അഹമ്മദാബാദ്: മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം 31 കാരന് ദാരുണാന്ത്യം. മെഹ്സാനയിലെ വിസ്നഗര്‍ താലൂക്കിലെ ഖഡോസന് ഗ്രാമത്തില്‍ താമസിച്ചിരുന്ന അരവിന്ദ് ചൗധരി (31) ആണ് മരിച്ചത്.
വിസ്നഗറില്‍ ലൈബ്രറി നടത്തുകയായിരുന്ന അരവിന്ദ് മെഹ്സാനയിലെ ജയില്‍ റോഡിന് സമീപമുളള ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങള്‍ ഒന്നും ചൗധരിയ്ക്ക് ഉണ്ടായിരുന്നില്ല. ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നതായും സബ് ഇന്‍സ്പെക്ടര്‍ ബി.കെ. ഭുനതര് പറഞ്ഞു.
എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ മൂന്നാം ദിവസം ചൗധരിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലിനിക്കിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ചൗധരിയുടെ ആരോഗ്യനില വഷളായതിനാല്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ അല്പം സമയത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു
ശസ്ത്രക്രിയില് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ശരിയായ ചികിത്സയല്ല നല്‍കിയതെന്നുമാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ചൗധരിയുടെ മൃതദേഹം മെഹ്സാന സിവില്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി ഭുനതര് പറഞ്ഞു. മരണകാരണം കൃത്യമായി നിര്‍ണ്ണയിക്കാനാണ് ആന്തരാവയവങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.