Image

ആത്മഹത്യ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ആപി  ചർച്ച ചെയ്തു 

Published on 14 September, 2021
ആത്മഹത്യ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ആപി  ചർച്ച ചെയ്തു 

ചിക്കാഗോ: സെപ്റ്റംബർ 5 -ന് ആരംഭിച്ച് സെപ്റ്റംബർ 11 -ന് അവസാനിക്കുന്ന ദേശീയ ആത്മഹത്യാ പ്രതിരോധ വാരാചരണത്തോടനുബന്ധിച്ച്, അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI)  സംഘടിപ്പിച്ച  വെബിനാറിൽ  ആത്മഹത്യ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ചർച്ച  ചെയ്തു. അമേരിക്കയിൽ വർദ്ധിച്ചുവരുന്ന  ആത്മഹത്യാപ്രവണത  പ്രതിരോധിക്കുന്നതിനും  പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വർഷത്തിൽ ഒരിക്കൽ നടത്തുന്ന പ്രചാരണം, മൈൻഡ് എക്സ് സയൻസുമായി സഹകരിച്ചാണ്  AAPI സംഘടിപ്പിച്ചത്. 

മാനസികാരോഗ്യത്തിനായുള്ള കൃത്യമായ വൈദ്യശാസ്ത്രത്തെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ച. എങ്ങനെ ഒരു ജീവൻ രക്ഷിക്കാമെന്നും ജീവിതം  മെച്ചപ്പെടുത്താമെന്നതും വിഷയമാക്കിയ   വെബിനാറിൽ  പ്രസിഡന്റ് ഡോ. അനുപമ ഗോതിമുകുളയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടുമുള്ള  AAPI അംഗങ്ങൾ പങ്കെടുത്തു. AAPI യുടെ നിയുക്ത പ്രസിഡന്റ് ഡോ. രവി കൊല്ലി മോഡറേറ്ററായി.

മുൻ സർജൻ ജനറൽ ഡോ. ജെറോം ആഡംസ്, മിൻഡക്സ് സയൻസസിന്റെ സഹസ്ഥാപകനും  ഇന്ത്യാന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ സൈക്യാട്രി ആൻഡ് മെഡിക്കൽ ന്യൂറോ സയൻസ് പ്രൊഫസറുമായ  ഡോ. അലക്സാണ്ടർ നികുലെസ്കു, മൈൻഡ് എക്സ് സയൻസ് സിഇഒ സുനിൽ ഹസാരെ എന്നീ പ്രമുഖർ സെഷനിൽ പങ്കെടുത്തു.

ഓരോ വർഷവും ഏകദേശം 800,000 ആളുകൾ ആത്മഹത്യ മൂലം മരിക്കുന്നുണ്ടെന്നും , ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ 40 സെക്കൻഡിലും ഒരു മരണം വീതം ഇത്തരത്തിൽ നടക്കുന്നതായും ഡോ.കൊല്ലി  ആമുഖപ്രസംഗത്തിൽ പറഞ്ഞു.

വിഷാദരോഗം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യയുടെ  പ്രധാന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"അസഹനീയമായ വേദനയോ കടുത്ത നിരാശയോ തോന്നുന്ന  നിമിഷത്തിലാണ് പലപ്പോഴും ആത്മഹത്യ സംഭവിക്കുന്നത്. ലക്ഷക്കണക്കിന് അമേരിക്കക്കാർ എല്ലാ വർഷവും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും ,  ആത്മഹത്യാ പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു.  മാനസികാരോഗ്യ സഹായം തേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ആത്മഹത്യക്ക് ശ്രമിച്ച ആളുകളെ പിന്തുണയ്ക്കുന്നതിനും കാമ്പെയ്ൻ നടത്തണം, "ഡോ. കൊല്ലി AAPI അംഗങ്ങളോട് പറഞ്ഞു.

മാനസികാരോഗ്യത്തിന് കൃത്യമായ വൈദ്യശാസ്ത്രം തുടങ്ങാൻ സമയമായെന്നും പ്രസിഡന്റ് ട്രംപ് ഭരണകൂടത്തിലെ  സർജൻ ജനറലായിരുന്ന ഡോ. ജെറോം ആഡംസ് അഭിപ്രായപ്പെട്ടു.
"2019 -ലെ കണക്കനുസരിച്ച്, അമേരിക്കയിലെ മരണങ്ങളുടെ  10 -ാമത്തെ കാരണം ആത്മഹത്യയാണ്. 10 -നും 34 -നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ മരണത്തിന്റെ കാരണങ്ങളിൽ  രണ്ടാമത്തേതും " ഡോ. ആഡംസ് ചൂണ്ടിക്കാട്ടി. 

20 വർഷങ്ങൾക്ക്  മുമ്പ്, സർജൻ ജനറലായിരുന്ന ഡേവിഡ് സാച്ചർ ആത്മഹത്യ തടയുന്നതിനുള്ള  ആഹ്വാനം എന്ന സുപ്രധാന റിപ്പോർട്ടായി  നൽകിക്കൊണ്ട് , അതൊരു  വലിയ പൊതുജനാരോഗ്യ പ്രശ്നമായി തിരിച്ചറിഞ്ഞിരുന്നതായി  ഡോ. ആഡംസ് പരാമർശിച്ചു.
ഫലപ്രദമായ പ്രതിരോധ പരിപാടികളും ക്ലിനിക്കൽ പരിചരണവും നൽകാൻ കമ്മ്യൂണിറ്റികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനും രോഗനിർണയം നടത്തുന്നതിനും തടയുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള  ഉപകരണങ്ങൾ വൈദ്യശാസ്ത്രത്തിലുണ്ടെന്ന്  ഡോ. അലക്സാണ്ടർ ബി നികുലെസ്കു അറിയിച്ചു.
അപകടസാധ്യതകൾ തിരിച്ചറിയാനും അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാനും ഫലപ്രദമായി ഇടപെടാനും ആത്മഹത്യ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനുമുള്ള  മികച്ച ഉപകരണങ്ങൾ ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് തങ്ങളുടെ  ക്ലയന്റുകളെ സഹായിക്കാൻ അത്തരം  ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ  മൈൻഡ്‌എക്‌സിന്റെ ഗവേഷണം വളരെ ഫലപ്രദമായി നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. അലക്സാണ്ടർ ഇൻഡ്യാന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള പുതിയ പഠനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു
 ഭാവിയിൽ കടുത്ത വിഷാദരോഗം വരാനുള്ള സാധ്യത,  ബൈപോളാർ ഡിസോർഡർ ഉണ്ടാകാനുള്ള  സാധ്യത എന്നിവ അളക്കാൻ ഒരാളുടെ രക്തം പരിശോധിക്കുന്നതിലൂടെ സാധിക്കുന്ന  മാർഗമാണ്  കണ്ടെത്തിയിരിക്കുന്നത്. മാനസികരോഗങ്ങൾ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും വലിയ  മാറ്റങ്ങൾക്ക് ഇത് വഴിവയ്ക്കും. സ്വയം അറിയാനും സ്വയം മെച്ചപ്പെടുത്താനും സന്തോഷവും കൂടുതൽ പ്രതീക്ഷയും അർഥവത്തായ ജീവിതം  നയിക്കാനും  സഹായിക്കുന്ന അപ്ലിക്കേഷനും വികസിപ്പിക്കുന്നുണ്ട്. ഡോക്ടർമാർക്കും സൈക്കോളജിസ്റ്റുകൾക്കും കോച്ചുകൾക്കും അവരുടെ ക്ലയന്റുകൾക്കൊപ്പം ഈ ആപ്പ് ഉപയോഗിക്കാം. ഓരോ ആപ്പിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം മാനസികാരോഗ്യ പിന്തുണാ സംഘടനകൾക്ക് നൽകും.

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI,) യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ വംശീയ സംഘടനയാണ്, ഇന്ത്യൻ -അമേരിക്കൻ  വംശജരായ ഏകദേശം 100,000 ഡോക്ടർമാർ ഇതിൽ അംഗങ്ങളാണ്. AAPI- യെയും അതിന്റെ പ്രോഗ്രാമുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി : www.aapiusa.org സന്ദർശിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക