Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 20 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)
പഞ്ചാബിന്റെ 16-ാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു. നവജ്യോത്സിംഗ് സിന്ധുവിന്റെ ഇടപെടലാണ് അമരീന്ദര്‍ സിംഗ് രാജി വയ്ക്കാനും തുടര്‍ന്ന് ചരണ്‍ജിത്ത് അധികാരത്തിലെത്താനും കാരണമായത്. 
*******************************************
ഫാ. റോയി കണ്ണന്‍ചിറയുടെ പ്രസ്താവനയ്ക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ക്രിസ്ത്യന്‍ മിഷനറിമാരാണ് രാജ്യത്ത് ഏറ്റവുമധികം മതംമാറ്റം നടത്തുന്നതെന്നും എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വൈദീകപ്പട്ടം എന്നത് ആരേക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവ യുവാക്കള്‍ക്ക് ക്രിസ്ത്യന്‍ യുവതികളെ പ്രണയിച്ച് വശത്താക്കന്‍ സ്ട്രാറ്റര്‍ജിക്കായ പരിശീലനം ലഭിക്കുന്നുണ്ടെന്നായിരുന്നു റോയി കണ്ണന്‍ചിറയുടെ വിവാദ പ്രസ്താവന.
*****************************************
ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു. കോടതി ഉത്തരവിട്ടാല്‍ അത് നടപ്പിലാക്കുള്ള സംവിധാനം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ ഉത്തരവ് നടപ്പിലാക്കുമ്പോള്‍ ക്രമസമാധാന പ്രശ്നവും അക്രമവും ഉണ്ടാകുമോയെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നതായും ഈ നിസ്സഹായാവസ്ഥയാണ് ഭയപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു. 
**********************************************
കൊവിഡ് വ്യാപനമുള്ള സാഹചര്യത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
***********************************************
ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താനായി രോഗിയുടെ വേഷത്തില്‍ എത്തിയ മന്ത്രിയ്ക്ക് മര്‍ദ്ദനം . തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു .ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ്, അതേ ആശുപത്രിയില്‍ വച്ച് തനിക്കുണ്ടായ അനുഭവം മന്ത്രി വെളിപ്പെടുത്തിയത്. 
*********************************************
സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ  ഒന്നാം സമ്മാനമായ 12 കോടി രൂപ വയനാട് പനമരം സ്വദേശി സെയ്തലവിയ്ക്ക്. ദുബൈയില്‍ ഹോട്ടല്‍ ജീനക്കാരനായ സെയ്തലവി നാട്ടിലുള്ള കൂട്ടുകാരന് പണമയച്ച് കൊടുത്ത് കോഴിക്കോട്ട് നിന്നാണ് ലോട്ടറി എടുത്തത്. ടിഇ 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏഴ് മാസം മുമ്പാണ് സെയ്തലവി അവസാനമായി നാട്ടിലെത്തിയത്. എന്നാല്‍ തൃപ്പുണിത്തറയില്‍ തങ്ങള്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്ന് മീനാക്ഷി ലോട്ടറി ഏജന്‍സി അവകാശപ്പെട്ടു. 
****************************************
നാര്‍ക്കാട്ടിക് ജിഹാദ് വിഷയത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ സിപിഎം. ബിജെപി നാട്ടിലെ ജനങ്ങളെ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ആ ശൈലി തന്നെയാണ് കോണ്‍ഗ്രസും തുടരുന്നതെന്നും വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമൊക്കെ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ ആരോപിച്ചു. 
****************************************
മതസൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഇടപെടല്‍ ആവശ്യപ്പെട്ട് സാംസ്‌കാരിക, സാമൂഹ്യ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കത്തയച്ചു. കേരളത്തിന്റെ മതേതരത്വവും സമാധാനാന്തരീക്ഷവും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും പിന്തുണ നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക