Image

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

Published on 18 September, 2021
അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

അമേരിക്കയലെ ചെറുതും വലുതുമായ എല്ലാസംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യംകിട്ടണമെന്ന ഉദ്ദേശത്തോടെയാണ് പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ഇലക്ട്രല്‍ വോട്ടിങ്ങ് സിസ്റ്റം ആവിഷ്‌കരിച്ചത്. അതുകൊണ്ടാണ് കൂടുതല്‍ പോപ്പുലര്‍ വോട്ടുകള്‍നേടുന്ന വ്യക്തി പരാജയപ്പെടുന്നതും കുറഞ്ഞവോട്ടുകള്‍ നേടുന്നവര്‍ വിജയിച്ച് പ്രസിഡണ്ടാകുന്നതും. ജോര്‍ജ്ജ് ഡബ്‌ളിയു ബുഷ് പ്രസിഡണ്ടായത് ഫ്‌ളോറിഡയിലെ ആയിരത്തില്‍താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നേടിയ 27 ഇലക്ട്രല്‍ വോട്ടുകള്‍കൊണ്ടാണ്. പബ്‌ളിക്ക് ഒപ്പീനിയന്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന അല്‍ഗോറിന് അനുകൂലമായിരുന്നു. എന്നിട്ടും അദ്ദേഹം പരാജയപ്പെട്ടു. ന്യുയാര്‍ക്ക്, ന്യൂജേര്‍സി, കാലഫോര്‍ണിയ തുടങ്ങിയ വലിയസംസ്ഥാനങ്ങള്‍ എല്ലാക്കാലത്തും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായാണ് വോട്ടുകള്‍ രേഖപ്പെടുത്താറുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലുംകൂടി നൂറില്‍പരം ഇലാക്ട്രല്‍ വോട്ടുകളുണ്ട്. ഇത്രയും വോട്ടുകള്‍ ഒരുസ്ഥാനാര്‍ഥി വിജയിക്കാന്‍ അനുകൂല ഘടകമാണ്. റിപ്പബ്‌ളിക്കന്മാരായ ജോര്‍ജ്ജ് എച്ച്. ബുഷും ഡബ്‌ളിയു ബുഷും പിന്നീട് ട്രംപും വിജയിച്ചെങ്കിലും പോപ്പുലര്‍ വോട്ടുകള്‍ അവര്‍ക്കെതിരായിരുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ന്യായാന്യായങ്ങളെപറ്റി പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇലക്ട്രല്‍ വോട്ടുകളുടെ ബലത്തില്‍ ബുഷ് പ്രസിഡണ്ടായി. അദ്ദേഹം നല്ല ഒരുപ്രസിഡണ്ടായി തീരുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, നല്ലതൊന്നും അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. രാജ്യം കുളംതോണ്ടുമെന്നും പ്രതീക്ഷിച്ചില്ല. സീനിയര്‍ ബുഷ് കഴിവുള്ളവനായിരുന്നു. മകന്‍ അങ്ങനെ ആയിക്കൊള്ളണമെന്നില്ല.ചരിത്രത്തില്‍ നോക്കിയാല്‍ ചിലരാജാക്കന്മാര്‍ നല്ലഭരണാധികാരികളും അവരുടെ പിന്‍ഗാമികളായ മക്കള്‍ മണ്ടന്മാരും ആയിരുന്നതായി കാണാം.
പ്രസിഡണ്ട് ബുഷിന്റെ ഭരണം മുന്‍പോട്ട് പോയി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് 9/11 സംഭവിക്കുന്നത്. ന്യുയോര്‍ക്കിലെ ട്വിന്‍ ടവേര്‍സും ഡിസിയിലെ പെന്റഗണും ഭീകരീക്രമണത്തില്‍ തകര്‍ന്നു. ഫളോറിഡയിലെ എലിമെന്ററി സ്‌കൂളില്‍ കൊച്ചുകുട്ടികളോട് ചെമ്മരിയാടിന്റെ കഥപറഞ്ഞുകൊണ്ടിരിക്കുന്ന പ്രസിഡണ്ട് ബുഷിനെ നമ്മള്‍ ടീവിയില്‍ കണ്ടു. ഒരാള്‍ കടന്നുവന്ന് ടവേര്‍സ് തകര്‍ന്നതിനെപറ്റി അദ്ദേഹത്തോട് പറയുന്നു. പകച്ചുപോയ പ്രസിഡണ്ട് കഥപറച്ചില്‍ ഇടക്കുവച്ച് നിറുത്തിയിട്ട് എന്തുചെയ്യണമെന്ന് അറിയാതെ വിളറിയ മുഖവുമായി എഴുന്നേല്‍കുന്നു. ഈസമയം അമേരിക്കക്കാരും രാജ്യസ്‌നേഹികളായ കുടിയേറ്റക്കാരും തകര്‍ന്ന ഹൃദയവുമായി ടീവിയിലെ കാഴ്ച്ച കാണുകയായിരുന്നു. ടവേര്‍സ് തകര്‍ന്നിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ഹൃദയഭേദകമായ ആ കാഴ്ച്ചകാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.
അല്‍ഖൈദയും ബിന്‍ ലാഡനുമാണ് ഭീകരാക്രമണത്തിനുപിന്നിലെന്ന് ബുഷ് പറഞ്ഞ് നമ്മള്‍ മനസിലാക്കി. അവര്‍ അഫ്ഗാനിസ്ഥാനിലിരുന്നുകൊണ്ടാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നും ക്രിമിനലുകളെ നീതിപീഠത്തിനുമുന്‍പില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞതിനെ കക്ഷിരാഷ്ട്രീയ ഭേദനൃമെന്യെ എല്ലാവരും സ്വാഗതം ചെയ്തു. അങ്ങനെയാണ് അഫ്ഗാന്‍ യുദ്ധം ആരംഭിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ ഭരണം ഒരുപാട് ദുഷ്‌പേര് സമ്പാദിച്ചതുകൊണ്ട് അമേരിക്കന്‍ അധിനിവേശത്തെ എല്ലാരാജ്യങ്ങളും അനുകൂലിച്ചു. ബിന്‍ലാഡനെ തേടി അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ അരിച്ചുപെറക്കുമ്പോള്‍ അദ്ദേഹം പാകിസ്ഥാനില്‍ സുഹവാസത്തിലായിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങളൊന്നും, ലാഡനെ അമേരിക്കന്‍ സൈന്യം പാകിസ്ഥാനിലെത്തി വധിക്കുന്നതും ബൈഡന്‍ സൈന്യത്തെ ഒറ്റരാത്രികൊണ്ട് പിന്‍വലിച്ച് അഫ്ഗാന്‍ ഭരണം വെള്ളിത്തളികയിലാക്കി താലിബാന് സമ്മാനിക്കുന്നതും പ്രത്യേകം പറയാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അഫ്ഗാന്‍ യുദ്ധം അനിവാര്യമായ ഒന്നായിരുന്നു; പക്ഷേ ഇറാക്ക് യുദ്ധം അങ്ങനെയൊന്നായിരുന്നില്ല.
ബുഷ് എന്തിന് ഇറാക്കില്‍ യുദ്ധത്തിനുപോയി? ഒന്നാം ഇറാക്ക് യുദ്ധം അനിവാര്യമായതായിരുന്നു. അഹങ്കാരിയായ സദ്ദാം ഹുസൈന്‍ കുവൈറ്റ് എന്ന ചെറുരാജ്യത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത് ലോകരാഷ്ട്രങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഇങ്ങനെ വലിയ രാജ്യങ്ങള്‍ ചെറുരാജ്യങ്ങളെ വിഴുങ്ങാന്‍ തുടങ്ങിയാല്‍ സംഗതി എന്തായിത്തീരും? അറബിരാജ്യങ്ങളുടെ സുഹൃത്തും ലോകനീതിപാലകനുമായ അമേരിക്ക രംഗത്തെത്തുന്നത് അങ്ങനെയാണ്. സദ്ദാമിനെ തുരത്തി കുവൈറ്റ് സ്വതന്ത്രമാക്കുന്നതിനെ റഷ്യയും ചൈനയുംവരെ അനുകൂലിച്ചു, കേരളത്തിലെ സുഡാപ്പികളും കമ്മികളുമൊഴിച്ച്. അങ്ങനെ കുവൈറ്റ് സ്വതന്ത്രമായി, മലയാളികളുടെ തിരിച്ചുപോക്ക് ആരംഭിക്കയും ചെയ്തു.
കുവൈറ്റില്‍നിന്ന് സദ്ദാമിനെ ഒഴിപ്പിച്ച സീനിയര്‍ ബുഷ് പഴയകാല സുഹൃത്തിനോട് ഔദാര്യമെന്നനിലക്ക് മര്യാദക്കിരുന്ന് ഇറാക്ക് ഭരിച്ചുകൊള്ളാന്‍ പറഞ്ഞ് സൈന്യത്തെ പിന്‍വലിച്ചു. അടികൊണ്ടുവീണ സദ്ദാം പിന്നീട് ഇടക്കിടക്ക് വീരവാദങ്ങള്‍ മുഴക്കിയതല്ലാതെ സാഹസികതക്കൊന്നും മുതിര്‍ന്നില്ല. അപ്പന്‍ നിറുത്തിയിടത്തുനിന്ന് വീണ്ടുംതുടങ്ങണമെന്ന് യുദ്ധക്കൊതിയന്മാരായ വൈസ് പ്രസിഡണ്ട് ഡിക്ക് ചെയ്‌നിയും ഡിഫന്‍ന്‍സ് സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡും ബുഷിനെ ഉുപദേശിച്ചു. ഡിക്കിന് മറ്റൊരു ദുരുദ്ദേശംകൂടിയുണ്ടായിരുന്നു ഇറാക്ക് അധിനിവേശത്തിനുപിന്നില്‍. യുദ്ധത്തില്‍ തകര്‍ന്ന ഇറാക്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഏറ്റെടുത്ത് പണംകൊയ്യാം.
ഇറാക്ക് അധിനിവേശത്തിനുള്ള കാരണങ്ങളാണ് കണ്ടുപിടിക്കേണ്ടിയിരുന്നത്. അഫ്ഗിസ്ഥാനില്‍ യുദ്ധംചെയ്യാന്‍ ലോകരാഷ്ട്രങ്ങള്‍ സമ്മതംമൂളിയതുപോലെയാവില്ല ഇറാക്കിന്റെ കാര്യത്തില്‍. ലോകത്തെ കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിക്കേണ്ടതുണ്ട്. ഇറാക്ക് സര്‍വ്വനാശിയായ ആയുധങ്ങള്‍ (weapons of mass destruction) നിര്‍മിക്കുന്നു. സദ്ദാമിന്റെ ഭരണത്തിന്‍കീഴില്‍ അവിടുത്തെ ന്യൂനപക്ഷങ്ങള്‍ പീഡനം അനുഭവിക്കുന്നു, അയാളുടെ ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കേണ്ടത് അമേരിക്കയുടെ കടമയാണ്. തന്നെയുമല്ല ഇറാക്കിനെ ആക്രമിക്കാന്‍ ദൈവം സ്വപ്നത്തില്‍ തന്നോട് ആവശ്യപ്പെട്ടു. (ആരും വിശ്വസിക്കാത്ത ആനമണ്ടത്തരം) ഇത്രയുംമതിയല്ലൊ കാരണങ്ങള്‍.
അമേരിക്കയുടെ സൈനികബലംകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കകം ഇറാക്കിനെ കീഴ്‌പ്പെടുത്തി സദ്ദാമിനെ പുറത്താക്കാന്‍ ബുഷിന് സാധിച്ചു. സദ്ദാം ജീവനുംകൊണ്ട് ഓടിയൊളിച്ചു. അയാളുടെ ഭരണത്തിന്‍കീഴില്‍ ശ്വാസംമുട്ടി കഴിഞ്ഞിരുന്ന ഷിയകള്‍ അമേരിക്കന്‍ സെന്യത്തെ ഹാര്‍ദമായി സ്വീകരിച്ചു. സദ്ദാമിന്റെ പ്രതിമ അമേരിക്കന്‍ പട്ടാളക്കാര്‍ മറിച്ചിടുന്നതും കുട്ടികള്‍ അതിന്മേല്‍ ചാടിക്കളിക്കുന്നതും നമ്മള്‍കണ്ടു. എണ്ണപ്പെട്ട ദിവസങ്ങള്‍കൊണ്ട് സദ്ദാമിനെ കീഴ്‌പ്പെടുത്തി ഇറാക്ക് കൈവശമാക്കിയ അമേരിക്കയുടെ വിജയത്തില്‍ ബുഷും അനുയായികളും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും അഭിമാനംകൊണ്ടു. സന്തോഷിക്കാന്‍ അധികദിവസങ്ങള്‍ ഉണ്ടായിരുന്നില്ല. ക്രമേണ അമേരിക്കന്‍ അധിനിവേശത്തിനെതിരായ വകാരം ഇറാക്കികളുടെ ഇടയില്‍ വളരാന്‍ തുടങ്ങി. സദ്ദാമിനെ നിഷ്‌കാസിതനാക്കിയതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നില്ലെങ്കിലും അമേരിക്കക്കെതിരെയുള്ള വികാരം ശക്തമായി. സദ്ദാമിനെ തൂക്കിലേറ്റിയതിനെതിരെ കേരളത്തിലൊഴികെ വേറൊരിടത്തും പ്രതിക്ഷേധം ഉണ്ടായില്ല. എന്തൊരു നാണക്കേട്, കേരളീയനാണെന്ന് പറയാന്‍പോലും മടിച്ച ദിവസങ്ങളായിരുന്നു അത്
ഇറാക്ക് അധിനിവേശംകൊണ്ട് അമേരിക്കക്ക് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായി? നഷ്ടമല്ലാതെ വേറൊന്നും ഉണ്ടായില്ല. പതിനൊന്ന് ട്രില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു. ആറായിരത്തില്‍പരം യുവതീയുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. ആകെയുള്ള നേട്ടം സദ്ദാമിനെ പുറത്താക്കിയെന്നുള്ളതാണ്. ഒരു തഗ്ഗിനെ പുറത്താക്കാന്‍ അമേരിക്ക ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കണമായിരുന്നോ? ഇറാക്കിനെ അമേരിക്കയുടെ ശത്രുരാജ്യമായ ഇറാന്റെ നിയന്ത്രണത്തില്‍ ആക്കിക്കൊടുത്തത് ബുഷിന്റെ തുഗ്‌ളക്ക്മണ്ടത്തരമായി ഭാവിചരിത്രം രേഖപ്പെടുത്തും. ഇറാന്‍ അമേരിക്കയെ വെല്ലുവിളിക്കാന്‍വരെ അധിനിവേശം ഇടയാക്കി. സദ്ദാം ഇറാക്ക് ഭരിച്ചിരുന്നെങ്കില്‍ ഇറാന്‍ തലപൊക്കുമായിരുന്നില്ല.. ബുഷിന്റെ തലക്കകത്ത് വിവേകമെന്നൊരു സാധനം ഉണ്ടായിരുന്നെങ്കില്‍ സദ്ദാമിനെ വശത്താക്കി ഇറാനെതിരെ ഉപയോഗിക്കയായിരുന്നു വേണ്ടിയിരുന്നത്.. പതിനൊന്ന് ട്രില്യണ്‍ ഡോളറും അമേരിക്കന്‍ ജീവനും ചാമ്പലാക്കി ഇറാക്കിനെ ശത്രുരാജ്യത്തിന് അടിയറവെച്ച ബുഷിന്റെ ബുദ്ധിക്ക് മണ്ടന്മാര്‍ക്കുള്ള നോബല്‍സമ്മാനമുണ്ടെങ്കില്‍ കൊടുക്കേണ്ടതാണ്.
ബുഷിന്റെ നുണകളെല്ലാം പാളിപ്പോകുന്ന കാഴ്ച്ചയാണ് പിന്നീടുകണ്ടത്. രാജ്യംമൊത്തം തെരഞ്ഞിട്ടും അദ്ദേഹം പറഞ്ഞ സാധനം, വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന്‍, കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കാന്‍ സാധിച്ചു, അതും ഇറാന്റെ നിയന്ത്രണത്തിലുള്ളത്. ലോകരാജ്യങ്ങളിലെല്ലാം ജനാധിപത്യം കൊണ്ടുവരേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തം ആണോയെന്ന് ചോദിക്കട്ടെ. അതിനായി ഇത്രയും പണവും ജീവനും ചിലവാക്കേണ്ടിയിരുന്നോ? സദ്ദാമായിരുന്നു ഇറാക്ക് ഭരിച്ചിരുന്നതെങ്കില്‍ ഐ എസ്സ് പോലുള്ള ഭീകരസംഘടനകള്‍ ഉടലെടുക്കില്ലായിരുന്നു. അയാള്‍ക്ക് എന്തെല്ലാം തെറ്റുകുറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഭീകരസംഘടനകളെ വളരാന്‍ അനുവദിച്ചിരുന്നില്ല. ക്രിസ്ത്യനികളും യസീദികളും അയാളുടെ ഭരണത്തിന്‍കീഴില്‍ സുഹമായി വസിച്ചിരുന്നു. ഐ എസ്സ് ലക്ഷക്കണക്കിന് യസീദികളെയും ഷിയകളെയുമാണ് വധിച്ചത്. ഇതിനെല്ലാം ഉത്തരവാദി ബുഷാണ്.
ഇന്നിപ്പോള്‍ ഇറാന്‍ അണുവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനെ അമേരിക്കയും ഇസ്രായേലും ഭയപ്പെടുന്നു. സദ്ദാം ഉണ്ടായിരുന്നെങ്കില്‍ അങ്ങനെയൊരുകാര്യം ചിന്തിക്കപോലും ഇറാന്‍ മുതിരില്ലായിരുന്നു. കൊറിയന്‍ യുദ്ധംമുതല്‍ അഫ്ഗാന്‍വരെയുള്ള യുദ്ധങ്ങള്‍ അമേരിക്കക്ക് നാശമേ വരുത്തിയിട്ടുള്ളു. കമ്മ്യൂണിസത്തിനെതിരെ യുദ്ധംചെയ്യാനാണ് കൊറിയയിലും വിയറ്റ്‌നാമിലും പോയത്. അമേരിക്ക പോയില്ലായിരുന്നെങ്കിലും അവിടൊക്കെ കമ്മ്യൂണിസം താനെ കെട്ടടങ്ങുമായിരുന്നു, സോവ്യറ്റ് യൂണിയനില്‍ സംഭവിച്ചതുപോലെ.. ചൈനയിലും വലിയതാമസമില്ലാതെതന്നെ സോവ്യറ്റ് യൂണിയന്‍ ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍തന്നെ ചൈന കമ്മ്യൂണിസം പെട്ടിയില്‍വച്ച് പൂട്ടിയിരിക്കയാണല്ലൊ.
പരാജയപ്പെട്ട യുദ്ധങ്ങള്‍ ആവര്‍ത്തിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍ അമേരിക്കക്ക് എന്നാണ് ബുദ്ധി ഉദിക്കുക? ഇങ്ങോട്ട് ആക്രമിക്കുന്നനെ തകര്‍ക്കുക, അല്ലാത്തവരെ വെറുതെവിടുക. ഇതായിരിക്കണം അമേരിക്കന്‍ പോളിസി. ശക്തിയും ബുദ്ധിയും ഉള്ളവനെ ആക്രമിക്കാന്‍ ഒരുത്തനും മുതിരുകയില്ല.

Join WhatsApp News
abdul punnayurkulam 2021-09-20 01:26:10
Good political analysis. Yes, of course second bush didn't attack on Iraq or kill Saddam. It's waste of human lives and money. And of course, Saddam repeatedly said, they don't have any mass destructive weapon. I think Bush rather than doing right, he goes self interest with some immature influence...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക