Image

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുവെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ

Published on 19 September, 2021
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുവെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന ആരോപണവുമായി സിഎംഐ വൈദികനും ദീപിക ബാലസഖ്യംഡയറക്ടറുമായ ഫാദര്‍ റോയി കണ്ണന്‍ചിറ. നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ  പ്രസ്താവന ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കാന്‍ ഈഴവ യുവാക്കാള്‍ക്ക് സ്ട്രാറ്റജിക് ആയ പരിശീലനം ലഭിക്കുന്നുവെന്നും അത് തടയാന്‍ സഭയ്ക്കാകുന്നില്ലെന്നുമാണ് വൈദികന്‍ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ കോട്ടയത്തിന് അടുത്തുള്ള ഇടവകയില്‍ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ ഇത്തരത്തില്‍ കൊണ്ടുപോയതായും അദ്ദേഹം വ്യക്തമാക്കി.

ഫാദര്‍ റോയി കണ്ണന്‍ചിറയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത് ഇങ്ങനെ.

' സീറോ മലബാര്‍ സഭയ്ക്ക് കീഴില്‍ കോട്ടയത്തിനടുത്തുള്ള ഒരു ഇടവകയില്‍ നിന്നും ഒരു മാസത്തിനിടെ 9 പെണ്‍കുട്ടികളെ പ്രണയിച്ച്‌ കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാര്‍. ലൗ ജിഹാദിനെ പറ്റിയും നാര്‍ക്കോട്ടിക് ജിഹാദിനെ പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്, അതുപോലെ ഇതര സമുദായങ്ങളിലേക്ക് നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. സ്ട്രാറ്റജിക് ആയിട്ട് അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്നു വരെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്'. എന്നും വീഡിയോയില്‍ ആരോപിക്കുന്നു.

സഭാവിശ്വാസികള്‍ക്ക് ഉള്ള ജാഗ്രത സന്ദേശവും വിമര്‍ശനവും വീഡിയോയിലുണ്ട്. അത് ഇങ്ങനെ തുടരുന്നു.
'നമ്മള്‍ ജാഗ്രത ഇല്ലാത്തവരാണ്.നമ്മള്‍ നേരിടുന്ന ഒരു വലിയ ക്രൈസിസ് അതാണ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശത്രുക്കള്‍, ശത്രുക്കള്‍ എന്ന വാക്കുതന്നെ ഉപയോഗിക്കുകയാണ്, പ്രണയം നടിച്ച്‌ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ മക്കളെ സ്വന്തമാക്കുവാന്‍ സഭയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്ക ത്തിന്റെ പത്തിലൊന്നുപോലും നമ്മുടെ മക്കളെ വിശ്വാസത്തിന്റെ പക്ഷത്ത് നിര്‍ത്താന്‍,നമ്മുടെ മക്കളെ മാതാപിതാക്കളുടെ പക്ഷത്ത് ചേര്‍ത്തുനിര്‍ത്തി കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന് ഭദ്രത ഉറപ്പു വരുവാനും ഇതിനുവേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മത അധ്യാപകര്‍ക്കും വൈദികര്‍ക്കും കഴിയുന്നില്ല എന്നുള്ളതാണ് ഇന്നത്തെ വര്‍ത്തമാനകാല കത്തോലിക്കാ സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്'.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ കത്തോലിക്കാസഭ തയ്യാറായിട്ടില്ല. ചങ്ങനാശ്ശേരി അതിരൂപതക്ക് കീഴിലെ മതാധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസ്സ് എടുക്കുന്നതിനിടെ ആണ് ഫാ. റോയി കണ്ണന്‍ചിറ  പരാമര്‍ശം നടത്തിയത് എന്നാണ് വിവരം. ക്ലാസ്സില്‍ പങ്കെടുത്ത ആരോ മറ്റൊരു മൊബൈല്‍ ഫോണില്‍ നിന്ന് ഈ പ്രസംഗം റെക്കോര്‍ഡ് ചെയ്തതായി ആണ് സൂചന. ഏതായാലും സഭയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു അന്തിമമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ എസ്‌എന്‍ഡിപിയും തയ്യാറായിട്ടില്ല.

കേന്ദ്രമന്ത്രി വി മുരളീധരനോട് മാധ്യമ പ്രവര്‍ത്തകര്‍ ഈ ചോദ്യം ചോദിച്ചു എങ്കിലും വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക