Image

മോൻസ് മാവുങ്കൽ ഞങ്ങളുടെ വീട്ടിലും താമസിച്ചു (ജോൺ കുന്തറ)

ബി ജോണ്‍ കുന്തറ Published on 01 October, 2021
മോൻസ് മാവുങ്കൽ ഞങ്ങളുടെ  വീട്ടിലും താമസിച്ചു (ജോൺ കുന്തറ)
ഇയാൾ ചേർത്തലക്കാരൻ; ഈ ലേഖകനും തുടക്കത്തില്‍ ചേർത്തലക്കാരൻ. മാവുങ്കൽ ചേർത്തലയിലെ ഒരു പ്രമുഖ കുടുംബമാണ്. ഇപ്പോൾ അറസ്റ്റ്‌വരിച്ചിരിക്കുന്ന മോൺസുമായി എൻറ്റെ മാതാപിതാക്കൾക്കും  ഒരുസമയം ഇടപെടേണ്ടി വന്നു.

എൻറ്റെ മാതാപിതാക്കൾ അമേരിക്കയിൽ മക്കളോടൊപ്പം കൂടുതൽ നാളുകൾ താമസം തുടങ്ങിയ സമയം, എൻറ്റെ പിതാവ് തീരുമാനിച്ചു വീട് വെറുതെ ഇടുന്നതിനു പകരം ആർക്കെങ്കിലും വാടകക്കു കൊടുക്കുവാൻ.

ഇതറിഞ്ഞു ഈ കഥാപാത്രം മോൻസ്  മാവുങ്കൽ, എൻറ്റെ പിതാവിനെ സമീപിച്ചു.  മാവുങ്കൽ കുടുംബം ഞങ്ങൾക്ക് അറിയാം നല്ല കുടുംബം . ഇയാൾ  ഞങ്ങളുടെ  മുന്നിൽ അവതരിപ്പിച്ചത്, താൻ ഒരു പ്രഗത്ഭ  ആയുർവേദ വൈദ്യൻ. തൽക്കാലം ഒരു വർഷത്തേക്ക് ഒരു വീട് വാടകയ്ക്കു വേണം. ഇയാൾ ഒരുവീട് ചേർത്തലയിൽ നിർമ്മിക്കുന്ന ഒരുക്കത്തിലാണ്. നിങ്ങൾ മാധ്യമങ്ങളിൽ കേൾക്കുന്ന ചേർത്തല വയലാർ റോഡിലെ വീട്ടിൽ ഇയാൾ താമസിച്ചു എന്ന്. അതായിരുന്നു ഞങ്ങളുടെ വീട്.

ഇയാൾ ഒരു അത്ഭുത വൈദ്യൻ, നിറം വെളുപ്പിക്കാം, പൊക്കം കൂട്ടാം, പ്രായം കുറക്കാം ഇതെല്ലാമാണ് ഇയാൾ ആ സമയം പൊതുവെ പറഞ്ഞു പരത്തിയിരുന്നത്. ഇയാൾ എൻറ്റെ ഒരു ബന്ധുവിനോട് പറഞ്ഞു പൊക്കം കൂട്ടിക്കൊടുക്കാമെന്ന് എന്നാൽ അയാൾ ആ ചതിയിൽ വീണില്ല എന്നുമാത്രം. ഞങ്ങളുടെ അന്നത്തെ അയൽവക്കക്കാർക്ക് ഇയാളെപ്പറ്റി നിരവധി കഥകൾ പറയുവാനുണ്ട്.

ഇതെല്ലാം  വിശ്വസിച്ചു ഞങ്ങൾ വീട്  വാടകയ്ക്കു കൊടുത്തു എൻറ്റെ മാതാപിതാക്കൾ അമേരിക്കക്കു പോന്നു. വാടക കൃത്യമായി തരുമായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ അയൽവക്കത്തു താമസിക്കുന്നവർ പരാതി പറയുവാൻ തുടങ്ങി. ഇയാൾ നിരവധി ആളുകളെ വീട്ടിൽ കൊണ്ടുവരുന്നു രാത്രികളിൽ ശബ്‌ദ ബഹുലമായ  വിരുന്നു സൽക്കാരങ്ങൾ നടത്തുന്നു.

ഈ പരാതികളുടെ വെളിച്ചത്തിൽ ഞങ്ങൾ ഇയാളോട്  വീട് ഒഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു. ആദ്യമേ ഇയാൾ വിസമ്മതിച്ചു. ഞങ്ങൾ അറിഞ്ഞു,  ഞങ്ങളുടെ അനുവാദം കൂടാതെ പലേ മാറ്റങ്ങളും വീട്ടിൽ വരുത്തിയെന്ന് .  ആ കാരണങ്ങളാൽ, മാറുന്നില്ല എങ്കിൽ കോടതിയിൽ പരാതി നൽകും .

ആ സാഹചര്യത്തിൽ മോൻസ് മാറിത്തന്നു. അതിനുശേഷം ഞങ്ങൾ വീടു പരിശോധിച്ചപ്പോൾ മനസ്സിലായി. ഈ മനുഷ്യൻ ഞങ്ങളുടെ വീട്   ഉള്‍ഭാഗം മുഴുവൻ നശിപ്പിച്ചിട്ടാണ്  സ്ഥലം വിട്ടത്. പിന്നീട് ഒരു ലഷത്തോളം രൂപ മുടക്കിയാണ് വീട് വീണ്ടും താമസ യോഗ്യമാക്കുന്നത്. ഇപ്പോൾ മാധ്യമങ്ങളിൽ വാർത്തകൾ കേൾക്കുമ്പോൾ വീണ്ടും അന്നത്തെ ഓർമ്മകൾ തിരികെ വരുന്നു.

ഈ വാർത്ത കേൾക്കുമ്പോൾ എൻറ്റെ ചോദ്യം.  കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ എന്തു തരം നേതാക്കളാണ് കേരളം നയിക്കുന്നത് , ഭരിക്കുന്നത് ? ഇതുപോലെ വിവരമില്ലാത്തവരാണോ നമ്മെ ഭരിക്കുന്നത്? പുരാവസ്തു ശേഖരം, യൂദാസിൻറ്റെ ചില്ലിക്കാശ്, മോസസിൻറ്റെ വടി, ടിപ്പു സുൽത്താന്റെ  സിംഹാസനം ഇതെല്ലാം തൻറ്റെ കൈവശം എന്നു  കേട്ടു, ഇയാളോട് കൂട്ടു പിടിച്ച ആളുകളാണ് കേരള ജനതയെ ഭരിക്കുന്നത്?

ഇതിനു സമാനമായി അമേരിക്കയിൽ അടുത്തകാലം ഒരു ജെഫ്‌റി എപ്‌സ്റ്റീൻ സംഭവം ഓർക്കുന്നോ ? അതിലും ഇതുപോലൊരു തട്ടിപ്പുകാരന്‍ മില്യണർ , എപ്‌സ്റ്റീൻ നിരവധി രാഷ്ട്രീയ പ്രമുഖർ -ബിൽ ക്ലിൻറ്റൻ, അടക്കം ഇയാളുടെ ആതിഥേയത്തിൽ പലേ ഉല്ലാസ യാത്രകളും നടത്തി.  ഇയാളുടെ താവളങ്ങളിൽ താമസിചു.  എപ്‌സ്റ്റീൻ അനാശാസ്യ പ്രവർത്തികളിൽ പങ്കെടുത്തിരുന്ന ഒരു  ക്രിമിനലായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു അയാൾ പിടിക്കപ്പെട്ടു. എന്നാൽ ജയിലിൽ കുറ്റ വിചാരണക്കായി കാത്തിരിക്കുന്ന സമയം ഒരു ദുരൂഹ സാഹചര്യത്തിൽ  മരണപ്പെടുന്നു. കോടതിയിൽ വിസ്താരം നടന്നിരുന്നെങ്കിൽ പലേ മാന്യന്മാരുടെയും പേരുകൾ  വെളിപ്പെടുത്തപ്പെടും എന്ന ഭയത്തിലാണോ ഇയാൾ മരണപ്പെട്ടത് എന്നതിന് ഉത്തരം കിട്ടുകയില്ല.

തട്ടിപ്പുകാർ എല്ലായിടത്തും എവിടെയും എന്നും കാണും. എന്നാൽ ഇവരുടെ തട്ടിപ്പിൽ വീഴുന്നവർ ഒന്നുകിൽ  അഴിമതി, കൈക്കൂലി, കള്ളപ്പണം ഈ രീതികളിൽ പണം വാരിക്കൂട്ടുന്നവർ. സാധാരണക്കാരല്ല ഇയാളുടെ തട്ടിപ്പിൽ വീണിരിക്കുന്നത്. മോൻസിയുടെ തട്ടിപ്പും, വെട്ടിപ്പും, അന്വേഷിക്കുന്നതിൽ കൂടുതൽ ഈ രാഷ്ട്രീയ, ഭരണ നേതാക്കളുടെ പണമിടപാടുകളും ബിസിനസുകളും പരിശോധിക്കേണ്ടിയിരിക്കുന്നു.
ബി ജോൺ കുന്തറ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക