Image

ഒളിമ്ബിക്​സ്​ സ്വര്‍ണം നേടിയ നീരജ്​ ചോപ്രയുടെ കോച്ചിനെ പുറത്താക്കി

Published on 14 September, 2021
ഒളിമ്ബിക്​സ്​ സ്വര്‍ണം നേടിയ നീരജ്​ ചോപ്രയുടെ കോച്ചിനെ പുറത്താക്കി
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്ബിക്​സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജ്​ ചോപ്രയുടെ പരിശീലക സംഘത്തിലുള്ള യുവേ ഹോണിനെ പുറത്താക്കി അത്​ലറ്റിക്​സ്​ ഫെഡറേഷന്‍ ഓഫ്​ ഇന്ത്യ. 2017ലാണ്​ ജര്‍മന്‍കാരനായ ഹോണിനെ ജാവലിന്‍ പരിശീലകനായി നിയമിക്കുന്നത്​. 2018ല്‍ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ സ്വര്‍ണ മെഡലുകള്‍ നേടിയപ്പോഴും ചോപ്രയുടെ പരിശീലകനായിരുന്നു ഹോണ്‍.

കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ അത്​ലറ്റുകളുടെയും പരിശീലകരുടെയും പ്രകടനം അവലോകനം ചെയ്​തിരുന്നു. അതിനുശേഷമാണ്​ ഹോണിനെ പുറത്താക്കാന്‍ തീരുമാനി​ച്ചതെന്ന്​ എ.എഫ്.ഐ പ്രസിഡന്‍റ്​ ആദില്ലെ സുമരിവല്ല പറഞ്ഞു. അതേസമയം, ഒളിമ്ബിക് സ്വര്‍ണം നേടിയപ്പോള്‍ ചോപ്രയെ പരിശീലിപ്പിച്ച ബയോമെക്കാനിക്കല്‍ വിദഗ്ധനായ ക്ലോസ് ബാര്‍ട്ടോണിയറ്റ്സ് തല്‍സ്​ഥാനത്ത് തുടരും. 'ഞങ്ങള്‍ യുവേ ഹോണിനെ മാറ്റുകയാണ്. അദ്ദേഹത്തിന്‍റെ പ്രകടനം മികച്ചതല്ല. പകരം രണ്ട് പുതിയ കോച്ചുമാരെ കൊണ്ടുവരും' -ആദില്ലെ സുമരിവല്ല വ്യക്​തമാക്കി.

നീരജ്​ ചോപ്ര, ശിവ്പാല്‍ സിംഗ്, അനു റാണി എന്നിവരുള്‍പ്പെടെ ജാവലിന്‍ ത്രോവര്‍മാര്‍ക്ക് ഹോണിനൊപ്പം പരിശീലിക്കാന്‍ താല്‍പ്പര്യമില്ലെന്ന് എ.എഫ്.ഐ ആസൂത്രണ കമീഷന്‍ മേധാവി ലളിത കെ. ഭാനോട്ട് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, മാസങ്ങള്‍ക്ക്​ മുമ്ബ്​ ഹോണ്‍ ഫെഡറേഷനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ്​ ഇപ്പോള്‍ അദ്ദേഹത്തെ മാറ്റിയതെന്ന്​ വിമര്‍ശനമുണ്ട്​. മാത്രമല്ല, ഒളിമ്ബിക്​ സ്വര്‍ണ​ം നേടിയശേഷം നീരജ്​ ചോപ്ര ഹോണിനെ പുകഴ്​ത്തുകയും ചെയ്​തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക