Image

വിടവാങ്ങിയത് ബഹുമുഖപ്രതിഭ; നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.

Published on 11 October, 2021
 വിടവാങ്ങിയത് ബഹുമുഖപ്രതിഭ; നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.
ദമ്മാം: സിനിമാ നടന്‍ എന്ന ലേബലിനപ്പുറം, കലയുടെ വിവിധമേഖലകളില് തിളങ്ങി, അരങ്ങിലും അണിയറയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച,ബഹുമുഖപ്രതിഭയായിരുന്നു നെടുമുടി വേണു എന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മികച്ച അഭിനേതാവ്, കഥാരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ പല റോളുകളില്‍ സിനിമ മേഖലയില്‍ തിളങ്ങിയ അദ്ദേഹം, നാടന്‍ പാട്ടിലും, കഥകളിയിലും, നാടകത്തിലും, മൃദംഗത്തിലും കഴിവു തെളിയിച്ച കലാകാരന് കൂടിയായിരുന്നു.

കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദന്‍, പത്മരാജന്‍, ഭരത്‌ഗോപി എന്നിവരുമായുള്ള സൗഹൃദം അദ്ദേഹത്തിന് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു. 1978ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക്  കടന്നു വന്ന അദ്ദേഹം, ഭരതന്റെ ആരവം എന്ന സിനിമയിലെ വേഷത്തോടെ വളരെ ശ്രദ്ധിയ്ക്കപ്പെട്ട നടനായി മാറി.

സ്വന്തം ഗ്രാമത്തെ തന്റെ പേരിനൊപ്പം ചേര്ത്ത അദ്ദേഹം മലയാള നാടകരംഗത്തിനും സിനിമാ ലോകത്തിനും നല്കിയ സംഭാവനകള് നിസ്തുലമാണ്. സിനിമയിലായാലും നാടകത്തിലായാലും ലഭിച്ച ഓരോ വേഷവും തന്മയത്വത്തോടെയും കയ്യടക്കത്തോടെയും അദ്ദേഹം അവിസ്മരണീയമാക്കി. അഭിനേതാവ്, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ടെലിവിഷന്‍ രംഗത്തും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.


വിടപറയും മുന്‍പേ, തേനും വയമ്പും, പാളങ്ങള്‍, കള്ളന്‍പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ  ഏറെ വ്യത്യസ്തമായ സിനിമകളില്‍, ശ്രദ്ധിക്കപ്പെടുന്ന നൂറുകണക്കിന് കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. മലയാളം കൂടാതെ ഇന്ത്യന്‍, അന്യന്‍ എന്നിങ്ങനെ ശ്രദ്ധേയമായ ചില തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981, 1987,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

അരങ്ങില് ജീവിക്കുകയും, യഥാര്‍ത്ഥജീവിതത്തില് ഒരിക്കലും അഭിനയിക്കാതിരിക്കുകയും ചെയ്ത പച്ചമനുഷ്യനായിരുന്നു നെടുമുടി വേണു. എന്നും പുരോഗമനപ്രസ്ഥാനങ്ങളുടെ വശം ചേര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതവും. ഭൂമിയില്‍ ഭൗതിക സാന്നിധ്യം ഇല്ലാതായാലും,  അഭിനയിച്ച് അവിസ്മരണീയമാക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഇനിയും മലയാളിമനസ്സുകളില്‍ ജീവിക്കും എന്ന് നവയുഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക