Image

കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം

അനിൽ പെണ്ണുക്കര Published on 15 September, 2021
കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം
അഭിപ്രായഭിന്നതകളും കൊഴിഞ്ഞു പോക്കും കോൺഗ്രസിൽ സർവ്വസാധാരണമാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ പി അനിൽകുമാറിന്റെ മുന്നണി മാറ്റം പാർട്ടിയിൽ വലിയ രാഷ്ട്രീയ പോര് തന്നെ സൃഷ്ടിക്കുമെന്നുറപ്പാണ്. ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പറഞ്ഞ അതേ വിമർശനം പാർട്ടിയ്ക്കെതിരെ അനിൽകുമാർ നടത്തിയപ്പോൾ എങ്ങനെയാണ് അയാൾ മാത്രം കുറ്റക്കാരനായത്?. എന്തുകൊണ്ടാണ് അയാൾക്കെതിരെ മാത്രം നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചത്?. ചോദ്യങ്ങളുടെ ഉത്തരം തന്നെയാണ് നിലവിൽ കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അഭിപ്രായവ്യത്യാസം ഉണ്ടായാൽ അത് പറഞ്ഞു തിരുത്താൻ പോന്ന ഒരു സാഹചര്യം കോൺഗ്രസ് പാർട്ടിയിൽ പലപ്പോഴും ഉണ്ടായിട്ടില്ല.

 ഒരു പാർട്ടിയിൽ നിന്ന് രാജി വെക്കുക എന്നുള്ളത് ജനാധിപത്യ രാജ്യത്തെ ഏറ്റവും നല്ല സ്വാതന്ത്ര്യം തന്നെയാണ്. അതിന്റെ പേരിൽ പാർട്ടിയോ നേതാക്കളോ പരസ്പരം ചെളിവാരിയെറിയേണ്ട ആവശ്യമില്ല. കെ മുരളീധരനും മറ്റും അനിൽ കുമാറിന്റെ വിലയിരുത്തിയത്  ഒട്ടും പക്വതയില്ലാത്ത ഒരു രാഷ്ട്രീയനേതാവിനെ പോലെയാണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യമുള്ള ഒരു പാർട്ടിയ്ക്ക് എങ്ങനെയാണ് ഇത്രയും ജീർണ്ണിച്ച മാടമ്പിത്തരങ്ങളെ കൊണ്ടുനടക്കാനാവുന്നത്. പലപ്പോഴും കോൺഗ്രസ്‌ ഒരു പ്രതീക്ഷയായിരുന്നു. പ്രതിപക്ഷത്ത് വി ഡി സതീശനും കെ പി സി സി സെക്രട്ടറിയായി കെ സുധാകാരനും വന്നതോടെ aa പ്രതീക്ഷ ഇരട്ടിച്ചതുമാണ്. പക്ഷെ ഡി സി സി ലിസ്റ്റിലെ വിവാദങ്ങൾ ഒരു വലിയ ഇടിത്തീ പോലെയാണ് കോൺഗ്രസിൽ വന്നു പതിച്ചത്. സ്ഥാനം കിട്ടിയവർ കിട്ടാത്തവരെ നോക്കി കളിയാക്കി കിട്ടാത്തവർ കിട്ടിയവരെ തെറിവിളിച്ചു നടന്നു.

അനിൽകുമാറിന്റെ ഈ മാറ്റം കൊണ്ട് കോൺഗ്രസിന് നേട്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ഭിന്നതകളുടെ ഒരു വലിയ നിര പാർട്ടിയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇനിയും കൊഴിഞ്ഞു പോക്കുകൾ ഉണ്ടാകും. സി പി എം സന്തോഷത്തോടെ അവരെ സ്വീകരിക്കുകയും ചെയ്യും. പക്ഷെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് കേരളത്തിന്റെ രാഷ്ട്രീയ നീതിയാണ്. ഒരു നല്ല പ്രതിപക്ഷമില്ലാതെ ഭരണപക്ഷം മാത്രമായി ഈ കേരളത്തിന്റെ രാഷ്ട്രീയം ചുരുങ്ങിപ്പോകും. കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളെ പോലെ ഇവിടെയും ഏകാധിപത്യം തുടരും.

'ദീര്‍ഘനാളായി ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താത്തപ്പോഴും 2016ല്‍ സീറ്റ് നിഷേധിച്ചപ്പോഴും പരാതി പറഞ്ഞില്ല. എവിടെയും പോയി പരാതി പറഞ്ഞിട്ടില്ല. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ല. നൂറും ശതമാനം പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ഇത്രയും നാളും പ്രവര്‍ത്തിച്ചത്. പലതും സഹിച്ച്‌ പൊതുപ്രവര്‍ത്തനം നടത്തിയയാളാണ് ഞാന്‍. കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ടെ’ന്ന അനിൽകുമാറിന്റെ വാക്കുകളിലുണ്ട് കോൺഗ്രസിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന്. പി എസ് പ്രശാന്ത് തന്റെ ഫേസ്ബുക് പേജിലൂടെ പറഞ്ഞത് പോലെ കണ്ടറിയാം കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന്.
Join WhatsApp News
jose cheripuram 2021-09-16 00:23:31
I don't think there will be coming back for congress in Kerala, unless there is break up in CPM/CPI, which is quite unlikely.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക