്നോട് എതിര് പറയുകയില്ല. പിന്നെ 501 സി 3 ഇല്ലെന്നുള്ള ഒരു കുറവ് മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഞാന്‍ ഇത്രയും കുറച്ചു ചോദിച്ചത്. രണ്ടു മൂന്ന് ഓണവും, കേരളാദിനവും ഒക്കെ കൊണ്ടാടിയിട്ടുള്ളതാണ്.

പണ്ടേ കേരളത്തില്‍ സീസന്‍ അനുസരിച്ച് ക്ലബുകളും സംഘടനകളും തുടങ്ങുന്ന ഒരു പതിവ് പരിപാടി മലയാളികള്‍ക്കുണ്ട്. അതിന്റെ ചുവട് പിടിച്ചായിരിക്കും എവിടെ ചെന്നാലും സംഘടനകള്‍ തുടങ്ങുന്നത്. സംഘടനാബോധവും രാഷ്ട്രീയബോധവും ഒന്നും തെറ്റല്ല. മറിച്ച് ഇതിന്റെയൊക്കെയും മറവില്‍ അരങ്ങേറുന്ന അധികാര വടംവലിയും വ്യക്തിതാത്പര്യങ്ങളും ലീലാവിലാസങ്ങളും ഒക്കെ കാണുമ്പോഴാണ് മുഖംകുനിച്ചുപോകുന്നത്.

ചില ചോദ്യങ്ങള്‍:
* ഈ പ്രവാസ ലോകത്തില്‍ എന്തിനാണ് ഓരോ വേര്‍തിരിവിന്റെ പേരിലുള്ള ധാരാളം സംഘടനകള്‍?
* മലയാളികളുടെ യഥാര്‍ത്ഥത്തിലുള്ള പൊതുവായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നിലകൊള്ളുന്ന സംഘടന ഏതാണ്?

ഇനിയെങ്കിലും സ്വയം ചിന്തിക്കുക, തിരുത്തുക.

ഹാഷ്ടാഗ്:
പണ്ട് വഴിയോരങ്ങളില്‍ തൈലം വില്‍ക്കുന്ന കച്ചവടക്കാരനെപ്പോലെയാണ്. ഹിമാലയത്തിന്റെ അടിത്തട്ടില്‍ ചെന്ന് സ്വന്തം കൈകൊണ്ട് പറിച്ചെടുത്ത്, മിശ്രിതങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ പ്രത്യേക തരം തൈലമാണിത്. എന്നാല്‍ അങ്ങനെയല്ലാത്തതുമുണ്ട്. എന്നു തുടങ്ങിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതുപോലെ ആകാതെ സംഘടനകള്‍ക്ക് മറ്റു പരിവേഷങ്ങള്‍ നല്‍കാതെ സാമൂഹിക നന്മയ്ക്കും, സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കുമായി നിലകൊള്ളട്ടെ. അങ്ങനെയുള്ള സംഘടനകള്‍ ചെറുതായിക്കോട്ടെ വലുതായിക്കോട്ടെ ഏതുമായിക്കോട്ടെ നിങ്ങളോടൊപ്പം ജനം കാണും. ഇന്നല്ലെങ്കില്‍ നാളെ!
 

Join WhatsApp News
P.P.,Cherian 2021-09-13 04:06:48
"ഏതെങ്കിലും ബെയ്‌സ്‌മെന്റില്‍ നിന്നോസൗഹൃദ കൂട്ടായ്മകളില്‍ നിന്നോ ഉള്ള തലപുകഞ്ഞ ആലോചനയുടെ ഭാഗമായായിരിക്കും സംഘടനയെ പടച്ചുവിടുന്നത്. തുടക്കത്തില്‍ തന്നെ ഇവരുടെ ആലോചനയില്‍ സെക്രട്ടറിയും പ്രസിഡന്റും ഖജാന്‍ജിയുമൊക്കെ തീരുമാനത്തില്‍ എത്തും". എത്രയോ അന്വര്ഥമായ പ്രസ്താവന!!! "മഹത്തായ ലക്ഷ്യങ്ങൾ മുൻനിർത്തി രൂപീകരിച്ച , ഇന്നും ആ പരമ്പര്യത്തിൽ നിന്നും അണുവിട മാറാതെ പ്രവർത്തനം അഭംഗുരം തുടരുന്ന അമേരിക്കയിലെ ഒരു പ്രശസ്ത സംഘടനയുടെ ഭാരവാഹി തന്നെ വളരെ ചങ്കുറ്റത്തോടെ ഈ അഭിപ്രായ പ്രകടനം നടത്തിയത് തീർത്തും ഉചിതം തന്നെ..ലേഖന കർത്താവിനെ എത്രമാത്രം പ്രശംസിച്ചാലും അഭിനന്ദിച്ചാലും മതിയാകില്ല. താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയിൽ നിന്ന് തന്നെ മാറ്റത്തിന്റെ അലയടികൾ ഉയർത്താൻ കഴിഞ്ഞാൽ -------
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക