Image

ആലപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ പൊഴിയില്‍ വീണ്

Published on 17 September, 2021
ആലപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ പൊഴിയില്‍ വീണ്


ആലപ്പുഴ: ആലപ്പുഴ കലവൂരിനടുത്ത് ഓമനപ്പുഴ പൊഴിയില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നാല് തൈക്കല്‍ നെപ്പോളിയന്‍-ഷൈമോള്‍ ദമ്പതികളുടെ മക്കളായ അഭിജിത് (10) അനഘ (9) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വീടിനടുത്തുള്ള പൊഴിയിലാണ് കുട്ടികള്‍ വീണത്.  മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

അഭിജിത്ത് അഞ്ചാം ക്ലാസിലും അനഘ നാലാം തരത്തിലുമാണ് പഠിക്കുന്നത്. ഓടാപ്പൊഴി നിറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം പൊഴി മുറിച്ച് കടലിലേക്ക് നീരൊഴുക്കിയിരുന്നു. ഈ ഒഴുക്കില്‍ പൊഴിത്തിട്ടയില്‍ ബലക്ഷയം സംഭവിച്ചിടത്ത് ചവിട്ടിയപ്പോള്‍ കുട്ടികള്‍ വെള്ളത്തില്‍ വീണതാകാം എന്നാണ് അനുമാനം. 

ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക