Image

യുഎഇ - ഇന്ത്യ സെക്ടറില്‍ കൂടുതല്‍ വിമാന സര്‍വീസിന് അനുമതി

Published on 29 September, 2021
 യുഎഇ - ഇന്ത്യ സെക്ടറില്‍ കൂടുതല്‍ വിമാന സര്‍വീസിന് അനുമതി


അബുദാബി: യുഎഇ - ഇന്ത്യ സെക്ടറുകളില്‍ സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ഇന്ത്യയിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് യുഎഇ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനും സാധ്യത തെളിയുകയാണ്.

യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി അല്‍ സ്യൂദി ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളുമായി നടത്തുന്ന യോഗത്തിലാണ് വ്യോമയാന ഗതാഗത രംഗത്ത് വിപുലമായ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നത്.

യുഎഇ ഇന്ത്യ സെക്ടറില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുക, കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഗൗരവമായ ചര്‍ച്ചകളാണ് നടന്നത്. എക്‌സ്‌പോ കാലയളവില്‍ തന്നെ കൂടുതല്‍ വിമാനങ്ങള്‍ ഈ സെക്ടറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാന്പത്തിക അവസരം എന്നിവ എങ്ങനെ ത്വരിതപ്പെടുത്താമെന്നതായിരുന്നു ചര്‍ച്ചകളിലെ പ്രധാന വിഷയം. വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കാളികളായി.


ഇരു രാജ്യങ്ങളും ചേര്‍ന്ന് സമഗ്രമായ സാന്പത്തിക പങ്കാളിത്ത ഉടന്പടി ഒപ്പിടുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ മുന്‍പോട്ടു പോകുന്നത്. പരസ്പരം വിദേശ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിരവധി തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും നിലവിലുള്ള സംരംഭകരെ കൂടുതല്‍ ശാക്തീകരിക്കുന്നതിനും പുതിയ കരാര്‍ അവസരമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക