Image

മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)

Published on 16 September, 2021
മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)

അമേരിക്കയിൽ ഉൾപ്പെടെ പത്തുലക്ഷതിലേറെ  വിശ്വാസികൾ അംഗങ്ങളായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒമ്പതാം കാതോലിക്ക ബാവയും ഇരുപത്തിരണ്ടാമതു മലങ്കര മെത്രാപ്പോലീത്തയുമായി മാത്യൂസ്  മാർ സേവേറിയോസ് തെരഞ്ഞെടുക്കപ്പെട്ടു. 

വാഴൂരിൽ ജനിച്ച മെത്രാപ്പാലീത്തക്ക് 72 വയസ് പ്രായമുണ്ട്. കോലഞ്ചേരി ആസ്ഥാനമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയും കോട്ടയം ഓർത്തഡോക്സ് സെമിനാരി  പ്രൊഫസറും ആണ്. മലബാർ, ഇടുക്കി ഭദ്രാസനങ്ങളുടെ സഹായ മെത്രാൻ കൂടിയാണ് ഇപ്പോൾ. 

 സീനിയർ മോസ്റ്റ് മെത്രാപ്പോലീത്ത കുരിയാക്കോസ് മാർ ക്ളീമിസിന്റെ അധ്യക്ഷതയിൽ കോട്ടയം ദേവലോകം അരമനയിൽ ചേർന്ന സുന്നഹദോസ് ആണ് ഏകകണ്ഠമായി ഈ തെരെഞ്ഞെടുപ്പ് നടത്തിയത്. സഭയുടെ 24  മെത്രാപ്പോലീത്തമാർ ഒന്നടങ്കം സിനഡിൽ സംബന്ധിച്ചിരുന്നു. ആറു  ഭദ്രാസനങ്ങൽ ഒഴിഞ്ഞു കിടക്കുകയാണ്. 

സുന്നഹദോസിന്റെ ശുപാർശ ഒക്ടോബർ 14നു പരുമലയിൽ ചേരുന്ന നാലായിരം പേരടങ്ങിയ മലങ്കര സഭാ അസ്സോസിയേഷനിൽ അവതരിപ്പിക്കും. നിർദേശം എതിരില്ലാതെ അംഗീകരിക്കാനാണ് എല്ലാ സാധ്യതയും. യോഗം സ്റ്റേ ചെയ്യണമെന്ന പാത്രിയർകീസ്  പക്ഷത്തിന്റെ ഹർജി സുപ്രീം കോടതി നിരാകരിച്ചിരുന്നു.  1934 ലെ ഭരണഘടനപ്രകാരമാണ് അസോസിയേഷൻ യോഗം വിളിച്ച് കൂട്ടിയിട്ടുള്ളത്. 

വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗമായ മറ്റത്തിൽ ചെറിയാൻ അന്ത്രയോസിന്റെ മകൻ മത്തായിയായി 1949 ഫെബ്രുവരി 12നു  ജനിച്ച മാർ സേവേറിയോസ്, കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം  നേടി.  കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്ന് ജിഎസ്‌റ്റിപാസായി. 

സെറാമ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബീഡി ബിരുദം നേടിയ അദ്ദേഹം ലെനിൻഗ്രാഡ് തിയളോജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഉപരിപഠനം നടത്തി. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ്  തിയോളജിയിൽ മാസ്ടഴ്‌സും പിഎച്ഡിയും നേടിയത്. 

മാർ സേവേറിയോസ് 1976 ൽ ഡീക്കനും  1978 ൽ വൈദികനും ആയി.  ബസേലിയോസ് മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായാണ് വൈദിക പട്ടം നൽകിയത്.1991 ഏപ്രിൽ 30നു  പരുമലയിൽ വച്ച് എപ്പിസ്കോപ്പയായി. 1993 ൽ മെത്രാപ്പോലീത്തയായി. 

ഓർത്തഡോക്സ് സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്യുന്ന അദ്ദേഹം ജീവകാരുണ്യ പരമമായ നിരവധി പ്രസ്ഥാനങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു. വനിതകളുടെ ഉന്നമനത്തിനിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധാലുവാണ്.   സുന്നഹദോസിന്റെ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. സെമിനാരി വൈസ് പ്രസിഡന്റായും കാതോലിക്കാ ബാവയുടെ അസിസ്റ്റന്റ് ആയും സേവനം നടത്തിയിട്ടുണ്ട്.  

ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളിൽ  മലങ്കരസഭയെ നയിക്കാൻ ഏറ്റവും സമുചിതനായ വ്യക്തിയാണ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നു ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്  'ഇമലയാളി'യോട്  പറഞ്ഞു. 

"സഭയുടെ ഭരണഘടനയും വിശ്വാസപ്രമാണങ്ങളും ആരാധന ക്രമങ്ങളും കാനോനുകളും സംബന്ധിച്ച തികഞ്ഞ അവഗാഹവും പാണ്ഡിത്യവും  ഉള്ള ആളാണ് അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള താല്പര്യം അദ്ദേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു. 

"കണ്ടനാട് ഭദ്രാസനത്തിൽ പതിനഞ്ചിൽ പരം പ്രോജക്ടുകൾക്കു മേൽനോട്ടം വഹിക്കുന്ന വ്യക്തികൂടിയാണ് സഭയുടെ തലവനായി വരുമ്പോൾ അത്തരം പ്രസ്ഥാനങ്ങളുടെ ആക്കവും ഊർജവും വർധിക്കും എന്നതിൽ സംശയം ഇല്ല.  

മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ   പ്രതീക്ഷ ഭവൻ, പ്രശാന്തി ഭവൻ, പ്രത്യാശ ഭവൻ , പ്രമോദം പദ്ധതി, പ്രസന്ന ഭവൻ, പ്രകാശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ, പ്രതിഭാ ഉൽപ്പന്നങ്ങൾ തുടങ്ങി  തുടങ്ങി ഒട്ടനവധി വികസന- കാരുണ്യ  പദ്ധതികള്‍ ഭദ്രാസനത്തിൽ നടക്കുന്നുണ്ട്. 

"ഒരു സന്യാസിക്ക് ഉചിതമായ ജീവിതക്രമവും അച്ചടക്കവും ആ ജീവിതത്തിന്റെ അവിഭാജ്യ ഘടകം ആണ്. ആറാം നൂറ്റാണ്ടിലെ സുറിയാനി ആചാര്യൻ മാബഗിലെ  പീലക്സിനോസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തു ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ്. സെമിനാരിയിൽ പഠിപ്പിക്കുന്നതും ക്രിസ്‍തു ശാസ്ത്രം."

മാർ സേവ്യറിയോസിന്റെ ഡോക്ടറൽ പ്രബന്ധം ജർമനിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു ഡോ. കോനാട്ട് അറിയിച്ചു. 

കൃതികള്‍ : നിത്യജീവനില്‍, എഫേസ്യ, ഫിലിപ്പ്യ, കൊലോസ്യ ലേഖനങ്ങള്‍-ഒരു വ്യാഖ്യാനം, പൗരസ്ത്യ വേദശാസ്ത്ര ദര്‍ശനങ്ങള്‍, പൗരസ്ത്യ സഭാ ശാസ്ത്ര ദര്‍ശനങ്ങള്‍. 

English: Begotten not Made: Christology in Perspectives, Word Became Flesh: Christology of Philoxinos of Mabbug, Didaskalia: Church, Worship and Unity.

കൃതികൾ സെമിനാരി പഠിതാക്കൾക്കും അൽമായക്കാർക്കും ഒരുപോലെ പ്രയോജനവും പ്രചോദനവും നൽകുന്നതാണെന്ന് അവയുടെ രൂപകല്പനയിൽ സഹായിച്ച സെമിനാരി പ്രൊഫ. ഫാ. ഡോ. ജോൺ കരിങ്ങാട്ടിൽ സാക്ഷ്യപ്പെടുത്തുന്നു. 

മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)
പുതിയ കാതോലിക്കാബാവ മാത്യൂസ് മാർ സേവേറിയോസ്
മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)
'ആമോസ്' എന്ന ശുശ്രൂഷ്രക സംഘത്തിന്റെ സമ്മേളനം. ഇടത്ത് ഫാ ജോൺസ് എബ്രഹാം കോനാട്ട്
മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)
എഴുപതാം പിറന്നാൾ ന്യുയോർക്കിൽ ആഘോഷിച്ച മുൻ ബാവായോടൊപ്പം
മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)
ജന്മദിന കേക്ക് പങ്കിടൂന്നു
മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)
ഓർത്ത. സെമിനാരി ദ്വിശതാബ്ദി സ്റ്റാമ്പ് രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി പുറത്തിറക്കിയപ്പോൾ
Join WhatsApp News
Abey 2021-09-16 23:29:23
🙏2000000 ലക്ഷത്തിൽ പരം വിശ്വാസികളെ നയിക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ബഹുമാന്യ സഭാ പിതാവിന് എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. കഴിഞ്ഞതെല്ലാം മറന്നു ഓർത്തഡോക്സ്‌ - യാക്കോബായ സഹോദരി സഹോദരന്മാരുമായി എല്ലാ വഴക്കും പിണക്കവും തീർത്തു നിങ്ങൾക്ക് നിങ്ങളുടെ പള്ളി ഞങ്ങൾക്ക് ഞങ്ങളുടെ പള്ളി പഴേ പോലെ സ്നേഹവും പരസ്പര വിവാഹവും എല്ലാം മടക്കി കൊണ്ടുവരാൻ ഒരു കല്പന ദൈവ കൃപയിൽ ആശ്രയിച്ചു ധൈര്യമായി ഇറക്കിയാൽ അത് നടപ്പിൽ വരുത്തിയാൽ തന്റെ ദേവലോകത്തെ സിംഹാസനവും അജഗണവും എല്ലാം അനുഗ്രഹിക്കപ്പെടും. വന്ദ്യ പിതാവേ അധികാരം കയ്യിൽ ഇരിക്കുവല്ല്യോ ഒറ്റ വാക്കിൽ തീരാനുള്ള പ്രശനം അല്ലെ ഉള്ളൂ? തന്റെ സഹോദരനോട് പിണക്കം വച്ച് കൊണ്ട് എത്ര കുർബാന ചൊല്ലിയാലും വേദ പുസ്തക പ്രകാരം ദൈവം പ്രസാദിക്കും എന്ന് ദൈവ വചനം അറിയുന്ന ഒറ്റ ആളും വിശ്വസിക്കില്ല. (യേശു വിന്റെ പഠിപ്പീരുകൾ മുഴുവൻ ക്ഷമിക്കാനും,സഹിക്കാനും,അതിലുപരി സ്നേഹിക്കാനും,മനസ്സലിവും ഒക്കെ തന്നെ ആയിരുന്നു.) ക്രിസ്തിയാനികൾക്ക് വളരെ അധികം വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തു് ജാതീയരുടെ ഇടയിൽ വീണ്ടും വീണ്ടും യേശുവിനെ ക്രൂശിക്കുവാൻ വഴക്കും വക്കാണവുമായി വീണ്ടും കോടതി കയറി ഇറങ്ങി പള്ളി പിടുത്തവും,തെരുവിൽ തമ്മിൽ തല്ലും,ശവം വച്ച് ചീത്ത വിളിയും,കുടുംബക്കാരെ തമ്മിൽ പിണക്കിയും കഴിഞ്ഞ 5 -8 വർഷം കണ്ടപോലെ ഇനിയെങ്കിലും ഉണ്ടാകാതെ ഒരു മടങ്ങി വരവിനു വേണ്ടി ശ്രമിക്കുമോ എന്ന് വരുന്ന ദിവസങ്ങളിൽ,മാസങ്ങളിൽ നിന്നും നമ്മുക്ക് കാണാം.ഒരു കല്യാണം പോലും അങ്ങോട്ടും ഇങ്ങോട്ടും നടത്താൻ മേലാത്ത അവസ്ഥ ഉണ്ടാക്കിയില്ല? യേശു ക്രിസ്തുവിന്റെ ഗ്രേറ്റ് കമ്മിഷൻ....... [ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.] എന്നായിരുന്നു. അല്ലാതെ ലോകം ഒക്കെയും ദൈവ മക്കളെ ലോകക്കാരുടെ ഇടയിൽ നാറ്റിക്കുക എന്നല്ലായിരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ രണ്ടു കൂട്ടരിൽ നിന്നും ഉണ്ടായെങ്കിലേ പ്രയോജനം ഉള്ളൂ. ഈ വിഷയത്തിൽ പ്രതികരിക്കുക മാത്രം അല്ല പ്രാർത്ഥിക്കുയും ചെയ്യുന്നു.🙏 എബി
Abey 2021-09-17 01:59:43
10 ലക്ഷം എന്ന് തിരുത്തി വായിക്കാൻ അപേക്ഷ (
Vayanakkaran 2021-09-17 03:00:04
സുപ്രീം കോടതി ഡേറ്റാ അനുസരിച്ച് (2017 ജൂലായ്‌) ഓർത്തസോക്‌സ് സഭയുടെ ജനസംഖ്യ 21 ലക്ഷത്തിൽ കൂടുതൽ ആണ്. ഈ 10 ലക്ഷത്തിൻറെ കണക്കു എവിടെ കിട്ടി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക