Image

മലയാള ഭാഷയുടെ കരുത്തുമായി ഫൊക്കാന 'നമ്മുടെ മലയാളം': ജോര്‍ജി വര്‍ഗീസ്

അനില്‍ പെണ്ണുക്കര Published on 13 October, 2021
മലയാള ഭാഷയുടെ കരുത്തുമായി ഫൊക്കാന  'നമ്മുടെ മലയാളം': ജോര്‍ജി വര്‍ഗീസ്
എഴുത്തിന്റെ കാണാപ്പുറങ്ങളില്‍ 'നമ്മുടെ മലയാളം ' എന്നൊരു അക്ഷര ഗീതം കൂടി അമേരിക്കന്‍ മണ്ണില്‍ നിന്ന് ലോക ശ്രദ്ധയിലേക്ക്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രഥമ സാഹിത്യ സാംസ്‌കാരിക മാസികയായ ' നമ്മുടെ മലയാളം ' പ്രശസ്ത സാഹിത്യകാരനും, അദ്ധ്യാപകനുമായ പ്രൊഫ.എം.എന്‍. കാരശേരി പ്രകാശനം ചെയ്തു. നമ്മുടെ മലയാളത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഇ - മലയാളിയോട് സംസാരിക്കുന്നു.
 
ചോദ്യം : ഫൊക്കാനയുടെ നമ്മുടെ മലയാളം എന്ന സാഹിത്യ സാംസ്‌കാരിക ത്രൈമാസിക മുന്നോട്ട് വയ്ക്കുന്ന ആശയം എന്താണ്.?
 
ഉത്തരം:ഭൂമിയില്‍ തന്നെ അതിരുകളില്ലാത്ത ഒന്നേ ഒന്ന് അത് കല തന്നെയാണ്. എത്ര ദൂരെയായിരുന്നാലും കലയുള്ള കാലത്തോളം മനുഷ്യര്‍ തമ്മില്‍ എപ്പോഴും ഒട്ടിപ്പിടിച്ചു കൊണ്ടേയിരിക്കും. അതിനു ഭാഷയുടെയോ, മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ അതിര്‍ത്തി രേഖകള്‍ ഒന്നും ഉണ്ടായിരിക്കില്ല. കല എപ്പോഴും കാലാതീതമാണ്, മനുഷ്യരാശി മുഴുവന്‍ നശിച്ചു പോയാല്‍ പോലും കല ഭൂമിയില്‍ നിലനില്‍ക്കും. കുയിലിന്റെ പാട്ടിലൂടെയോ, മരംകൊത്തിയുടെ കൂട് നിര്‍മാണത്തിലൂടെയോ കല ഭൂമിയുടെ അച്ചുതണ്ടിനെ സുരക്ഷിതമായി താങ്ങി നിര്‍ത്തും. പലതിന്റെ പേരിലും മനുഷ്യര്‍ ഇവിടെ ഒന്നിച്ചു കൂടാറുണ്ട്, പക്ഷേ ഏറ്റവും ഭംഗിയുള്ള ഒത്തുകൂടലുകള്‍ സംഭവിയ്ക്കുന്നത് കലയ്ക്കുവേണ്ടിയുള്ളതാണ്. എന്റെ മലയാളം എന്ന മാഗസിന്‍ സംഭവിയ്ക്കുന്നതും അത്തരത്തില്‍ ഒരു ഒത്തുകൂടലിലൂടെയാണ്.അത്തരം ഒരു ഒത്തുകൂടലിന് ശ്രമിക്കുകയാണ് ഫൊക്കാന . ലോകത്തിന്റെ പല കോണിലുള്ള മലയാളികളുടെയും രചനകള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും സമ്പന്നമായ ഒരു സാഹിത്യ സംസ്‌കാരിക സാന്നിദ്ധ്യമാണ് ' നമ്മുടെ മലയാളം '. കല എങ്ങനെയാണ് മനുഷ്യരെ ബന്ധിപ്പിക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരമാണിത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളി സാഹിത്യ പ്രവര്‍ത്തകരെ ഒരുമിപ്പിക്കുക എന്ന ദൗത്യമാണ് മലയാളം മാഗസിന്‍ എന്ന ഈ സംരംഭത്തിന് പിന്നില്‍.
 
ചോദ്യം : പഴയ തലമുറയില്‍ പെട്ട എഴുത്തുകാരെക്കാള്‍ പുതിയ തലമുറയിലെ പുതുനാമ്പുകളെ കൂടുതല്‍ അവതരിപിക്കുന്നതില്‍ നമ്മുടെ മലയാളം ശ്രദ്ധിച്ചു എന്ന് തോന്നുന്നു. അഭിനന്ദനാര്‍ഹമായ കാര്യം തന്നെ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സജീവമായി എഴുതുന്ന പലരേയും ഈ സംരംഭത്തിലേക്ക് കൊണ്ടുവന്നല്ലോ.?.
 
ഉത്തരം: പുതിയ തലമുറയാണ് ഫൊക്കാനയുടെ നാളത്തെ ചാലക ശക്തി.അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയില്‍ നിന്ന് പിറന്ന നമ്മുടേ മലയാളം മാഗസിനില്‍ അമേരിക്കന്‍ മലയാളികളുടേതടക്കം ലോകത്തിന്റെ പലകോണുകളില്‍ നിന്നുമുള്ള രചനകള്‍ ഉള്‍പ്പെടുത്തുവാന്‍ പ്രധാന കാരണം സോഷ്യല്‍ മീഡിയയിലെ പുതിയ എഴുത്തുകാരെ ലോക ശ്രദ്ധയില്‍, മുഖ്യധാരയില്‍ കൊണ്ടുവരിക എന്നതു തന്നെയായിരുന്നു.  ഭൂമിയുടെ ഏതറ്റത്ത് പോയാലും ഒരു മലയാളിയെ കണ്ടുമുട്ടുമെന്ന തമാശയില്‍ ആ മലയാളികള്‍ ഉള്ളിടത്തൊക്കെ കലയുടെ കാല്‍പ്പാടുകളുമുണ്ട് എന്ന സത്യവും ഉള്‍ക്കൊള്ളുവാനും ഈ പ്ലാറ്റ്‌ഫോം സഹായിച്ചിട്ടുണ്ട്. നമ്മുടെ മലയാളം എന്ന മാഗസിന്‍ ലക്ഷ്യം വച്ചത് ഒരു വലിയ ഒത്തുചേരലായിരുന്നു. ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നുമുള്ള പ്രവാസികളുടെ ചിന്തകള്‍ കൊണ്ട് നമ്മുടെ മലയാളവും ധന്യമാക്കുക എന്നത്. അത് ധന്യമായതില്‍ വലിയ പ്രചോദനമാണ് ലഭിച്ചത്. തുടര്‍ന്ന് വരുന്ന ലക്കങ്ങളിലും ലോകത്തെമ്പാടുമുള്ള സാഹിത്യ പ്രതിഭകളുടെ രചനകളുമായി സമ്പുഷ്ടമാകും നമ്മുടെ മലയാളം.
 
ചോദ്യം : മനുഷ്യനെ ഏകോപിപ്പിക്കുന്നതില്‍ കലകള്‍ക്ക് വലിയ പങ്കുണ്ട്. അതിനെ കൃത്യമായി ഫൊക്കാന പലതവണ വിവിധ സാഹിത്യ സാംസ്‌കാരിക പരിപാടികളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. സാഹിത്യ രംഗത്ത് നമ്മുടെ മലയാളം അത്തരമൊരു അടയാളപ്പെടുത്തലാണ് . ലോകമലയാളി എഴുത്തുകാരെ ഈ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടോ?
 
ഉണ്ട്. പ്രവാസികള്‍ക്ക് കലകളോടുള്ള മമതയും, താല്പര്യവും, പണ്ട് കാലങ്ങള്‍ മുതല്‍ക്കേ തുടങ്ങിയതാണ്. മേഘസന്ദേശം മുതല്‍ക്ക്, കത്തുപാട്ടുകള്‍ വരെ അതിന്റെ തുടര്‍ച്ചയാണ്. നാട് വിട്ട് നില്‍ക്കുന്ന മനുഷ്യനെ പിടികൂടുന്ന അതിഭീകരമായ ഗൃഹാതുരുത്വവും, ഓര്‍മ്മകളുടെ പിന്‍വിളികളും കലകളില്‍ മാത്രമല്ല സാഹിത്യ രചനകളിലും പലപ്പോഴും പ്രകടമാകാറുണ്ട്. നമ്മുടേ മലയാളത്തിന്റെ എഴുത്തുകാരിലും അത്തരത്തില്‍ ഒരു അടയാളം പ്രകടമായിരുന്നു.അത് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചേക്കേറിയപ്പോഴും തുടരുന്നു. അവയെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ ഫൊക്കാന നടത്തിയ ശ്രമം വിജയം കണ്ടു. നമ്മുടെ മലയാളത്തിലെ രചനകള്‍ എല്ലാം ഈ പ്രവാസത്തിന്റെ കഥകളാണ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വിമാനയാത്രകളില്‍ രണ്ടാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ത്ത നമ്മുടെ മലയാളത്തിലെ എല്ലാ രചനകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണന്ന് നിസംശയം പറയാം.
നമ്മുടെ മലയാളം ഒരു മാഗസിന്‍ എന്നതിനുമപ്പുറം ഒരു ഒത്തുചേരല്‍ കൂടിയായിരുന്നു. പലവിധത്തിലുള്ള മനുഷ്യ ചിന്തകളുടെ, പലകാല ദേശ കഥകളുടെ, സംസ്‌കാരത്തിന്റെ, ജീവിത സാഹചര്യങ്ങളുടെ അടയാളപ്പെടുത്തല്‍
കൂടിയായിരുന്നു. അതിന് നേതൃത്വം കൊടുക്കാന്‍ ,കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മനുഷ്യമനസുകളുടെ ചിന്തകളെ കൂട്ടിയിണക്കാന്‍ സാധിച്ചതിലും ഫൊക്കാനയ്ക്ക് സാധിച്ചു. അതും ചെറുതല്ലാത്ത സന്തോഷമല്ലേ നമുക്ക് നല്‍കുന്നത്.
 
ഫൊക്കാന ഒരു അക്ഷരപുണ്യം കൂടി മലയാളത്തിന് സമര്‍പ്പിക്കുമ്പോള്‍ മലയാളി സമൂഹം കൃതാര്‍ത്ഥരാവുന്നു. ഭാഷയ്ക്കായി ഒരു നാണയം എക്കാലവും മാറ്റിവയ്ക്കുന്ന ഫൊക്കാന ഭാഷയ്ക്കായി ലോകത്തെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ എഴുത്തുകുത്തുകള്‍ അക്ഷരത്തെ സ്‌നേഹിക്കുന്നവര്‍ക്കായി കാത്തു സൂക്ഷിക്കയാണ് നമ്മുടെ മലയാളത്തിലൂടെ.
 
നമ്മുടെ മലയാളത്തിന്റെ ഫ്‌ലിപ്പ് ഫയല്‍  വായിക്കുവാന്‍ ഈ ലിങ്ക് ഉപയോഗിക്കാം.
https://anyflip.com/tivor/izxz/
 
Join WhatsApp News
abdul punnayurkulam 2021-10-14 03:22:34
Good job, Georgie.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക