Image

വെളിപാട് (ഡോളി തോമസ് കണ്ണൂർ)

Published on 11 October, 2021
വെളിപാട് (ഡോളി തോമസ് കണ്ണൂർ)
ഗോപാലനും ഗോവിന്ദനും ഉറ്റ ചങ്ങാതിമാർ ആണ്.  ഒന്നിച്ചു ജോലി ചെയ്യുന്നവർ.  സന്തത സഹചാരികൾ.  പണിയെടുത്ത് അന്തിക്ക് നന്നായി മിനുങ്ങി രണ്ടാളും അവരവരുടെ വീട്ടിലേയ്ക്ക് പോകും.

ഗോപാലന് ചിലപ്പോൾ സ്ഥലകാല ബോധം ഉണ്ടാവില്ല.  പക്ഷെ ഗോവിന്ദൻ അങ്ങനെയല്ല.  അയാൾ ഒരിക്കലും ബോധം മറയും വരെ കുടിക്കില്ല.  ഇങ്ങനെ ഗോപാലന്റെ ബോധം പോകുന്ന സമയം, ഉള്ള ബോധത്തിൽ ഗോവിന്ദനോട് പറയും.

"എടാ കോയിന്ദ, എന്നെ ഒന്നു വീട്ടിൽ ആക്കി തരുവോടാ..?

  "എന്റെ ഗോപാലാ അവനവന് ആവുന്നത് കുടിച്ചാൽ പോരെ? ഗോവിന്ദൻ എപ്പോഴും അയാളെ ഉപദേശിക്കും. പക്ഷെ എന്തു ചെയ്യാൻ.  ചാരായക്കുപ്പി കണ്ടാൽ ഒരാക്രാന്തം ആണ് ഗോപാലന്.

  അങ്ങനെ ഗോപാലനെ വീട്ടിൽ കൊണ്ടാക്കി കൊണ്ടാക്കി ഗോവിന്ദനെയും, ഗോപാലന്റെ സുന്ദരിയായ ഭാര്യ ജാനകിയെയും, ചേർത്തു നാട്ടിൽ പല കഥകളും പ്രചരിച്ചു.

  ഗോപാലൻ ഉള്ളത് മുഴുവൻ ഷാപ്പിൽ കൊടുക്കുമ്പോൾ വീട് പട്ടിണി ആവാതിരിക്കാൻ ഗോവിന്ദൻ അല്ലറച്ചില്ലറ സഹായങ്ങൾ ജാനകിയുടെ കയ്യിൽ കൊടുക്കാറുണ്ട് എന്നത് നേര് തന്നെ.  അത് നാട്ടുകാർക്കും അറിവുള്ളതാണ്.  
  പാവം ജാനകി.  അവൾ അന്യവീടുകളിലെ പറമ്പിൽ കള പറിക്കാനും, അടയ്ക്ക പെറുക്കാനും പോയാൽ മൂന്നു മക്കൾ അടങ്ങുന്ന കുടുംബം എങ്ങനെ പുലരും.

  പലപ്പോഴും ഗോപാലൻ സഹ കുടിയന്മാരുമായി ഒന്നും രണ്ടും പറഞ്ഞു തെറ്റും.  

ഒരിക്കൽ വാസുവും ആയി കയ്യാങ്കളി വരെയെത്തി കാര്യങ്ങൾ.

  വാസുവാണ് ആദ്യം ഗോപാലന്റെ മുഖത്തു നോക്കി ചോദിച്ചത്.  തനിക്ക് നാണമില്ലേടോ.  ഈ കോയിന്ദൻ അല്ലെ തന്റെ കുടുമ്മത്തു ചെലവിന് കൊടുക്കുന്നെ; നീ കിട്ടുന്നത് കൊണ്ട് മുഴുവൻ കുടിച്ചു കണ്ടോന്റെ മേത്ത് മെക്കിട്ട് കേറുവല്ലേ തന്റെ പണി.   തന്റെ പെമ്പറന്നൊരെ ഇയാൾക്ക് പണയം വെച്ചേക്കുവല്ലേടാ..ത്ഫൂ..."

  എന്നിട്ട് വാസു ചവിട്ടിക്കുലുക്കി ഇറങ്ങിപ്പോയി.  ബാക്കി കുടിയന്മാർ ഊറിയ ഒരു ചിരിയോടെ ഗോവിന്ദനെ നോക്കി.

  ഗോവിന്ദൻ വേഗം ഗോപാലനെ പിടിച്ചുവലിച്ചു  ഒരു വിധം വീടെത്തിച്ചു.  "ദേ ഗോപാലാ ഇനി മേലിൽ ഞാൻ നിന്റെ കൂടെ ഒന്നിനുമില്ല.  വെറുതെ നാട്ടുകാരെക്കൊണ്ടു പറയിക്കാൻ. നെനക്കിപ്പൊ സമാധാനായല്ലോ”.

ഗോവിന്ദൻ പോകാനൊരുങ്ങി.
ഗോപാലന് അപ്പോളും കെട്ട് ഇറങ്ങിയിരുന്നില്ല.
ഇതൊക്കെ ആയാലും അവർ തമ്മിലുള്ള സൗഹൃദം തുടർന്നു.

  ഗോപാലന്റെ മകളെ അവളെക്കാൾ പതിനഞ്ച് വയസ്സ് പ്രായമുള്ള ചായക്കട കുമാരൻ കെട്ടി. ഗോവിന്ദനും ജാനകിയുമായുള്ള ബന്ധം വരുന്ന എല്ലാ നല്ല ആലോചനകളും മുടക്കി.  അവസാനം കുമാരൻ മുന്നോട്ട് വരികയായിരുന്നു.  ഇളയമക്കൾ രണ്ടും ഓരോ ജോലിക്കായി നാട്ടിൽ നിന്നും പോയി.  

വാസുവിന്റെ അന്നത്തെ ആ പറച്ചിൽ ഗോപാലന്റെ ഉള്ളിൽ ചാരം മൂടി കിടപ്പുണ്ടായിരുന്നു. ഗോപാലനും  നേരത്തെ മുതൽ സംശയം തോന്നിയിട്ടുമുണ്ട്. പക്ഷെ ഗോവിന്ദനോട് ചോദിക്കാൻ മടിച്ചു.

  ജാനകിയുമായി ഒന്നും രണ്ടും പറഞ്ഞു വഴക്കിടുമ്പോൾ പലപ്പോഴും ഈ കാര്യം എടുത്തിടും.
ജാനകി വീറോടെ എതിർത്തു നിൽക്കും.
ഒരിക്കൽ കാര്യങ്ങൾ ഒക്കെ കൈവിട്ടുപോയി.       കൈപ്രയോഗം കുറച്ചു കടുത്തുപോയി.

 "എടി.. നാട്ടുകാർ വെറുതെയൊന്നും അല്ല പറയുന്നത്.  സത്യമല്ലേടി..."  ജാനകിയെക്കൊണ്ടു തന്നെ പറയിച്ചേ അടങ്ങു എന്ന ലെവലിൽ ആയിരുന്നു ഗോപാലൻ.

ജാനകി ഇടി കൊണ്ടു മടുത്തു. അവൾ ചീറി.
"  അതേ സത്യമാണ്.  നിങ്ങൾക്ക് എന്തു ചെയ്യാൻ ഒക്കും. ഈ കുടുംബം എങ്ങനെ പുലർന്നു എന്നോ മോളുടെ കല്യാണം എങ്ങനെ കഴിഞ്ഞു എന്നോ നിങ്ങൾ അറിഞ്ഞോ? ആ പൈസ  മുഴുവൻ അയാൾക്ക് തിരിച്ചു കൊടുക്ക്.  എന്നിട്ട് അയാളോട് ഇവിടെ വരണ്ട എന്നു പറ.  ഇനി മേലിൽ എന്റെ ദേഹത്തു കൈവെച്ചാൽ ഉണ്ടല്ലോ."

അവൾ ഇറയത്തിരുന്ന വെട്ടുകത്തി കയ്യിലെടുത്തു.  "അന്ന് തന്റെ അന്ത്യം ആയിരിക്കും.  ഒരു കെട്ടിയോൻ വന്നേക്കുന്നു. ഫൂ..." ജാനകി മുറ്റത്തേക്ക് നീട്ടിത്തുപ്പി.

ഗോപാലൻ കുടിച്ച ചാരായം മുഴുവൻ ആവിയായിപ്പോയി. അയാൾ ഒന്നും മിണ്ടാതെ ഇറയത്ത് കുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക