ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സണ്ണി'ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്നു. ജയസൂര്യയും സംവിധായകന് രഞ്ജിത്ത് ശങ്കറും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രം സെപ്റ്റംബര്‍ 23നാണ് റിലീസ് ചെയ്യുന്നത്. സണ്ണിയുടെ ടീസറും റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പങ്കുവെച്ചിട്ടുണ്ട്.
ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്:
'സിനിമയില്‍ വന്നിട്ട് 20 വര്‍ഷങ്ങളായി. സിനിമ മേഖലയെ 20 വര്‍ഷങ്ങളായി അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്നു. മികച്ച സംവിധായകരോടും, നിര്‍മ്മാതാക്കളോടും, സാങ്കേതിക വിദഗ്ധരോടും, അഭിനേതാക്കളോടും ഒപ്പം ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 20 വര്‍ഷങ്ങളായി. വളര്‍ച്ചയുടെ 20 വര്‍ഷങ്ങള്‍. ഒപ്പം 20 വര്‍ഷത്തെ നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി.
മനോഹരമായ ഈ 20 വര്‍ഷങ്ങളില്‍ 100 സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. 100 കഥകളിലെ 100 കഥാപാത്രങ്ങള്‍. മറക്കാനാവാത്ത സ്റ്റാര്‍ട് ക്യാമറ ആക്ഷനുകള്‍, കട്ടുകള്‍.
അഭിനയ യാത്രയുടെ തുടക്കത്തില്‍ എന്റെ നൂറാമത്തെ സിനിമയായി സണ്ണി പ്രഖ്യാപിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റ് കഥാപാത്രങ്ങളെപ്പോലെ പ്രത്യേകതകള്‍ സണ്ണിക്ക് ഉണ്ടെങ്കിലും സണ്ണി എനിക്ക് കുറച്ചുകൂടി സ്പെഷ്യലാണ്. ആമസോണ്‍ പ്രൈമില്‍ 240 രാജ്യങ്ങളിലായി സെപ്റ്റംബര്‍ 23 ന് സണ്ണി പ്രദര്‍ശനത്തിന് എത്തും.'
ഡ്രീംസ് ആന്‍ഡ് ബിയോണിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്