Image

വെല്ലീറ്റ: (കഥ,അമ്പിളി എം)

Published on 13 September, 2021
വെല്ലീറ്റ: (കഥ,അമ്പിളി എം)

" ഹലോ അനിൽ, ഇത് സഞ്ജീവനി ബാലഭവനിൽ നിന്ന് സിസ്റ്റർ റോസ് മേരിയാണ്. താങ്കൾ എത്ര തിരക്കിലായാലും നാളെ ബാലഭവനിലെത്തണം"  സിസ്റ്റർ ഫോൺ കട്ട് ചെയ്തു. അനിലിൻ്റെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു. വെല്ലീറ്റയ്ക്ക് എന്ത് പറ്റി? എ.സി യുടെ തണുപ്പിലും അനിൽ വിയർത്തു. ഓർമ്മകൾ മുപ്പത് വർഷം പിന്നോട്ടോടി.
    വെല്ലീറ്റ. അച്ഛൻ്റെ ഇളയ സഹോദരിമാരിൽ മൂത്തയാൾ. വല്യചിറ്റ തനിക്കും ആശ ചേച്ചിക്കും അരുണിനും വെല്ലീറ്റയായി. സർക്കാർ ജോലിക്കായുള്ള കാത്തിരിപ്പ്  വെല്ലീറ്റയുടെ വിവാഹം നീട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും കുഞ്ഞിറ്റയുടെ വിവാഹവും കഴിഞ്ഞിരുന്നു. ഒടുവിൽ ജോലി ലഭിക്കാതെ തന്നെ വെല്ലീറ്റയ്ക്ക് വിവാഹത്തിന് വഴങ്ങേണ്ടി വന്നു. 
      പക്ഷേ നാലാം ദിവസ വിരുന്നു വന്ന വെല്ലീറ്റ പിന്നെ തിരികെ ഭർത്തൃ വീട്ടിലേയ്ക്ക് പോയില്ല. കാരണം തനിക്കറിയില്ല. അമ്മയെ വീട്ടുപണികളിലും കുട്ടികളെ വളർത്താൻ സഹായിച്ചും വെല്ലീറ്റ ഒപ്പം നിന്നു. കൂടെ ട്യൂഷൻ സെൻ്ററും തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിച്ചു. മറ്റുള്ളവരിൽ നിന്ന് ചെറിയ ഫീസ് ഈടാക്കി.
        കുട്ടികളിൽ തന്നോടായിരുന്നു വെല്ലീറ്റയ്ക്ക് ഏറ്റവും ഇഷ്ടം. അനിക്കുട്ടാ... എന്ന വിളിയിൽ വാത്സല്യം തുളുമ്പി നിന്നു. പഠിക്കാനും കളിക്കാനും അമ്മ അറിയാതെ നാരങ്ങാ മിഠായി വാങ്ങി കഴിക്കാനുമൊക്കെ വെല്ലീറ്റ തന്നെ കൂട്ട്. നാരങ്ങാ മിഠായിക്കൊതിയനായിരുന്ന തനിക്ക് വല്ലീറ്റ ചിലപ്പോൾ ഒരു രൂപ നല്കും. ഇടയ്ക്ക് ആശ ചേച്ചിയും അരുണും ഈ കള്ളത്തരം കണ്ടു പിടിക്കുകയും ചെയ്തിരുന്നു..
    ഇതിനിടെ അച്ഛൻ്റെ മരണം. സാമ്പത്തിക പരാധീനത അധികം ഇല്ലാതിരിന്നിട്ടു കൂടി വെല്ലീറ്റ കഠിനാധ്വാനം ചെയ്ത് സാമ്പത്തികമായും അമ്മയെ സഹായിച്ചു. കാലം മുന്നോട്ട് നീങ്ങി. ആശ ചേച്ചിയും അരുണും യു.എസ്സിൽ സെറ്റിൽ ചെയ്തു. ആശ ചേച്ചിയുടെ കുട്ടികളെ നോക്കാൻ അമ്മയും അക്കരയ്ക്ക് പറന്നു.എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠി നീലിമയെ താൻ വിവാഹം ചെയ്തു. വയനാട്ടിൽ പ്ലാൻററായിരുന്നു നീലിമയുടെ അച്ഛൻ. അങ്ങനെ കല്പറ്റയ്ക്ക് താൻ ചേക്കേറി. വെല്ലീറ്റ അപ്പോൾ തനിക്കൊരു ഭാരമായി തോന്നി തുടങ്ങിയിരുന്നോ? തൃശ്ശൂരെ വീട് വാടകയ്ക്ക് നൽകുന്ന കാര്യം പറഞ്ഞപ്പോൾ വെല്ലീറ്റ സന്തോഷത്തോടെ പറഞ്ഞു." നന്നായി വരട്ടെ അനിക്കുട്ടാ.. ഞാൻ കുന്നംകുളത്തുള്ള സഞ്ജീവനി ബാലഭവനിലേയ്ക്ക് ട്യൂട്ടറായി പോവുകയാണ്. അവിടെ സിസ്റ്റർ റോസ് മേരി എൻ്റെ സ്കൂൾ സഹപാഠിയാണ്. പിന്നെ എപ്പോഴും കുട്ടികളുണ്ടല്ലോ കൂട്ടായി".
     ഇപ്പോൾ മൂന്ന് വർഷം കഴിയുന്നു. ആദ്യ വർഷം കഴിഞ്ഞപ്പോൾ താനും നീലിമയും വെല്ലീറ്റയെ കാണാൻ പോയിരുന്നു. പിന്നെ തൻ്റെ തിരക്കുകൾ മറവിയ്ക്ക് വേഗം കൂട്ടി.
വെല്ലീറ്റയുടെ കത്തുകൾ ഇടയ്ക്ക് വന്നെങ്കിലും തുറന്ന് വായിക്കാൻ പോലും മെനക്കെട്ടില്ല. കുട്ടിക്കാലത്ത് തനിക്ക് അമ്മയായിരുന്നവർ....അനിലിൻ്റെ കണ്ണുകൾ തുളുമ്പി.
      പുലർച്ചെ തന്നെ കുന്നംകുളത്തേയ്ക്ക് പുറപ്പെട്ടു. നീലിമ വരാൻ താല്പര്യപ്പെട്ടില്ല. യാത്രയിൽ മുഴുവൻ വെല്ലീറ്റയുടെ ഓർമ്മകളായിരുന്നു. അനിക്കുട്ടാ... എന്ന വിളിയായിരുന്നു... എട്ടു മണിക്ക് ബാലഭവനിലെത്തി. അനിൽ പ്രതീക്ഷിച്ചതിനു വിപരീതമായി സന്തോഷം നിറഞ്ഞ മുഖങ്ങളാണവിടെ സ്വീകരിച്ചത്. " വരൂ അനിൽ" സിസ്റ്റർ റോസ് മേരിയുടെ പുഞ്ചിരി. വെല്ലീറ്റ സുഖമായിരിക്കുന്നോ? അതേ തനിക്കറിയേണ്ടിയിരുന്നുള്ളൂ.
" പ്രാർത്ഥനാമുറിയിലേയ്ക്ക് പോകാം" - അവിടെ കുട്ടികൾക്കൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന വെല്ലീറ്റ.  അനിലൊന്നു തണുത്തു. വെല്ലീറ്റ പ്രാർത്ഥന കഴിഞ്ഞ് വരാനായി പുറത്ത് കാത്തിരുന്നു." ഇന്ന് സരസ്വതിയുടെ അറുപതാം പിറന്നാളാണ്. ആഘോഷിക്കണമെന്ന് കുട്ടികൾക്ക് നിർബന്ധം. ആരെയെങ്കിലും അറിയിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ അനിലിൻ്റെ നമ്പർ തന്നു. അതാ ഇന്നലെ രാത്രിയിൽ വിളിക്കേണ്ടി വന്നത്"  സിസ്റ്റർ ക്ഷമാപണത്തോടെ പറഞ്ഞു. അവരുടെ വാക്കുകൾ തന്നെ പൊള്ളിക്കുന്നത് അനിലറിഞ്ഞു.
      അല്പം കഴിഞ്ഞപ്പോൾ വെല്ലീറ്റ മുന്നിൽ. അതേ പ്രസരിപ്പ്." സുഖമാണോ അനിക്കുട്ടാ"- വാത്സല്യം തുളുമ്പുന്ന കണ്ണുകൾ. " കുട്ടികളുടെ ഓരോ നിർബന്ധം. ഇന്നവരുടെ പുതിയ വായനശാല തുറക്കാൻ പോവുന്നു. ഞാൻ തന്നെ ഉദ്ഘാടനവും നിർവ്വഹിക്കണം അതാ എൻ്റെ പിറന്നാൾ വിശേഷം". അവർ പരസ്പരം വിശേഷങ്ങൾ പങ്കു വച്ചു. വായനശാലാ ഉദ്ഘാടനവും ഉച്ചയൂണും കഴിഞ്ഞു. പോകാൻ അനിലിന് തിരക്കില്ലാത്തതുപോലെ. "വെല്ലീറ്റ എൻ്റെ കൂടെ വരാമോ, രണ്ട് ദിവസം കഴിഞ്ഞ് തിരികെയെത്തിക്കാം" 
"ഇല്ല അനിക്കുട്ടാ.... ഇവിടെയെല്ലാം എൻ്റെ അനിക്കുട്ടൻമാരാണ്. ഇതാണെൻ്റെ സ്വർഗ്ഗം ." പിറന്നാളിന് വെല്ലീറ്റയ്ക്ക് തരാൻ ഞാനൊന്നും കൈയിൽ കരുതിയില്ല. എനിക്കൊരു സമ്മാനം തരുമോ? ഒരു ഒറ്റ രൂപ. ഓറഞ്ച് നിറത്തിലെ നാരങ്ങാ മിഠായി വാങ്ങാൻ" - അനിൽ വിശ്വനാഥ് പഴയ അനിക്കുട്ടനായി ...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക