Image

പാമ്പും കോണിയും : നിർമ്മല - നോവൽ - 68

Published on 09 October, 2021
പാമ്പും കോണിയും : നിർമ്മല - നോവൽ - 68
രാത്രി ഉറങ്ങാനാവാതെ സാലി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഭൂകമ്പവും സുനാമിയും അവളിൽ ഒരേനേരം കയറിയിറങ്ങി. ഓരോ ശ്വാസമെടുക്കാനും അവൾ ബുദ്ധിമുട്ടി. ഒരു ദിവസംകൂടി കഴിഞ്ഞാലേ ജോയിയുടെ നിലയിൽ മാറ്റം ഉണ്ടാവുമോ എന്നറിയാൻ പറ്റൂ. സാലി കട്ടിലിൽ ചുരുണ്ടുകിടന്നു നോക്കി. ജോയി വീട്ടിലുണ്ടായിരുന്നപ്പോൾ ഉറങ്ങാൻ കൊതിച്ചിരുന്ന രാത്രികളെ അവൾ ഓർത്തു.
എന്നെ ഒറ്റയ്ക്കാക്കരുത്. എന്നെ ഇട്ടിട്ടുപോവല്ലേ ജോയിച്ചായാ.
സാലി ഓർത്തോർത്തു കരഞ്ഞു. ശ്വാസംമുട്ടി മരിച്ചുപോകുമെന്നവൾ ഭയപ്പെട്ടു. ആരെങ്കിലും വീട്ടിലുണ്ടായിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു. ഭയംകൊണ്ട് അവൾ തണുത്തു വിറച്ചു. മനു ആശുപത്രിയിൽ കാവലിരിക്കുകയാണ്. അവനാണ് സാലിയെ നിർബന്ധിച്ചു വീട്ടിലേക്കു വിട്ടത്. മനുവിന്റെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ല. കോളജിലേക്കു പോയ മനു വല്ലപ്പോഴുമാണെങ്കിലും വീട്ടിൽ വരുന്നതു സാലിക്ക് ഉൽസവമായിരുന്നു. സാലിയുടെ അടുക്കളയ്ക്ക് ഉൽസവമായിരുന്നു. ജോയിക്കു സ്ട്രോക്കു വന്നപ്പോൾ 911 വിളിക്കാൻ പറഞ്ഞിട്ട് അവൻ ആശുപത്രിയിലേക്കാണു വന്നത്.
മാറിപ്പോ അസത്തേ എന്നു പറഞ്ഞ അമ്മ വാതിൽ കടന്നുവന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു. അമ്മ ഭ്രാന്തിന്റെ കയറ്റിറക്കങ്ങളിൽ സാലിയെ ഉപേക്ഷിച്ചതാണ്.
ആരോ കൈയും കാലും കെട്ടി തന്നെ വലിച്ചുകൊണ്ടു പോകുന്നത് സ്വപ്നം കണ്ടാണ് സാലി ഞെട്ടിയുണർന്നത്. അമ്മാളമ്മച്ചിയുടെ വീട്ടിലേക്കാണവർ അവളെ കൊണ്ടുപോയത്. ചാണകം മെഴുകിയ കറുത്ത തറയിലൂടെയായിരുന്നു അവളെ വലിച്ചിഴച്ചുകൊണ്ടുപോയത്. തകരത്തിന്റെ വാതിലുള്ള നാറുന്ന കുളിമുറിയിലേക്കവളെ തള്ളിയിട്ടു. അവൾക്കിഷ്ടമില്ലാത്ത മണം. പേൻ പെരുകിയ സാലിയുടെ തലനോക്കി അമ്മാളമ്മച്ചി ആക്രോശിച്ചു :
- വൃത്തികെട്ടത്... ഹയ്യോ എന്തൊരു വൃത്തികേട് !.
അവൾ വിളിക്കാൻ ശ്രമിച്ചു.
- ജോയിച്ചായാ.
ഇപ്പോൾ സാലിക്കു തോന്നുന്നത് ചെറുപ്പകാലംപോലെതന്നെയാണ് ജീവിതം മുഴുവൻ എന്നാണ്. അന്നു സ്നേഹത്തിനും കരുതലിനും വേണ്ടി ദാഹിച്ചു നടന്നാൽ ജീവിതകാലം മുഴുവനും അങ്ങനെതന്നെ. ചെറുപ്പത്തിൽ ധാരാളമായി കിട്ടിയവർക്ക് ജീവിതം മുഴുവൻ സ്നേഹവും പരിലാളനയും കിട്ടിക്കൊണ്ടിരിക്കും.
ഉഷ വീട്ടിലെ പുന്നാരമകൾ . വിഷമങ്ങളറിയാതെ വളർന്നവൾ. ഇപ്പോഴും ഉഷയ്ക്കു ജീവിതം സമൃദ്ധമാണ്.
കൈതുടച്ചും മുഖംതുടച്ചും പഴകിപ്പോയ തോർത്തിനു ചവിട്ടിയായി വാതിൽക്കൽ കാത്തു കിടക്കാനാണു വിധി. ജോയിക്കു മാത്രമല്ല വാതിൽ കടന്നുവരുന്ന ആർക്കും ചവിട്ടിപ്പോകാൻ പാകത്തിൽ.
അമ്മച്ചി എന്താണീ തൂവാലയിൽ ഭംഗിയുള്ള പൂക്കളും പൂമ്പാറ്റയും പേരിന്റെ ആദ്യക്ഷരങ്ങളും കൊത്തിവെക്കാതിരുന്നത്? കിട്ടാതെ പോയ ജീവിതം !
തന്റെ മക്കൾക്കോ ?
- എന്റെ കുഞ്ഞിനെ സങ്കടപ്പെടുത്തരുത്. ആ സങ്കടം ദേ ഈ നെഞ്ചത്തേക്കാ എറങ്ങുന്നത്.
സാലിക്കു കരച്ചിൽ വന്നു. ഉറക്കവും ക്ഷീണവും മറന്ന് സാലി എഴുന്നേറ്റു . തുണികൾ കഴുകാനിട്ടിട്ട് അവൾ അടുക്കളയിലേക്കു കടന്നു.
എന്റെ കൊച്ചിന് എന്തെങ്കിലും ഒണ്ടാക്കി കൊടുക്കണം.
സാലിയുടെ തലയിൽ ഭ്രാന്തു നിറഞ്ഞു. വടയുണ്ടാക്കണമെങ്കിൽ പരിപ്പ് കുതിരണം. അതിനു നേരമില്ല. അച്ചപ്പം മനുവിന് ഇഷ്ട്ടപ്പെട്ട പലഹാരമാണ്. സാലി പാട്ടകൾ തിരഞ്ഞു. മൈദയുണ്ട് , മുട്ടയുണ്ട് , ഉറക്കം മാറ്റിവെച്ച്, ക്ഷീണത്തെ അവഗണിച്ച സാലി അച്ചപ്പമുണ്ടാക്കി. മനു വരുമ്പോഴേ കാണാൻ പാകത്തിൽ അച്ചപ്പം മേശപ്പുറത്തുവെച്ച് സാലി കിടപ്പുമുറിയിലേക്കു പോയി.
മനു വന്നു, എവിടെ നിന്നോ പറന്നുവന്നു. വന്നപ്പോഴേ അച്ചപ്പമണം അവനിഷ്ടപ്പെട്ടു. കറുമുറെ ചവച്ചുകൊണ്ടു കോണി കയറിവന്ന മനു അമ്മ സ്വന്തം കിടക്കയിൽ കമഴ്ന്നു കിടന്നുറങ്ങുന്നതു കണ്ടു.
അമ്മയെന്താ എന്റെ ബെഡ്ഡിൽ കിടന്നുറങ്ങുന്നത്?
ഐ മിസ് യൂ മോനെ. ഈ ബെഡ്ഡിന് നിന്റെ മണമുണ്ട്. എനിക്കെന്തിഷ്ടമാണെന്നോ അത്.
മനു അമ്മയെ കെട്ടിപ്പിടിച്ചു.
കരേണ്ടാമ്മേ .
മനു മലയാളത്തിൽ പറഞ്ഞു. അവൻ കൈനീട്ടി അമ്മയുടെ കണ്ണീരു തുടച്ചു. ജോയി ഒരിക്കലും ചെയ്യാത്തത്. കണ്ണീരു കാണുമ്പോൾ കാണാത്തമട്ടിൽ പോവാനേ ജോയിക്കറിയൂ. സാലി കരയുകമാത്രം ചെയ്തു. ചിലപ്പോൾ സന്തോഷം കൊണ്ടാവാം.
പിന്നെ ഡ്രൈവ് - വേയിൽനിന്നും വീട്ടിലേക്ക് സിമന്റ് ചരിച്ചു കെട്ടിയിരിക്കുന്നതവൾ കണ്ടു. വീൽചെയറിനു കയറിപ്പോവാനുള്ള വഴി. സാലി വിയർത്തെഴുന്നേറ്റു.
വീടുനിറയെ ഇരുട്ട് , വീടിനകത്തെ ഇരുട്ടിന് ഇരുട്ടിനേക്കാൾ ഇരുളായിരുന്നു. സാലി ശബ്ദമടക്കി കുറച്ചുനേരം കൂടി മനുവിന്റെ കിടക്കയിലിരുന്നു. ഭൂം... മം ...മം.. മം.. ഫർണസിൽനിന്നും കാറ്റൂതുന്നതിന്റെ ശബ്ദം. കിർ ... കിർ ... കിർ ... കർ.. തറയിലെ തടി ചൂടുകൊണ്ടു വികസിക്കുന്ന ശബ്ദം. വറുത്ത എണ്ണയുടെയും കരിഞ്ഞ മാവിന്റെയും വൃത്തികെട്ട മണം പുറപ്പെട്ടു പോവാനാവാതെ ചുവരുകളിൽ തടഞ്ഞുകിടന്നു. വാതിൽ തുറന്ന് , കോണികയറി ആരും വന്നിട്ടില്ല.
ആശുപത്രിയിൽനിന്നും കിട്ടിയ നിർദ്ദേശംപോലെ വീൽചെയർ ആക്സസുള്ള വീട് അന്വേഷിക്കേണ്ട എന്ന് പെട്ടെന്ന് സാലിക്കു തോന്നി. വീടു മാറേണ്ട ! ജോയി പണിയിപ്പിച്ച വീട്. ഇരുപതു വർഷമായി ജീവിക്കുന്ന വീട്. ഇവിടെനിന്നും എങ്ങോട്ടു പോയാലും മലയാളികൾക്കു പരിഹസിക്കാൻ വിഷയമാവും. ജോയി ഒരിക്കലും അതു പൊറുക്കില്ലെന്നു സാലിക്കറിയാം.
വീടു മാറുന്നതിനുപകരം വീടിനെ മാറ്റിയെടുക്കുക. മുൻപടികൾ, കുളിമുറികൾ , കോണി എല്ലായിടവും വീൽചെയർ കയറാൻ പാകത്തിലാക്കാൻ കോൺട്രാക്ടറെ വിളിക്കണം. ഉഷയ്ക്കു സൊളേറിയം പണിയിക്കാമെങ്കിൽ ആരോഗ്യമുള്ള സാലിക്ക് എന്തുകൊണ്ടു പാടില്ല ? 
സ്വപ്നത്തിൽ ദൈവം എനിക്കു ദർശനം തന്നതാ !
പുറത്തു പാറ്റിയോയിലെ മേശപ്പുറത്തേയ്ക്ക് വീഴുന്ന മഴവെള്ളം നോക്കി ഒരു ലക്ഷം രൂപ വാർഷിക നികുതി കൊടുക്കുന്ന വീട്ടിൽ സാലി വെറുതെ ഇരുന്നു. പുറത്ത് ഇല നഷ്ടമായ മരക്കൊമ്പുകൾ ജീവനില്ലാത്ത മട്ടിൽ നിൽക്കുന്നു. മഞ്ഞുവന്നുപോയിട്ടു വരുന്ന മഴയിൽ അവയ്ക്കു ജീവൻ വെക്കുമെന്ന് സാലിക്കറിയാം.
എത്ര കാലമായി ഇങ്ങനെ മഴ പെയ്യുന്നതു കണ്ടിട്ട് എന്ന് അവളോർത്തു. കാനഡയിൽ മഴ പെയ്യുന്നത് അവൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. മഴത്തുള്ളികൾ കിരീടം സൃഷ്ടിക്കുന്ന പഴങ്കാലം അവൾക്കുള്ളിൽ പെയ്തു. വെള്ളത്തിലേക്കു വീഴുന്ന വലിയൊരു വെള്ളത്തുള്ളി ചുറ്റും തെറിക്കുന്നതു കാണുമ്പോൾ കിരീടത്തിന്റെ ആകൃതിയാണ്. അമ്മാളമ്മച്ചിയുടെ വീട്ടിലെ ജനലിലൂടെ മഴക്കിരീടങ്ങൾ എണ്ണിയെണ്ണിപ്പോയ മഴക്കാലങ്ങളിലേക്ക് അവൾ മുങ്ങാങ്കുഴിയിട്ടു.
കറയും കരിയും പിടിച്ച അലുമിനിയക്കലം ശക്തിയിൽ നിലത്തേക്കു വീണുപോകുമ്പോൾ അമ്മാളമ്മച്ചി പ്രാകും.
- നശിപ്പിച്ചു സകലതും ! ഓലക്കാലിനു പ്രയോജനമില്ലാത്ത പെണ്ണ് !
സാലി അടിമുടി വെറുത്ത ആദ്യത്തെ വീട് അമ്മാളമ്മച്ചിയുടേതായിരുന്നു. സാലിയുടെ മനസ്സ് പല വീടുകൾ കയറിയിറങ്ങുകയാണ്. അങ്ങോട്ടു മടങ്ങിപ്പോകാൻ സാലിക്ക് ആഗ്രഹമില്ല. ജീവിതത്തിലെ ഒരു ബിന്ദുവിലേക്കെങ്കിലും മടങ്ങിപ്പോകണമോ? സാലി സ്വയം ചോദിച്ചു. വേണ്ടെന്നു തോന്നി അവൾക്ക് ഈ ജീവിതം എങ്ങനെയെങ്കിലുമൊന്ന് തീർത്തു കിട്ടിയാൽ മതി എന്നൊരു ആവശ്യമാണ് അവൾക്കിപ്പോഴുള്ളത്.
ഓടിയോടി സ്കൂളിലേക്കു പോകുന്നത് സാലിക്ക് ഓർമ്മയുണ്ട്. വീട്ടിലെ പണികളൊക്കെ തീർത്തിട്ടുള്ള ഓട്ടമായിരുന്നു അത്. അമ്മാളമ്മച്ചിയുടെ അടുക്കളയിലെ പണികൾ. പിന്നെ എൽസി ആന്റിയുടെ കൊട്ടാരത്തിലെ ശാസനകൾ. ഇപ്പോൾ സ്വന്തം വീട്ടിലെ മാറാപ്പുകെട്ട്.
സ്വന്തം വീട് .ആ പ്രയോഗത്തെ ചെറിയൊരു അമ്പരപ്പോടെയാണു സാലി നേരിട്ടത്. ഓട്ടത്തിനിടയിൽ സാലി അക്കാര്യം അറിയാതെ പോയോ? അവൾ ചുറ്റും നോക്കി.
- ഇത് എന്റെ സ്വന്തം വീടാണ്!
വർഷങ്ങളായി താമസിക്കുന്ന വീടിനെ അപരിചിതത്വത്തോടെ ആദ്യമായി കാണുന്നതുപോലെ അവൾ കണ്ടു. ഫയർപ്ലേസിലെ മാന്റലിനു മുകളിൽ വെച്ചിരിക്കുന്ന ഫാമിലി ഫോട്ടോയിൽ അവൾ തടഞ്ഞുപോയി. പള്ളിയുടെ ഫോട്ടോ ഡയക്ടറിക്കുവേണ്ടി വർഷങ്ങൾക്കുമുമ്പ് എടുത്ത പടമാണത്. എല്ലാവരും നന്നായി ചിരിച്ചു നിൽക്കുന്നു. മനുവിന്റെയും ഷാരന്റെയും നിഷ്കളങ്കമുഖങ്ങൾക്ക് എന്തൊരു ഭംഗിയാണ്!
ഉഷ നാട്ടിൽപോയപ്പോൾ വാങ്ങിപ്പിച്ച സാരിയാണ് സാലി ഉടുത്തിരിക്കുന്നത്. സാലിയുടെ സാധാരണ സാരികളെക്കാൾ വിലയും പകിട്ടുമുള്ള സാരിയാണ് ഉഷ കൊണ്ടുവന്നത്. ഉഷയുടെ ജീവിതം എപ്പോഴും പകിട്ടു കൂടിയതാണെന്ന് സാലി ഓർത്തു. ഇനി ഭംഗിയും എടുപ്പുമുള്ള പട്ടുസാരികൾ സാലിക്ക് ഉടുക്കാൻ അനുവാദമുണ്ടായിരിക്കുമോ !
ചവുട്ടിത്തുള്ളിയൊരു മഴ. തറുതല പറഞ്ഞൊഴുകുന്ന വെള്ളം . മഴയെ നോക്കിയിരുന്ന് അവൾ ജീവിതത്തെ അഴിക്കുകയും കെട്ടുകയും ചെയ്തു. കാനഡയിലെ ജീവിതവും സാലിക്ക് ഓട്ടപ്പന്തയമായിരുന്നു. ജോലി, വീട്, പള്ളി, ജോയി, മനു, ഷാരൻ ,വിരുന്നുകൾ അതിനിടയ്ക്ക് മഴയും മഞ്ഞും കാറ്റും കണ്ട് സാലി വെറുതെ ഇരുന്നിട്ടില്ല.
ആരും സാലിയോട് ഇരിക്കരുത് എന്നു പറഞ്ഞിട്ടില്ല. ഇതൊക്കെ ചെയ്തുതീർക്കണം എന്നും പറഞ്ഞിട്ടില്ല.എന്നിട്ടും എന്തിനാണ് ഇങ്ങനെ നിർത്താതെ ഓടിക്കൊണ്ടിരുന്നത് എന്ന് അവൾക്കു തന്നെ മനസ്സിലായില്ല. വെറുതെ എന്തിനു നെട്ടോട്ടം ഓടി എന്ന് അവൾ സ്വയം കുറ്റപ്പെടുത്തി.
അന്നത്തെ പെയ്ത്തു മതിയാക്കി പുറത്തെ മഴ മടങ്ങിയിരുന്നു. സാലിയുടെ കണ്ണിലെ മഴയും നിന്ന സമയമായിരുന്നു അത്.
- പൂക്കണ്ണീരൊഴുക്കണ്ട .
അമ്മാളമ്മച്ചി ശാസിക്കുന്നു.
- അന്തമില്ലാത്ത ഒരു കണ്ണീര് .
എൽസി ആന്റി ശപിക്കുന്നു. പല്ലുകടിച്ചുകൊണ്ട് ജോയി തിരികെ നടന്നുപോകുന്നു. ആർക്കും കാണേണ്ടാത്ത കണ്ണീര്.
ലോകത്തിലേക്കും വിലകെട്ട വസ്തുവാണു കണ്ണീര് . പുഞ്ചിരി മൽസരത്തിനു സമ്മാനമുണ്ട്. പക്ഷേ, കണ്ണീരും കരച്ചിലും അടക്കി വെക്കാനുള്ളതാണ്. സാലിയുടെ , പെണ്ണിന്റെ , നിന്ദാർഹമായ നേട്ടം! വെള്ളത്തിനും വിലയുണ്ട്. കുപ്പിയിലടച്ച് ഭദ്രമാക്കിയ വെള്ളത്തിന്റെ ഗുണനിലവാരം നിശ്ചിതമായിരിക്കണം. അതിനു പുറത്ത് കമ്പനിയുടെ സീലുണ്ട്. ഉപ്പിനും ഭംഗിയുള്ള സുരക്ഷിതമായ പാക്കേജിങ്ങും കമ്പനിയുടെ അഭിമാനാടയാളവുമുണ്ട്. ലാഭം എങ്ങോട്ടാണു പോകുന്നതെന്നു കൃത്യമായി അറിയാം.
പെണ്ണിന്റെ കണ്ണിൽനിന്നും വരുന്ന ഉപ്പും നീരും ദയനീയതയുടെ പാരമ്യമായി ഏതെങ്കിലുമൊരു വ്യാപാരിക്ക് അല്ലെങ്കിൽ ചിത്രകാരന് .അതിൽ പെണ്ണിന്റെ ലാഭം അപമാനം മാത്രം.
നോർമ്മയും ലൊറൈനും ജോയിയെ കാണാൻ വന്നപ്പോൾ ചിതറിപ്പോയ സാലിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
- നീയല്ലേ വീട്ടിലെ കാര്യങ്ങൾ മുഴുവൻ ചെയ്തിരുന്നത് ? ജോലി, നിന്റെ പള്ളിക്കാര്യങ്ങൾ, ഗ്രോസറി ഷോപ്പിങ്, കുട്ടികളുടെ ആവശ്യങ്ങൾ, സ്കൂളിലെ കാര്യങ്ങൾ എല്ലാം ചെയ്തിരുന്നത് നീ തന്നെയല്ലേ? ഒരു സിംഗിൾ മദറിനെപ്പോലെയല്ലേ നീ ജീവിച്ചത്? ഇതൊക്കെ നിനക്ക് നിഷ്പ്രയാസം ചെയ്യാൻ പറ്റും.
കുട്ടികൾ പറക്കമുറ്റിയില്ലേ, ഇനി നിന്റെയും ജോയുടേയും കാര്യം നോക്കുന്നത് ഒരു കഷണം കേക്കു തിന്നുന്നത്ര എളുപ്പമായിരിക്കും.
അവർ കുണുങ്ങിച്ചിരിച്ചു.
ഇക്കാലമത്രയും ജോയി ഡോളർപ്പാടങ്ങൾക്കു ചുറ്റും തിരക്കിട്ട് ഓടുകയായിരുന്നു. ഓടിയോടി ജോയി വീണുപോയിരിക്കുന്നു.
സാലിയുടെ എല്ലാ യുദ്ധങ്ങളും എല്ലാ സങ്കടങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ നഷ്ടവും എല്ലാ ലാഭവും എല്ലാ അദ്ധ്വാനവും സാലിയുടേത് മാത്രമായിരുന്നു. എന്തിനെയാണു ഭയക്കുന്നത്?
ആരുമില്ലാത്തവർക്ക് ആരും ഉണ്ടായിരിക്കില്ല. അറിവ് സ്വാതന്ത്ര്യമാണ് , അറിവ് ശക്തിയാണ്. സാലി എഴുന്നേറ്റു.
             തുടരും...
പാമ്പും കോണിയും : നിർമ്മല - നോവൽ - 68
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക