Image

5 - 11 വയസ്സുള്ള  കുട്ടികൾക്കുള്ള  ഫൈസർ വാക്സിന് ഒക്ടോബറിൽ അനുമതി ലഭിച്ചേക്കാം

Published on 13 September, 2021
5 - 11 വയസ്സുള്ള  കുട്ടികൾക്കുള്ള  ഫൈസർ വാക്സിന് ഒക്ടോബറിൽ അനുമതി ലഭിച്ചേക്കാം

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒക്ടോബർ അവസാനത്തോടെ ഫൈസറിന്റെ കോവിഡ് -19 വാക്സിൻ നൽകാൻ അനുമതി ലഭിച്ചേക്കുമെന്ന്   ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മുൻ മേധാവി  ഡോ. സ്കോട്ട് ഗോട്ട്‌ലിബ് ഞായറാഴ്ച പറഞ്ഞു.
പ്രസിഡന്റ് ട്രംപ് ഭരണകൂടത്തിലെ എഫ്ഡിഎയെ നയിക്കുകയും ഫൈസറിന്റെ ഡയറക്ടർ ബോർഡിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത ഗോട്ട്‌ലിബിന്റെ അഭിപ്രായത്തിൽ, 
സെപ്റ്റംബർ അവസാനത്തോടെ  കൊച്ചുകുട്ടികൾക്ക്  വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട  വിവരങ്ങൾ കമ്പനിക്ക് ലഭിക്കുകയും തൊട്ടടുത്ത മാസം  അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങുകയും ചെയ്യും.
 ഫൈസർ ശേഖരിച്ച ഡാറ്റയുടെ കാര്യത്തിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ ഗോട്ട്‌ലിബ്,   വസ്തുനിഷ്ഠമായ തീരുമാനമെടുക്കേണ്ടത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണെന്നും കൂട്ടിച്ചേർത്തു.

എന്നാൽ, 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക്  രണ്ട് ഡോസ് വാക്സിൻ ആവശ്യമാണോ  എന്ന് നിർണ്ണയിക്കാൻ ആഴ്ചകളല്ല, മാസങ്ങളെടുക്കുമെന്ന് എഫ്ഡിഎ പറഞ്ഞു.

അമേരിക്കയിൽ പൂർണ്ണമായി അംഗീകരിച്ച ഏക കോവിഡ്  വാക്സിനായ ഫൈസർ, അതിന്റെ ഷോട്ട് 2 വയസും അതിൽ കൂടുതലും പ്രായമുള്ള കുട്ടികളിൽ പരീക്ഷിച്ചുവരികയാണ്, സെപ്റ്റംബറിന് ശേഷം 2 മുതൽ 5 വരെയുള്ള കുട്ടികളുടെ ഡാറ്റ ലഭിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു.

6 മാസം മുതൽ 2 വയസ്സുവരെയുള്ളവർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒക്ടോബറിലോ നവംബറിലോ  ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

ഡെൽറ്റ വേരിയന്റ് മൂലമുണ്ടാകുന്ന അണുബാധകളുടെ വർദ്ധനവിന്റെ  സമ്മർദ്ദത്തിനിടയിലാണ് ചെറിയ  കുട്ടികൾക്ക്  കൂടി വാക്സിനേഷൻ നൽകുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്.  സ്കൂളുകളിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളിൽ ഇത് നിർണ്ണായകമാണ്.

ഷോട്ടുകൾ  വിദ്യാർത്ഥികൾക്ക് ആവശ്യമാണെന്ന് വിശ്വസിക്കുന്നതായി ഗോട്ട്‌ലിബ് അഭിപ്രായപ്പെട്ടു.


വിമാന യാത്രയ്ക്ക് വാക്സിൻ ആവശ്യമില്ലെന്ന വാദം യുഎസ് സർജൻ ജനറൽ മൂർത്തി ന്യായീകരിക്കുന്നു 

വിമാനങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് -19 വാക്സിനേഷൻ സ്വീകരിച്ചതിന്റെ രേഖ ആവശ്യമില്ലെന്ന ബൈഡൻ ഭരണകൂടത്തിന്റെ വാദത്തെ യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി ഞായറാഴ്ച ന്യായീകരിച്ചു. വാക്സിനേഷൻ എടുക്കാത്തവർക്കും ചില  അടിയന്തര സാഹചര്യങ്ങളിൽ വിമാനയാത്ര നടത്തേണ്ടി വരുമെന്ന ന്യായമാണ് മൂർത്തി ചൂണ്ടിക്കാണിച്ചത്.
എന്നിരുന്നാലും, പ്രസിഡന്റ്ബൈഡൻ തൊഴിലാളികൾക്ക്  പുതിയതായി ഏർപ്പെടുത്തിയ  വാക്സിൻ മാൻഡേറ്റ് നിയമങ്ങളെ മൂർത്തി പിന്തുണച്ചു.വാക്സിൻ നിര്ബന്ധമാക്കുന്നതും  പ്രതിവാര പരിശോധന നടത്തുന്നതും തൊഴിലിടങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാമാരിക്കെതിരെ പോരാടുന്നതിന് ആവശ്യമായ നടപടിയായി ഇതിനെ കാണണമെന്നും  മൂർത്തി വാദിച്ചു. സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കാൻ അത് ആവശ്യമാണെന്നും സർജൻ ജനറൽ പറഞ്ഞു.

ബൈഡന്റെ ഉത്തരവ് പ്രകാരം, എല്ലാ ഫെഡറൽ ജീവനക്കാരും നിശ്ചിത സമയപരിധിയിൽ  പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കേണ്ടതുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക