Image

വാക്‌സിന് പിന്നിലെ മലയാളി; മത്തായി മാമ്മനെ ആദരിച്ച് ഇന്ത്യന്‍ സമൂഹം

ജോബിന്‍സ് Published on 09 October, 2021
വാക്‌സിന് പിന്നിലെ മലയാളി; മത്തായി മാമ്മനെ ആദരിച്ച്  ഇന്ത്യന്‍ സമൂഹം
കാലിഫോർണിയ: ജോൺസൺ ആൻഡ് ജോൺസൺ  വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച  മലയാളി  മത്തായി മാമ്മനെ ആദരിച്ച് ഇന്ത്യന്‍ സമൂഹം. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന ചുവടുവെയ്പ്പുകളിലൊന്നായ വാക്‌സിന്‍ കണ്ടുപിടിച്ചതില്‍ പ്രധാന പങ്കുവഹിച്ച മത്തായി മാമ്മന് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിന്റെ ആനുവല്‍ ഇന്‍സ്പയര്‍ അവാര്‍ഡ് നല്‍കിയാണ് അദരിച്ചത്. 

ജോൺസൺ ആൻഡ് ജോൺസൺ  ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് വിഭാഗത്തിന്റെ ഗ്ലോബല്‍ ഹെഡാണ് ഇപ്പോള്‍ മത്തായി മാമ്മന്‍. ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, ഫൈസർ  എന്നീ കമ്പനികളൊന്നും ഇതിന് മുമ്പ് വാക്‌സിന്‍ നിര്‍മ്മിച്ചിട്ടില്ലെന്നും എന്നാല്‍  ലോകം ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒന്നിച്ചിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 

ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിന്‍ നിര്‍മ്മിക്കുക എന്നത് ചിന്തിക്കാവുന്നതിന്റെ അപ്പുറമായിരുന്നു.  സാധാരണ  വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ഏഴ് വര്‍ഷത്തോളം സമയം  എടുക്കും.  ഏകദേശം 14 മാസത്തോളം ജോൺസൺ ആൻഡ് ജോൺസൺ  കമ്പനിയിലെ 600 ജീവനക്കാര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്നു   അദ്ദേഹം പറഞ്ഞു. 

ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു യാത്രയായിരുന്നു ഇത് . ഇപ്പോൾ  ബൂസ്റ്റര്‍ ഷോട്ടിനുള്ള അനുമതിക്കായി എഫ്ഡിഎയെ സമീപിച്ചിരിക്കുകയാണ്. ഈ മാസം 14,15 തിയതികളില്‍ നടക്കുന്ന മീറ്റംഗിലാണ് മൊഡേണയുടേയും തങ്ങളുടെയും  ബൂസ്റ്റര്‍ ഷോട്ട് അനുമതിക്കുള്ള അപേക്ഷ എഫ്ഡിഎ പരിഗണിക്കുന്നത്. 

ഇത് രണ്ടാം തവണയാണ് ഐസിസിയുടെ ആനുവല്‍ ഗാലാ ഓണ്‍ലൈനായി ചേരുന്നത്. പരിപാടിയില്‍ സൗഹൃദപരമായും മത്സരബുദ്ധിയോടും കൂടി എല്ലാവരും പങ്കെടുത്തപ്പോള്‍ 2,57000 ഡോളര്‍ സംഭാവനയായി ശേഖരിക്കാനും സാധിച്ചു. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഐസിസിയും തങ്ങളുടെ ഓഫീസുകള്‍ അടയ്ക്കുകയും പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റുകയും ചെയ്തിരുന്നു. വരുമാനം നിലച്ച ഐസിസി 1.2 മില്ല്യണ്‍ ഡോളര്‍ കമ്മിയിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഐസിസി നാല് പുതിയ സ്ഥലങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.

ലോക്ഡൗണിനിടെ വീടുകളില്‍ വിരസത അനുഭവിച്ചവര്‍ക്കു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നിരവധി വിനോദ , വിജ്ഞാന പരിപാടികള്‍ നടത്താന്‍ ഐസിസിക്ക് സാധിച്ചതായി ഐസിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രാജ് ദേശായി പറഞ്ഞു.  
ബോളിവുഡ് ഡാന്‍സ്, കരോക്കി  നൈറ്റ്, ഫിറ്റ്‌നസ് പ്രോഗ്രാമുകള്‍, മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള യോഗാ പരിപാടികള്‍ എന്നിവ നടത്താന്‍ ഐസിസിയ്ക്ക് സാധിച്ചിരുന്നു. ലോക്ഡൗണ്‍ അവസാനിച്ചതോടെ വിവിധപരിപാടികള്‍ ഇന്തോ അമേരിക്കന്‍ പൗരന്‍മാര്‍ക്കു വേണ്ടി നടത്താനാണ് ഐസിസിയുടെ പദ്ധതി.

ഐസിസിയുടെ ഹെഡ്ഓഫീസ്  സ്ഥിതി ചെയ്യുന്ന മില്‍പിറ്റാസില്‍ പ്രമുഖ പരിശീലകന്‍ റെജുല്‍ ഷെത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടേബിള്‍ ടെന്നിസ് പരിശിലന കേന്ദ്രത്തില്‍ നിന്നുള്ള നാല് പേര്‍ ഇത്തവണ ടോക്കിയോ ഒളിംമ്പിക്‌സില്‍ പങ്കെടുത്തിരുന്നു.

18 വര്‍ഷം മുമ്പാണ് ഐസിസി പ്രവര്‍ത്തനം ആരംഭിക്കുന്നത് സാന്‍ ഫ്രാന്‍ന്‍സിസ്‌കോയിലെ ഇന്തോ- അമേരിക്കന്‍ സമൂഹത്തെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഐസിസിയുടെ സ്ഥാപനം. മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ ലക്ഷ്യം വച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഐസിസി ബോര്‍ഡ് മെമ്പര്‍ തലാത്ത് ഹസന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക