Image

തളര്‍ച്ചയിലും തളരാത്ത ഗ്രൂപ്പ് പോര് (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

Published on 19 September, 2021
തളര്‍ച്ചയിലും തളരാത്ത ഗ്രൂപ്പ് പോര് (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)
പുതിയ ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനം കോണ്‍ഗ്രസ്സില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിന്നു മാറിക്കൊണ്ട് പാര്‍ട്ടിക്കു കരുത്തുണ്ടാക്കാന്‍ ഉതകുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് എ.ഐ.സി.സി.യുടെ അംഗീകാരത്തോടെ കെ.പി.സി.സി. പ്രസിഡന്റ് കൊണ്ടുവന്ന ലിസ്റ്റില്‍ ചില ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തു വന്നതോടെയാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. നിലവിലുള്ള ജില്ലാ പ്രസിഡന്റുമാരില്‍ ഒട്ടുമിക്കവരും ഗ്രൂപ്പ് സമവാക്യത്തില്‍ കൂടി സ്ഥാനം കിട്ടിയവരാണ്. ജില്ലകള്‍ തിരിച്ച് പ്രസിഡന്റിനെ നിയമിക്കുന്ന രീതിയാണ് ഏറെ നാളുകളായി കോണ്‍ഗ്രസ്സിനുള്ളില്‍ ഉള്ളത്.
    
അടിയന്തരാവസ്ഥക്കുശേഷം കോണ്‍ഗ്രസ്സ് ദേശീയ രാഷ്ട്രീയത്തില്‍ നടന്ന പിളര്‍പ്പിനുശേഷം  കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ ഇടയില്‍ ഉണ്ടായ എ.ഐ. ഗ്രൂപ്പും പിളര്‍പ്പും കോണ്‍ഗ്രസ്സിനെ പിന്നീടങ്ങോട്ട് ഗ്രൂപ്പുകളുടെ മടിത്തട്ടിലേക്കാണ് നയിച്ചത്. വാര്‍ഡ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു മുതല്‍ കെ.പി.സി.സി.യെ തെരഞ്ഞെടുക്കുന്നതു വരെ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഏതൊരു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതും പാര്‍ട്ടിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും ആ ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നു. എന്തിന് കെ.പി.സി.സി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുപോലും ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നു.
    
അതിനു വിപരീതമായി നടന്ന ഏക തെരഞ്ഞെടുപ്പ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലയാര്‍ രവിയും എ.കെ. ആന്റണിയുമായി നടന്ന തെരഞ്ഞെടുപ്പായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയെ പരാജയപ്പെടുത്തി വയലാര്‍ രവി വിജയിക്കുകയാണുണ്ടായത്. എ.ഐ. ഗ്രൂപ്പുകള്‍ ആയിരുന്നെങ്കിലും അതില്‍ ഒരു മത്സരമുണ്ടായിരുന്നുയെന്നതാണ് പ്രത്യേകത. കാലാകാലങ്ങളായി കോണ്‍ഗ്രസ്സിനെ നയിച്ചിരുന്നത് എ.ഐ. ഗ്രൂപ്പുകളായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ. കരുണാകരനുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കുപറ്റി കേരളത്തിലും അമേരിക്കയിലും ചികിത്സയിലായിരുന്നപ്പോള്‍ കരുണാകരന്റെ പിന്‍ഗാമിയെ ചൊല്ലിയുണ്ടായ തര്‍ക്കം മൂലം ഉടലെടുത്ത തിരുത്തല്‍വാദി ഗ്രൂപ്പായിരുന്നു കോണ്‍ഗ്രസ്സില്‍ വന്ന മൂന്നാമത്തെ ഗ്രൂപ്പ്. കരുണാകരനോടൊപ്പം മുരളീധരനും ശരത് ചന്ദ്ര പ്രസാദുമുള്‍പ്പെടെയുള്ളവര്‍ നിന്നപ്പോള്‍ മുരളീധരനെ പിന്‍ഗാമിയാക്കാതിരിക്കാന്‍ ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ചതായിരുന്നു തിരുത്തല്‍വാദി ഗ്രൂപ്പ്.
    
അതിനുശേഷം കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി പലരും വരികയും പോകുകയും ചെയ്തിട്ടുണ്ട്. എങ്കിലും എക്കാലവും എ.ഐ. ഗ്രൂപ്പുകളായിരുന്നു ശക്തമായത്. ഇതിനിടയില്‍ ഐ ഗ്രൂപ്പില്‍ നിന്ന് ചിലര്‍ എ യിലും മറിച്ചും അപ്പോഴത്തെ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും മാറിയും മറിഞ്ഞും പോയിയെങ്കിലും എ.ഐ. ഗ്രൂപ്പ് ആധിപത്യം തുടര്‍ന്നുകൊണ്ടിരുന്നു.
    
ഐ ഗ്രൂപ്പില്‍ എന്നും ആധിപത്യം ഉറപ്പിച്ചിരുന്നത് കേരളത്തിന്റെ സ്വന്തം ലീഡര്‍ കെ. കരുണാകരനായിരുന്നു. ചോദ്യം ചെയ്യപ്പെടാനാകാത്ത നേതൃത്വമായിരുന്നു കെ. കരുണാകരന്‍ എന്നും പാര്‍ട്ടിയില്‍. എന്നാല്‍ ഒരു കാലത്ത് ഐ ഗ്രൂപ്പില്‍ പോലും കരുണാകരന് വെല്ലുവിളിയുണ്ടായിരുന്നുയെന്നതാണ് സത്യം. എന്നിരുന്നാലും കരുണാകരനെ അവര്‍ എന്നും അംഗീകരിച്ചിരുന്നു. ഐ യുടെ നേതാവ് കരുണാകരനായിരുന്നപ്പോള്‍ എ ഗ്രൂപ്പിന്റെ ആന്റണിയായിരുന്നു. ആന്റണി ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്ന വയലാര്‍ രവി ഐ ഗ്രൂപ്പില്‍ ചേക്കേറിയത് മാത്രമാണ് എ ഗ്രൂപ്പില്‍ എടുത്തു പറയുന്ന ഗ്രൂപ്പ് മാറ്റം. തിരുത്തല്‍വാദി ഗ്രൂപ്പ് ഉണ്ടായെങ്കിലും അതിന്റെ വക്താക്കളായ രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസും ജി. കാര്‍ത്തികേയനും ഗ്രൂപ്പ് മാറിപ്പോയില്ല എന്നതാണ് സത്യം.
    
കോണ്‍ഗ്രസ്സിനെ വളര്‍ത്തിയതും തളര്‍ത്തിയതും ഗ്രൂപ്പുകളായിരുന്നു. എന്നും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. ശങ്കര്‍ മന്ത്രിസഭ തൊട്ട് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളില്‍ കൂടിയാണ് പോയിരുന്നതെന്നു പറയാം. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോ ശങ്കറുമായി അകലുന്നതോടെയാണ് ഒരു പക്ഷെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് രൂപംകൊള്ളുന്നതെന്നു പറയാം. അധികാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തുല്യ ശക്തികളായിരുന്ന ശങ്കറിനെയും പി.ടി. ചാക്കോയേയും അകറ്റുകയും രണ്ട് ചേരികളിലായി മാറ്റുകയും ചെയ്തു. പി.ടി. ചാക്കോയോടൊപ്പം കെ.എം. ജോര്‍ജ്ജിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുണ്ടായപ്പോള്‍ കെ. കരുണാകരനും പനമ്പള്ളിയും ആര്‍. ശങ്കറിനൊപ്പമായിരുന്നു. ഭരണത്തിലിരുന്നുകൊണ്ട് ഭരണ പരാജയങ്ങള്‍ വിമര്‍ശിക്കുകയും അത് വിഴുപ്പലക്കിലുമെത്തിയെന്നതാണ് സത്യം.
    
അത് എത്തിയത് പി.ടി. ചാക്കോയുടെ ആഭ്യന്തര മന്ത്രി കസേര തെറിപ്പിച്ചുകൊണ്ടാണ്. അതിന് ഒരു കാരണം മാത്രമായിരുന്നു പീച്ചി സംഭവം. തൃശ്ശൂരില്‍ നിന്ന് പീച്ചിയിലേക്ക് പോയ ആഭ്യന്തര മന്ത്രിയുടെ കാറ് പീച്ചിക്കടുത്ത് ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിക്കുകയുണ്ടായി.  അത് മാത്രമല്ല കാറ് നിര്‍ത്താന്‍ പോകുകയും ചെയ്തു. അവിടെ കൂടി നിന്നിരുന്നവരില്‍ ചിലര്‍ കാറിനെ പിന്‍തുടരുകയും ചെയ്‌തെങ്കിലും അവര്‍ക്ക് പി.ടി. ചാക്കൊയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ചിലര്‍ ചാക്കോയുടെ കാറില്‍ ഡ്രൈവര്‍ സീറ്റില്‍ പി.ടി. ചാക്കൊയും തൊട്ടടുത്ത് മറ്റൊരു സ്ത്രീയുമായിരുന്നുയെന്ന് പറഞ്ഞുപരത്തുകയുണ്ടായി. ചാക്കോയുടെ ഭാര്യ അല്ലായെന്നും മറ്റാരോ ആണെന്നും അല്ല കോണ്‍ഗ്രസ്സ് നേതാവ് ആയിരുന്നുയെന്നും പല വാര്‍ത്തകളാണ് പിന്നീട് പരന്നത്.
    
തൊട്ടടുത്ത ദിവസം ഇറങ്ങിയ പത്രങ്ങളിലെല്ലാം വലിയ വാര്‍ത്തയുമായി. കേരളക്കര ഉണര്‍ന്നപ്പോള്‍ അത് പി.ടി. ചാക്കോക്കെതിരെയുള്ള ശക്തമായ ആയുധമാക്കി മാറ്റാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞു. ഇത് കോണ്‍ഗ്രസ്സിനെ ശക്തമായി ബാധിച്ചുയെന്നു തന്നെ പറയാം. കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍ വിഴുപ്പലക്ക് എല്ലാ അതിരുകളും ഭേദിച്ച് പാര്‍ട്ടിയെ കറയേല്‍പ്പിച്ചുകൊണ്ട് മുന്നേറി. ശങ്കര്‍ മന്ത്രിസഭയുടെ കെട്ടുറപ്പിനെ തന്നെ അത് ബാധിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയി പാര്‍ട്ടിയെ പിളര്‍ത്തണമെന്ന് മന്ത്രിക്കസേരക്ക് ആഗ്രഹമുണ്ടായിരുന്ന കെ.എം. ജോര്‍ജ്ജ് ഉള്‍പ്പെട്ട് പലരും പി.ടി. ചാക്കോയോടു പറഞ്ഞെങ്കിലും പി.ടി. ചാക്കോയെന്ന അടിയുറച്ച കോണ്‍ഗ്രസ്സുകാരന്‍ അതിനെ എതിര്‍ത്തു. നിയമസഭയില്‍ ഗോപാലന്‍ എന്ന കോണ്‍ഗ്രസ്സ് എം.എല്‍.എ. ചാക്കോ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് അംഗം നിരാഹാരം വരെ അനുഷ്ഠിക്കുകയുണ്ടായി.
    
ഒടുവില്‍ ചാക്കോ ആഭ്യന്ത്രമന്ത്രി സ്ഥാനം രാജിവച്ചു. രാജിവയ്ക്കുന്നതിനു മുന്‍പും അതിനുശേഷവും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന് ജോര്‍ജ്ജും കൂട്ടരും പി.ടി. ചാക്കോയോട് പറഞ്ഞെങ്കിലും അടിയുറച്ച കോണ്‍ഗ്രസ്സുകാരനായ അദ്ദേഹം പാര്‍ട്ടിക്ക് ദോഷമാകുന്ന നിലയില്‍ പ്രവര്‍ത്തിച്ചില്ലയെന്നു തന്നെ പറയാം. ഏതൊരു കോണ്‍ഗ്രസ്സുകാരനും പി.ടി. ചാക്കോയെന്ന അടിയുറച്ച കോണ്‍ഗ്രസ്സുകാരന് മാതൃകയാക്കാവുന്നതാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുള്ള ഐക്യവും കൂറും. രാജിവച്ച് ആറ് മാസത്തിനുള്ളില്‍ പി.ടി. ചാക്കോ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയുണ്ടായി. അത് കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിനും കേരളാ കോണ്‍ഗ്രസ്സിന്റെ പിറവിക്കും കാരണമായി. പി.ടി. ചാക്കോയെ അനുകൂലിച്ചിരുന്ന കെ.എം. ജോര്‍ജ്ജും കൂട്ടരും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയി കേരള കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്ക് രൂപം കൊടുത്തുകൊണ്ട് കേരളത്തിലെ ആദ്യ പിളര്‍പ്പിന് നേതൃത്വം നല്‍കി.
    
കാലാവധി പൂര്‍ത്തിയാക്കിയത് ആര്‍. ശങ്കര്‍ രാജിവയ്ക്കാനും ഒരു പൊതു തെരഞ്ഞെടുപ്പിനും അത് കാരണമായി. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒന്‍പത് സീറ്റ് മാത്രമാണ് ലഭിച്ചതെന്നതാണ് സത്യം. അതിനുശേഷം കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായ തിരിച്ചു വരവ് നടത്തി അധികാരത്തിലേറിയെങ്കിലും 77-ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ദേശീയ കോണ്‍ഗ്രസ്സ് പരാജയപ്പെടുകയാണ് ഉണ്ടായത്. ചിക്കമംഗളൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലാപം കേരത്തിലും ചുവടുപിടിച്ചതോടെ ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്നവരും അല്ലാത്തവരുമെന്ന് രണ്ട് ഗ്രൂപ്പ് കേരളത്തിലുമുണ്ടായി.
    
നാഷണല്‍ കോണ്‍ഗ്രസ്സില്‍ അന്ന് ഉണ്ടായ പിളര്‍പ്പ് കേരളത്തിലും കോണ്‍ഗ്രസ്സിനെ പിളര്‍ത്തി. കോണ്‍ഗ്രസ്സില്‍ നിന്ന് ആന്റണിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പുറത്തുപോയി കോണ്‍ഗ്രസ്സ് എ രൂപീകരിച്ചതോടെ രണ്ടാമത്തെ പിളര്‍പ്പ് കോണ്‍ഗ്രസ്സില്‍ ഉണ്ടായി. കരുണാകരന്‍ ഇന്ദിരയ്‌ക്കൊപ്പം നിലകൊണ്ടതോടെ കോണ്‍ഗ്രസ്സ് ഐ നിലവില്‍ വന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആന്റണി കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വന്നെങ്കിലും കോണ്‍ഗ്രസ്സില്‍ എ, ഐ ഗ്രൂപ്പ് ശക്തമായി തന്നെയുണ്ടായിരുന്നു. കോണ്‍ഗ്രസ്സിനെ പിന്നീടങ്ങോട്ട് നയിച്ചതും നടത്തിയതും ഈ ഗ്രൂപ്പായിരുന്നു. അത് കെ. കരുണാകരന്‍ കോണ്‍ഗ്രസ്സ് വിട്ട് ഇന്ദിരാ കോണ്‍ഗ്രസ്സ് രൂപീകരിക്കുന്നതു വരെ ഐയും എയും കോണ്‍ഗ്രസ്സ് പ്രസ്ഥനത്തില്‍ തുല്യ ശക്തികളായിരുന്നു. ഇത് കോണ്‍ഗ്രസ്സിനെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പല സന്ദര്‍ഭത്തിലും അധികാര വടംവലികള്‍ തെരുവിലേക്കും പരസ്പരം ചെളിവാരിയെറിയലിലും വിഴുപ്പലക്കലിലും വരെയെത്തിയിട്ടുണ്ട്.
    
അത് കോണ്‍ഗ്രസ്സിന്റെ രണ്ട് മന്ത്രിസഭകളെ താഴെയിറക്കുകയും ചെയ്തിട്ടുണ്ട്. ചാരക്കേസിനെ തുടര്‍ന്ന് കെ. കരുണാകരന്‍ രാജി വച്ചത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരായിരുന്നുയെന്നതും ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതും എടുത്തു പറയത്തക്കവയായിരുന്നു. ഈ ഗ്രൂപ്പ് പോര് കരുണാകരനെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോകാന്‍ വരെ കാരണമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ നിര്‍ദ്ദേശിച്ച കാസര്‍ഗോഡ് മുന്‍ ഡി.സി.സി. പ്രസിഡന്റ് കോടോത്ത് ഗോവിന്ദനെ എ ഗ്രൂപ്പ് അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് കരുണാകരന്‍ നേതൃത്വവുമായി ഇടയുകയും അത് കോണ്‍ഗ്രസ്സില്‍ മറ്റൊരു പിളര്‍പ്പിന് കാരണമാകുകയും ചെയ്തു.
    
കോണ്‍ഗ്രസ് പിളര്‍ത്തി കരുണാകരന്‍ ഇന്ദിരാ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുണ്ടാക്കി പുറത്തു പോകുകയുണ്ടായി. അങ്ങനെ കോണ്‍ഗ്രസ്സ് വീണ്ടുമൊരു പിളര്‍പ്പിന് സാക്ഷ്യം വഹിച്ചു. കരുണാകരന്റെ പുറത്തുപോകലിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് ദയനീയമായ പരാജയമാണ് നേരിടേണ്ടി വന്നത്. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരികയുണ്ടായെങ്കിലും ഐ ഗ്രൂപ്പിന്റെ നേതൃത്വം ചെന്നിത്തലയുടെയും കൂട്ടരുടേയും കൈയ്യിലാകുകയാണുണ്ടായത്. അപ്പോഴേക്കും എ ഗ്രൂപ്പ് കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുക്കുകയും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ അവസാന വാക്കായി കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ആകുകയും ചെയ്തു.
    
പണ്ട് ഐ ഗ്രൂപ്പിലുണ്ടായിരുന്ന അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ എ ഗ്രൂപ്പിന്റെ അനൗദ്യോഗിക അംഗങ്ങളായി മാറിയെന്നതാണ് സത്യം. ഒരു കാലത്ത് ആന്റണി ഗ്രൂപ്പിലെ ശക്തരായിരുന്ന വി.എം. സുധീരനും മറ്റും ഗ്രൂപ്പില്‍ നിന്ന് മാറുകയും തിരുവഞ്ചൂര്‍, ആര്യാടന്‍ മുഹമ്മദ്, തുടങ്ങിയവര്‍ ഗ്രൂപ്പിന്റെ വക്താക്കളാകുകയും ചെയ്തു. ഇങ്ങനെ കോണ്‍ഗ്രസസില്‍ ഗ്രൂപ്പുകളും ഗ്രൂപ്പ് വക്താക്കളും വരികയും പോകുകയും മാറുകയും മറിയുകയും ചെയ്തിട്ടുണ്ട്. അതില്‍ കോണ്‍ഗ്രസ്സ് വളരുകയും തളരുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ എന്നും വളര്‍ത്തുകയും ശക്തമാക്കുകയും ചെയ്തിട്ടുള്ളത് ഗ്രൂപ്പുകളായിരുന്നുയെന്ന് ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞത് ഏറെക്കുറെ ശരിയായിരുന്നെങ്കിലും ഈ അടുത്ത കാലത്ത് കോണ്‍ഗ്രസ്സിനെ ഏറെ തളര്‍ത്തിയ ഒരവസ്ഥയും ഗ്രൂപ്പ് പ്രവര്‍ത്തനമായിരുന്നു.
    
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വന്‍ പരാജയമേറ്റത് പാര്‍ട്ടിയിലെ താഴെക്കിടയിലുള്ള ഗ്രൂപ്പ് പോരാണെന്നു പറയാം. സംസ്ഥാന നേതൃത്വത്തിന് അത് നിയന്ത്രിക്കാന്‍ കഴിയാതെ പോകുകയും പാര്‍ട്ടി ഒരു കാലത്തുമില്ലാത്ത രീതിയില്‍ നിഷ്ക്രിയമാകുകയും ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. അതിനു പരിഹാരമാണ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും സുധാകരനെ കെ.പി.സി.സി. അദ്ധ്യക്ഷനാക്കുകയും ചെയ്തത്. അതിന്റെ ഭാഗമായി അവര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഡി.സി.സി. പ്രസിഡന്റുമാരെ നിയമിച്ചത്. അതില്‍ സ്വന്തക്കാരെ തിരുകി കയറ്റാന്‍ ചില ഉന്നത നേതാക്കള്‍ക്ക് കഴിയാതെ പോയതാണ് വിവാദത്തിന്റെ പ്രധാന കാരണം.
    
എന്നും ഗ്രൂപ്പ് വഴക്ക് നടന്നിട്ടുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിക്കാറില്ലായെന്നതാണ് കഴിഞ്ഞ കാലങ്ങളില്‍ നടന്നത്. 64-ല്‍ കെ.എം. ജോര്‍ജ്ജും കൂട്ടരും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയപ്പോഴും 2002-ല്‍ കെ. കരുണാകരന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയപ്പോഴും നടന്ന തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് പാര്‍ട്ടി വലിയ പരാജയം നേടിരേണ്ടി വന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയില്‍ നിന്ന് ആരും പുറത്തുപോയില്ലെങ്കിലും വന്‍ പരാജയം നേരിട്ടപ്പോള്‍ നേതൃത്വത്തിന് പാര്‍ട്ടിയില്‍ ഒരു ഉടച്ചുവാര്‍ക്കല്‍ വേണ്ടിവന്നു. അതും ഒരു ഗ്രൂപ്പ് മേധാവിത്വത്തിനു പുറത്തു നിന്നുകൊണ്ട്. പരാജയപ്പെട്ട പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കാതെ തന്റെ കൈയ്യില്‍ മാത്രമാകണമെന്ന് ചിന്തിക്കുന്ന നേതാക്കള്‍ ഒരു കാര്യം മറക്കരുത്. നിങ്ങളുടെ കൈയ്യിലിരിക്കുമ്പോഴാണ് പാര്‍ട്ടി ഒന്നുമല്ലാതാകുന്ന അവസ്ഥയുണ്ടായത്. അതായത് നിങ്ങളുടെ പഴയ തന്ത്രം ഇപ്പോള്‍ വിലപ്പോകില്ല.
    
കാലത്തിനൊപ്പം തുള്ളാന്‍ കാലുകള്‍ക്ക് ആകുന്നില്ലെങ്കില്‍ ഒരുപടി പുറകോട്ടു വച്ച് മാറിനില്‍ക്കുന്നതാണ് നല്ലത്. പുതിയ ചുവടുകളുമായി കളം പിടിക്കാന്‍ ഇറങ്ങുന്നവരെ തടയാന്‍ ഒപ്പമുള്ളവരെ കൂട്ടികൊണ്ടിറങ്ങിയാല്‍ നിങ്ങള്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളായി ജനം കാണും.

(ബ്ലെസന്‍ ഹ്യൂസ്റ്റന്‍ : blessonhouston@gmail.com )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക