Image

പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Published on 18 September, 2021
പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
നാദാപുരം : പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ച സംഭവത്തില്‍ രണ്ടുപേരെ നാദാപുരം പോലീസ് അറസ്റ്റുചെയ്തു. നാദാപുരം സ്വദേശികളായ ഉള്ളീന്‍റവിട ഉസ്മാന്‍ എന്ന ഇസ്മായില്‍ (50), തയ്യുള്ളതില്‍ ബീരാന്‍ (41) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കെട്ടിവലിക്കാന്‍ ഉപയോഗിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കുമ്മങ്കോട് അങ്ങാടിക്കടുത്തുവെച്ചാണ് സംഭവം. അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതായി പോലീസ് പറഞ്ഞു.

ഇതിനെ പിടികൂടിയവരാണ് പോത്തിനെ ഓട്ടോയില്‍ കെട്ടിയത്. വിരണ്ടോടിയ പോത്ത് അക്രമാസക്തമാകുമെന്നും അതിനാലാണ് ഓട്ടോയ്ക്ക് പിന്നില്‍ കെട്ടിയതെന്നുമാണ് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞത്. കെട്ടിവലിച്ച പോത്തിനെ വെള്ളിയാഴ്ച അറുത്ത് വില്‍പ്പനനടത്തി. ഓട്ടോയ്ക്കുപിന്നില്‍ പോത്തിനെ കെട്ടിവലിക്കുന്ന വീഡിയോ ദൃശ്യം സാമൂഹികമധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പോത്തിനെ ഓടിക്കുന്ന ദൃശ്യം പിന്നിലുള്ള വാഹനത്തിലെ ആരോ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നാദാപുരം പോലീസ് സ്വമേധയാ കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിക്കല്‍, മൃഗങ്ങളെ ഉപദ്രവിക്കല്‍, പൊതുജനങ്ങള്‍ക്ക് ശല്യമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക