Image

ഋതുമതി ( കവിത : സ്വാതി പ്രസാദ് )

Published on 05 October, 2021
ഋതുമതി ( കവിത : സ്വാതി പ്രസാദ് )
നിദ്ര എന്നെ 
പുണരുകയാണീ നിമിഷത്തിൽ
നോവിന്റെ തീവ്രത കനക്കും 
നിശീഥത്തിൽ
സ്ത്രൈണത എന്നിൽ 
നിറയും പ്രഭാവത്തിൽ
മിഴികൾ നിറഞ്ഞ് 
അശ്രുവായ് ഒഴുകി 
അലിഞ്ഞുപോയി

അകമേ അഗ്നിയും 
പുറമേ കുളിരും 
ഒരുമിച്ച് ഒരു നേരം 
വന്നുചേരുകിൽ എങ്ങനെ !
മഴയും വേനലും  
ശൈത്യവും വസന്തവും
മാറി വരുന്നതും 
പ്രിഥ്വിയിൽ തന്നെ താൻ..!
ഈ ധരണിയെ  
മാതാവെന്ന് പറയുകിലും
അവനിയും  നിത്യകന്യകയാണിന്ന്..!
സൗന്ദര്യയുഗ്മയാം ധരയെ 
ഇന്നിതാ
ഓരോ ഋതുവും 
ഋതുമതിയാക്കുന്നു !
Join WhatsApp News
Sudhir Panikkaveetil 2021-10-07 14:12:12
ഒന്നുമാകാൻ കഴിയാതിരുന്ന അണ്ഡത്തിന്റെ വിലാപംആണ് വാസ്തവത്തിൽ തീണ്ടാരി. അതേസമയം വീണ്ടും പ്രതീക്ഷകളോടെ ഉത്ഭവിക്കുന്ന അണ്ഡത്തിന്റെ പ്രതീക്ഷ. ഭൂമിയും യുവതിയെപോലെ താരും തളിരും അണിയുന്നു, പിന്നെ അതെല്ലാം കൊഴിഞ്ഞുപോയി ദുഖിതയാകുന്നു. ഋതുക്കൾ പ്രതീക്ഷകൾ ആണ്. ഭൂമിക്ക് ഋതുക്കളിലൂടെ നിത്യതാരുണ്യം ലഭിക്കുമെങ്കിലും യുവത്വം കഴിയുന്നതോടെ സ്ത്രീക് അത് നഷ്ടപ്പെടുന്നു. കന്യകയായ മാതാവ് എന്ന് പറയുമ്പോൾ മനുഷ്യർ ചിന്തിക്കുന്നത് വിശുദ്ധമേരിയെയാണ്. പ്രകൃതി മാതാവും കന്യകയാണെന്നു കവി പറയുന്നു. വാസ്തവത്തിൽ പ്രകൃതി പല ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നാണു ഞാൻ മനസ്സിലാക്കുന്നത്.
സ്വാതി പ്രസാദ് 2022-09-05 07:47:07
കവിത എഴുതികഴിയുന്നത് വരെമാത്രമാണ് കവിയുടേതാകുന്നത്. വായനക്കാരനിലേക്കെത്തുമ്പോൾ അത് വായനക്കാര ന്റെ ആണ്. അതുകൊണ്ട് അതിനെ തങ്ങളുടേതായ രീതിയിൽ മനസിലാക്കുന്നതിൽ യാതൊരു തെറ്റുമില്ല.
Sudhir Panikkaveetil 2022-09-05 13:20:29
രണ്ടു വർഷങ്ങൾക്ക് ശേഷം വന്ന മറുപടി കണ്ടപ്പോഴാണ് കവിതയും കമന്റും ഓർത്തത്. ഒന്നുകൂടി വായിക്കാനും ഓർമ്മിക്കാനും കഴിഞ്ഞു. മറുപടിക്ക് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക