Image

ഉത്ര വധം : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു

ജോബിന്‍സ് Published on 13 October, 2021
ഉത്ര വധം : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു
ഭാര്യയെ സ്വത്തിന് വേണ്ടി മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവുംഅഞ്ച് ലക്ഷം രൂപ പിഴയും  കോടതി വിധിച്ചു.

കൊല്ലം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പറഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണക്കാക്കാനാകില്ലെന്നും ജീവപര്യന്തം തടവിലൂടെ നീതി നടപ്പാകുമെന്നും പ്രതിക്ക് മാനസീക പരിവര്‍ത്തനത്തിനുള്ള സാഹചര്യം ഇനയുമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്നുള്ളതും പരിഗണിച്ചെന്നും കോടതി പറഞ്ഞു. 

വിധി പ്രസ്താവം മുഴുവന്‍ പ്രതിയെ വായിച്ച് കേള്‍പ്പിച്ച ശേഷം എല്ലാ പേജിലും പ്രതിയുടെ ഒപ്പ് രേഖപ്പെടുത്തും . സൂരജിനെ ഇനി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റും. പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയിലേയ്ക്ക് പോകാതെ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.

കൊലക്കുറ്റത്തിന് ജീവപര്യന്തവും അഞ്ച്ലക്ഷം രൂപ പിഴയും വധ ശ്രമത്തിന് ജീവ പര്യന്തം, വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം തടവ് ഇങ്ങനെയാണ് സൂരജിന് ലഭിച്ച ശിക്ഷകള്‍. രണ്ട് വകുപ്പുകളിലുള്ള 17 വര്‍ഷത്തെ തടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് ആരംഭിക്കുന്നത്.

വിധി കേള്‍ക്കാന്‍ സൂരജും കോടതിയില്‍ എത്തിയിരുന്നു. നിര്‍വികാരനായാണ് സൂരജ് കോടതിയില്‍ നിന്നത് വന്‍ സുരക്ഷാ സന്നാഹത്തിലായിരുന്നു ഇന്നും സൂരജിനെ കോടതിയിലെത്തിച്ചത്.ഉത്രയുടെ അച്ഛനും സഹോദരനുമടക്കമുള്ള ബന്ധുക്കളും നിയമവിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കം നിരവധി പേരായിരുന്നു കോടതി വരാന്തയിലും പരിസരത്തും തടിച്ചുകൂടിയത്. 

സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം , നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം , വനം വന്യ ജീവി ആക്ട് എന്നീ നാല് വകുപ്പുകളിലാണ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിത്. പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ എല്ലാം കോടതി അന്ന് ശരി വച്ചിരുന്നു. 

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന്  പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദാരുണവും പൈശാചികവും വിചിത്രവുമായ കേസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണ്ട് സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഉത്രയുടേത് കൊലപാതകമല്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂവ്വര്‍വ്വമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു. സൂരജിന്റെ പ്രായവും അച്ഛന്റേയും അമ്മയുടേയും കാര്യവും പരിഗണിക്കണമെന്നും കോടതിയില്‍ പ്രതിഭാഗം ആവശ്യപ്പെട്ടു.

 ഉത്ര ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ഇന്ന് വിധി വന്നത്. അഞ്ചല്‍ ഏറം 'വിഷു'വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊലപാതകമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ചിനു കേസ് കൈമാറി. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ ഉള്ളതായിരുന്നു അന്വേഷണം. ഉത്രയുടെ 
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി നടത്തി.

സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ പൊലീസിനു കഴിഞ്ഞിരുന്നു. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ കല്ലുവാതുക്കല്‍ ചാവരുകാവ്  സുരേഷിന്റെ കൈയില്‍ നിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. സൂരജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് സുരേഷിനെയും പിടികൂടിയിരുന്നു. അന്നു മുതല്‍ സുരേഷ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒരു ജീവിയെ കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിലെ ഒരു പ്രത്യേകത.

87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം അപഗ്രഥിച്ച ശേഷമാണ് ഇപ്പോല്‍ വിധി വന്നിരിക്കുന്നത്. കുറ്റം ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസ് നടത്തിയ ഡമ്മി പരിശോധനയും ഏറെ നിര്‍ണ്ണായകമായി. വിചാരണയുടെ ആദ്യം മുതല്‍ താന്‍ നിരപരാധിയാണെന്ന വാദമായിരുന്നു സുരജ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ശ്സ്ത്രീയ തെളിവുകളിലൂടെയായിരുന്നു പോലീസ് ആ വാദം പൊളിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക