Image

കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ, കുട്ടികളുടെ മേഴ്സി ടീച്ചർ: രേഖ കൃഷ്ണൻ

Published on 17 September, 2021
കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ, കുട്ടികളുടെ മേഴ്സി ടീച്ചർ: രേഖ കൃഷ്ണൻ

മരിക്കുന്നവരൊക്കെ മാലാഖമാരാകുമെന്നാണ് കുട്ടിക്കാലത്ത് ഞാൻ കരുതിയിരുന്നത്.  സ്വപ്നങ്ങളിൽ വന്ന മാലാഖമാർ ഒക്കെ മരിച്ചവരാണല്ലോ എന്ന സങ്കടവും അന്നുണ്ടായിരുന്നു. മുതിർന്നതോടെ മരണത്തിന്റെ ആഴവും വേദനകളും  കേട്ടറിഞ്ഞു തുടങ്ങി.

പത്രങ്ങളിലെ ചരമ കോളങ്ങളിൽ വെറുതെ കണ്ണോടിക്കും. എത്ര പേരെ കരയിപ്പിച്ചു കൊണ്ടാണ് ഈ പേജിൽ ചിരിച്ചു നിൽക്കുന്നതെന്ന് ഞാനവരോട് ചോദിക്കാറുണ്ട്. കുട്ടുകാരികളുടെ ബന്ധുക്കളുടെ മരണ വാർത്തകൾ കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ.

പിന്നീടങ്ങോട്ട് സ്വയം മരണത്തെ വരിക്കാൻ തീരുമാനിച്ചുപേക്ഷിച്ച ഉറങ്ങാത്ത എത്രയെത്ര രാവുകൾ കടന്നുപോയിരിക്കുന്നു. മാലാഖയാവാനൊന്നുമല്ല. ജീവിതത്തിലെ വേദനകളൊന്നുമറിയാത്ത ഉറക്കം മാത്രമാണ് മരണം എന്ന തോന്നലുകളാണ് എന്നെ മരണത്തെക്കുറിച്ചു ചിന്തിക്കാൻ അന്നൊക്കെ പ്രേരിപ്പിച്ചിരുന്നത്.

കടലിളകിവന്നാലും ഞാൻ മുന്നിലുണ്ട് നീ ഭയക്കേണ്ടെന്ന വാക്കുകളുടെ നേരിയ നൂൽത്തുമ്പിൽ പിടിച്ച് കരകയറിയ ദിനരാത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ . സൗഹൃദത്തിന്റെ കോട്ട കൊത്തളങ്ങൾക്കകത്തെ രാജകുമാരിയാണെന്ന് ഞാൻ തിരിച്ചറിയാറുണ്ട്. ആ തിരിച്ചറിവുകളിൽ ആനന്ദിക്കാറുണ്ട്. കണ്ണീരുകൾ ബാഷ്പീകരിക്കാറുണ്ട്. മണ്ണോട് ചേരുമ്പോഴും ചിരിച്ചേ മടങ്ങു എന്ന് ശപഥം ചെയ്യാറുണ്ട്.

ഇത്തവണ ഓണത്തിന് നീല നിറമായിരുന്നു. ആസ്പത്രിയിലെ അതീവ ഗുരുതര നിലയിലായവരെ ശുശ്രൂഷിക്കുന്ന മുറിക്ക് നീല നിറമാണ്. മുറിയുടെ അടഞ്ഞുകിടക്കുന്ന കണ്ണാടി വാതിലിന് മുന്നിലെ സ്റ്റീൽ കസേരയിലിരിക്കെ നീല ജനൽവിരി വിടവിലൂടെ ഞാൻ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.

വാതിൽ തുറക്കുന്നതും കാത്തുള്ള ഇരിപ്പിൽ ഓർമ്മകളുടെ വാതിലുകളും ജാലകങ്ങളും തുറന്നു വെച്ചു. ഭൂതകാലക്കുളിരിൽ മുങ്ങി നിവർന്നു. അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങിയാടി നടന്ന മായിപ്പാടിയിലെ കുട്ടിക്കാലങ്ങൾ. കർക്കശക്കാരിയായ അമ്മയുടെ ബാലപാഠങ്ങൾ. കൗമാരത്തിലെ കരുതലുകൾ. പക്ഷെ യൗവ്വനത്തിൽ വിധി പരീക്ഷണം കൊണ്ടാവാം; ചില തീരുമാനങ്ങൾ എന്റെ ജീവിതത്തിൽ നിഴൽ പരത്തിയത്. മക്കളുടെ ക്ഷേമം മാത്രം കരുതുന്ന മാതാപിതാക്കൾക്ക് തെറ്റുപറ്റാറില്ല.  എം ടി. മരണത്തെ രംഗ ബോധമില്ലാത്ത കോമാളി എന്ന് പറഞ്ഞിട്ടുണ്ടല്ലോ. എന്റെ ജീവിതത്തിൽ വിധിയെയാണ് രംഗ ബോധമില്ലാത്ത കോമാളിയായി  ഞാൻ കരുതുന്നത്. വിധി ഇഞ്ചിഞ്ചായി വന്ന് ഹൃദയത്തെ കൊത്തി നുറുക്കിയ എത്രയെത്ര ഋതുക്കൾ കടന്നുപോയിരിക്കുന്നു. ഇനി തിരിച്ചു കിട്ടാത്ത സ്വപ്നങ്ങൾ.

ആഗസ്ത് 24 ഉച്ചനേരം 1.20 മണി. വാതിൽ തുറന്നു വന്ന ഡോക്ടർ അടുത്തേക്ക് വിളിച്ചു പറഞ്ഞു. കണ്ടോളൂ. വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് ഓടിക്കയറിയപ്പോൾ അമ്മ അത്രമേൽ ക്ഷീണിതയാണ്. അമ്മയുടെ
കൃഷ്ണമണികളിൽ എന്നെ ഞാൻ തന്നെ നോക്കി നിന്നു.  നോക്കി നോക്കി കൊണ്ടിരിക്കെ എന്നെ മുഴുവനായി കണ്ണിനകത്താക്കി അമ്മയുടെ ഇമകൾ പതിയെ അടഞ്ഞു. ഹൃദയമിടിപ്പളന്നു കൊണ്ടിരുന്ന ഉപകരണങ്ങൾ ചുവപ്പു മിന്നി അലറി വിളിച്ചു. നഴ്സുമാർ ഓടി വന്ന് ചുറ്റും കൂടി. കണ്ണുകൾ നിറഞ്ഞ് എനിക്ക് എല്ലാം അവ്യക്ത കാഴ്ചകളായി. ആകാശത്തു നിന്നും പറന്നെത്തിയ മാലാഖമാർ വെള്ളവസ്ത്രം ധരിച്ച ഭൂമിയിലെ മാലാഖമാരിൽ നിന്നും അമ്മയെയും ഏറ്റുവാങ്ങി തിരിച്ചു പോകുന്നു. മരണത്തിന്റെ ആഴം, വേദന ഞാൻ അറിയുന്നു.

വി.വി. മേഴ്സി . പ്രഗത്ഭനായ, പ്രശസ്തനായ, സൗമ്യനായ കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ. കുട്ടികളുടെ
മേഴ്സി ടീച്ചർ.

കൃസ്ത്യൻ ആചാരപ്രകാരമാണോ ഹിന്ദു ആചാരപ്രകാരമാണോ സംസ്കാര ചടങ്ങുകൾ വേണ്ടെതെന്ന ചോദ്യം ഉയർന്നു. വീട്ടിലെത്തിയ ആൾക്കൂട്ടത്തിൽ നിന്ന് പതിയെ ഉയർന്ന ചോദ്യം അച്ഛൻ എങ്ങിനെ മറികടക്കുമെന്ന് ഞാൻ ശ്രദ്ധിച്ചു. " വിവാഹം ചെയ്ത് എന്റെ ജീവിതത്തിലേക്ക് അവളെ കൊണ്ടു വരുമ്പോൾ ഒരു ആചാരവും നോക്കിയിട്ടില്ല. അന്നൊരു വിളക്ക് കത്തിച്ചു വെച്ചിരുന്നു. വേർപിരിയുന്ന വേളയിലും അതാവാം. ശാന്തി കവാടത്തിൽ അവളുറങ്ങട്ടെ."

അച്ഛൻ ആകാശം മുട്ടെ വളർന്ന് നിൽക്കുന്ന നന്മമരമായേ എനിക്കെന്നും തോന്നിയിട്ടുള്ളു. അച്ഛനോളം എത്താനായില്ലെങ്കിലും ആകാശം നോക്കി വളരുന്ന ഒരു ചെടിയായെങ്കിലും എനിക്ക് വളർന്നേ പറ്റൂ. അതാണ് ഇനിയുള്ള ലക്ഷ്യവും യാത്രയും.

അച്ഛന്റെ കാർട്ടൂണുകളിൽ മരിച്ചവർക്കൊക്കെ ചിറകു മുളക്കാറുണ്ട്. കാർട്ടൂണിസ്റ്റ് ശങ്കറും
സുകുമാർ അഴീക്കോടും മഹാകവി ടി.ഉബൈദും ബാലകൃഷ്ണൻ മാങ്ങാടും സി. രാഘവൻ മാഷും കെ.എം. അഹ്മദ് മാഷും ചിറകു വിടർത്തി പറക്കുന്ന അച്ഛൻ വരച്ച എത്രയെത്ര കാർട്ടൂണുകൾ ഞാൻ കണ്ടിരിക്കുന്നു. അവരൊക്കെ അച്ഛന് അത്രയേറെ പ്രിയപ്പെട്ടവരായിരുന്നു.

എന്റെ അമ്മ ചിറകു വിടർത്തി മലാഖയെപ്പോലെ പറക്കുന്നത് പപ്പ കാണുന്നില്ലെ. പ്ലീസ് പപ്പ; വരയ്ക്കണം. പൊടിപിടിച്ച പപ്പയുടെ എഴുത്തു മേശ ഞാൻ തുടച്ചു വെച്ചിട്ടുണ്ട്. പപ്പയുടെ വിരലുകളിലൂടെ അമ്മയ്ക്ക് ജീവൻ വെയ്ക്കുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു. നിങ്ങൾ ഒന്നിച്ചു ചേർന്ന, ഞാൻ ജനിച്ചു വീണ ഈ കാസർകോടിന്റെ മണ്ണിൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക