Image

നവംബർ മുതൽ അമേരിക്കയിലേക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു 

Published on 20 September, 2021
നവംബർ മുതൽ അമേരിക്കയിലേക്ക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു 

വാഷിംഗ്ടൺ, ഡി.സി: കൊറോണ വൈറസിനെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ഇന്ത്യാക്കാരടക്കമുള്ള വിദേശികൾക്ക് നവംബർ തുടക്കം മുതൽ  യാത്രാ നിയന്ത്രണങ്ങൾ ബൈഡൻ ഭരണകൂടം നീക്കും.

യൂറോപ്യൻ യൂണിയൻ, ചൈന, ഇറാൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ഇന്ത്യ എന്നിവയുൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള 18 മാസത്തെ യാത്രാ വിലക്കാണ്  നിർത്തലാക്കുന്നത്. പകർച്ചവ്യാധി മൂലം തകർന്ന യുഎസ് ടൂറിസം വ്യവസായത്തെ ഇത് പുനരുജ്ജീവിപ്പിക്കും. 2020 ൽ  ഈ വ്യവസായ മേഖലക്ക്  500 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക് 

യാത്രക്കാർ വാക്സിനേഷൻ രേഖ കാണിക്കുന്നതിന് പുറമെ  അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു  മൂന്ന് ദിവസത്തിനുള്ളിൽ കൊറോണ ടെസ്റ്റ് നെഗറ്റീവ് ആണെന്ന രേഖയും കാണിക്കണം. 

കുത്തിവയ്പ് എടുക്കാത്ത അമേരിക്കക്കാർക്ക് കർശനമായ പരിശോധന  ഉണ്ടാവും . പുറപ്പെടുന്നതിനു  ഒരു ദിവസം മുൻപ് അവർ കൊറോണ   ടെസ്റ്റ്  ചെയ്തു നെഗറ്റീവ് ആണെന്ന് കാണിക്കണം.  അമേരിക്കയിൽ എത്തിയതിനു ശേഷം ടെസ്റ്റ് നടത്തുമെന്നതിനു  തെളിവ് കാണിക്കേണ്ടതുണ്ട്  

 യാത്രക്കാരുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ശേഖരിക്കാൻ എയർലൈനുകളോട്  സി.ഡി.സി. നിർദേശിക്കും. യാത്രക്കാർക്ക് വൈറസിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ഇത് സഹായിക്കും.

തിങ്കളാഴ്ച പ്രഖ്യാപിച്ച മാറ്റങ്ങൾ വിമാനയാത്രയ്ക്ക് മാത്രമേ ബാധകമാകൂ. ലാൻഡ് വഴിയുള്ള യാത്രക്ക് ഇത് ബാധകമല്ല.  

പുതിയ നിയമങ്ങൾ അനുസരിച്ച് ഏത് വാക്സിനുകളാണ് യോഗ്യത നേടുക എന്നതിനെക്കുറിച്ചു അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ തന്നെ  ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർ ബ്രിട്ടനിൽ ക്വാറന്റൈനിൽ പോകണമെന്ന് നിയന്ത്രണം  ഉണ്ട്. ഇതേച്ചൊല്ലി ബ്രിട്ടനും ഇന്ത്യയും തമ്മിൽ അസ്വാരസ്യവുമുണ്ട്. 

 ചിലർക്ക് യാത്രക്ക് അനുമതി കിട്ടിയപ്പോൾ ചിലർക്ക് അത് കിട്ടാത്ത സാഹചര്യവുമുണ്ട്.  പകർച്ചവ്യാധി സമയത്ത് അമേരിക്കയിലേക്കുള്ള യാത്രയിൽ നിയന്ത്രണങ്ങൾ നേരിടാത്ത ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും, കുത്തിവയ്പ് എടുക്കാത്ത ആളുകൾ  അമേരിക്കയിലേക്ക് വരുന്നത്   നിരോധിക്കും.

 പകർച്ചവ്യാധി സമയത്ത് അമേരിക്കയിലുള്ള  കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞവർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് തിരിച്ചു വരാം. മാത്രവുമല്ല, ഈ പ്രശ്നത്തെച്ചൊല്ലി  യൂറോപ്പുമായുള്ള ഉരസൽ   ഒട്ടൊന്നവസാനിക്കുകായും ചെയ്യും. 

ന്യൂയോർക്ക് സിറ്റിയിൽ മാത്രം,  ടൂറിസം വ്യവസായത്തിലെ 89,000 തൊഴിലവസരങ്ങൾ ഇല്ലാതായി.  60 ബില്യൺ ഡോളറിലധികം വരുമാന നഷ്ടവും സംഭവിച്ചു.   

ഇത് ഒരു പ്രധാന വഴിത്തിരിവാണെന്നും അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ മൂലം നഷ്ടപ്പെട്ട ജോലികൾ വീണ്ടെടുക്കുന്നതിനെ ത്വരിതപ്പെടുത്തുമെന്നും യുഎസ് ട്രാവൽ അസോസിയേഷൻ പ്രസിഡന്റ് റോജർ ഡൗ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക