Image

കേരളത്തിലെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം, സര്‍വകക്ഷി യോഗം വിളിക്കണം- മതസംഘടനാ നേതാക്കള്‍

Published on 20 September, 2021
 കേരളത്തിലെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം, സര്‍വകക്ഷി യോഗം വിളിക്കണം- മതസംഘടനാ നേതാക്കള്‍


തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ മതനേതാക്കന്മാരുടെ യോഗം ആഹ്വാനം ചെയ്തു. ബിഷപ്പിന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ലെന്നും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ക്ലിമ്മിസ് കാതോലിക്ക ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉള്‍പ്പടെയുള്ള മത നേതാക്കള്‍ ആവശ്യപ്പെട്ടു.  മയക്കുമരുന്നിനെ കുറിച്ച് പറയാന്‍ മയക്കുമരുന്ന് എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് യോഗം വിളിച്ച് ചേര്‍ത്ത ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. 

മതസമൂഹങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പാടില്ല. സാമുദായിക ഐക്യം സംരക്ഷിക്കപ്പെടണം. അതിനായി ഇതര മതനേതാക്കന്മാര്‍ ഒത്തുചേരുന്ന ഫോറങ്ങള്‍ പ്രാദേശികമായി ഉണ്ടാവണം. മതസൗഹാര്‍ദവും സഹവര്‍ത്തിത്തവുമാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത്. ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. മത-ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ പുലര്‍ത്തണം.

ആരെയെങ്കിലും പ്രത്യേകമായി അപലപിക്കാനോ ന്യായീകരിക്കാനോ അല്ല യോഗം ചേര്‍ന്നത്. കേരളത്തില്‍ മതസൗഹാര്‍ദം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ ആണ് യോഗം ചേര്‍ന്നത്. പക്ഷെ ബിഷപ്പിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്നതല്ല യോഗത്തില്‍ ചര്‍ച്ചയായ വിഷയം. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചിരുന്നുവെന്നും ക്ലിമ്മിസ് കാതോലിക്ക ബാവ വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ശേഷം ഉണ്ടായ സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി എങ്ങനെ ഈ മുറിവുകള്‍ ഉണക്കാന്‍ കഴിയും എന്നാണ് യോഗത്തില്‍ ചര്‍ച്ച നടന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ബഹുമാനപ്പെട്ട തിരുമേനി യോഗം വിളിച്ച് ചേര്‍ത്തത്. പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. സമസ്ത ഉള്‍പ്പടെയുള്ള സംഘടനയുടെ പിന്തുണയോടെയാണ് യോഗം നടന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലാണ് മതപരമായ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്. അതിനാല്‍ പ്രാദേശികമായി ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഉള്ള ഫോറം ഉണ്ടാകണം. മതമൗലികവാദ മുന്നേറ്റങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,കോഴിക്കോട് പാളയം ഇമാം ഡോ.ഹുസൈന്‍ മടവൂര്‍,ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത,ബിഷപ് മാത്യൂസ് മാര്‍ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആര്‍ച്ച് ബിഷപ് എം.സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അ
അശ്വതി തിരുനാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക