Image

വൈകയുടെ കുഞ്ഞൻ കഥകൾ (പുസ്തക പരിചയം: സന്ധ്യ എം)

Published on 13 October, 2021
വൈകയുടെ കുഞ്ഞൻ കഥകൾ (പുസ്തക പരിചയം:  സന്ധ്യ എം)
പുസ്തകം : വൈകയുടെ കഥകൾ

വൈക എന്ന തൂലികാനാമത്തിൽ എഴുതുന്ന ഗീത സതീഷ് പിഷാരോടിയുടെ സ്വന്തമായി തെളിയിച്ചെടുത്ത എഴുത്തു വഴി വളരേ വ്യത്യസ്തമായതാണ് .ഒരുപിടി കുഞ്ഞൻ കഥകൾ കയ്യിൽ പിടിച്ച് ആ വഴിയിലൂടെ സാഹിത്യ ലോകത്തേക്ക് നമ്മുടെ മുന്നിൽ വന്നുനിൽക്കുകയാണ് കഥാകാരി.

സമൂഹത്തിൽ കാണുന്ന കടുത്ത വിഷയങ്ങളിലെയ്ക്ക് കഥാപാത്രങ്ങളുമായി കഥാകാരി നേർക്കുനേർ നിൽക്കുന്നു.
ഒരു എഴുത്തുകാരിക്ക് വേണ്ട ഏറ്റവും വലിയ ഗുണം പ്രതികരിക്കാനും സത്യം പറയാനും ഉള്ള ധൈര്യം ആണ് .അവരിൽ ഉറച്ച നിലപാടുകളോടുകൂടി അതുണ്ട്.ഓരോ കഥകളും അതിന്റെ സാക്ഷ്യമാണ്.

കുറഞ്ഞ വരികളിൽ വലിയ വിഷയങ്ങൾ വഴക്കത്തിൽ എഴുതി ഒതുക്കി വായനക്കാരനിൽ ചിന്തയുടെ വിശാലലോകം തുറന്നിട്ടുക എന്നത് നിസാരമായ ഒന്നല്ല.

മുളപൊട്ടാൻ വിത്ത് വീഴുന്നിടത്ത് അനുയോജ്യമായ സാഹചര്യം ഉണ്ടാകണമെന്നതുപോലെ ഈ കുഞ്ഞൻ കഥകൾ വായിക്കുന്ന വായനക്കാർ സമൂഹത്തിലെ മറയ്ക്കുള്ളിൽ ഒളിഞ്ഞ യാഥാർത്ഥ്യങ്ങളിലേക്ക്  കണ്ണുപായിക്കുന്നവർ ആയിരിക്കണം.അത്തരക്കാരെ ഈ കഥകൾ വല്ലാതെ പിടിച്ചുലയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഈ പുസ്തകത്തിലെ  പേരുകളെല്ലാം കൗതുകം നിറഞ്ഞതാണ്.ആ നാമങ്ങളിൽ കൂടെ കടക്കുമ്പോൾ വടക്കുനിന്നൊരു കാറ്റ് നമ്മുടെ മനസ്സുംകൊണ്ട് പല പല ദേശങ്ങളിലൂടെ പറക്കുന്ന അനുഭവം രസകരമായ് അനുഭവപ്പെട്ടു.പേരുകളിൽ എന്തെല്ലാം മുന്നിൽ തെളിയിക്കുന്നു കഥാകാരി.

ആദ്യകഥ ഇരജയിലെ നായകന്റെ കണ്ണിൽ
നിറഞ്ഞ ദേഷ്യം ഞാനും കണ്ടു.ആ ദേഷ്യത്തിൽ തൊട്ട് വായിച്ചു നിർത്തുമ്പോൾ ബാക്കിയായി ഏതാനും വരികൾ മാത്രം.കഥ എങ്ങനെ അവസാനിക്കുമെന്ന് എനിക്ക് ആകാംക്ഷയായി. ഒറ്റ കത്തിൽ എല്ലാം എഴുതിച്ചേർത്ത് ശുഭമായ് കഥ അവസാനിപ്പിച്ചു കഥാകാരി.ഞാൻ അത്ഭുതപ്പെട്ടുപോയി ഒറ്റവാക്കിൽ വൈക മുന്നിൽ തുറന്നിട്ടത് വലിയൊരു കഥയായിരുന്നു.ആഴത്തിലുള്ള ചിന്തയാണ് അവിടെ കാണാൻ കഴിഞ്ഞത്.

മറ്റു കഥകളും ഇതേ രീതിയിൽ മികച്ചതു തന്നെയാണ് . ആവർത്തനവിരസത എങ്ങും കണ്ടില്ല .എല്ലാവർക്കും നേരമില്ല പരാതി നിറഞ്ഞ ഈ കാലത്ത് ഇത്തരം കുഞ്ഞൻ കഥകൾക്ക് പ്രാധാന്യമുണ്ട്. കുറഞ്ഞ നേരത്തിൽ കഥ ഉള്ളിൽ വീണു ചിന്തയിൽ നിന്ന് കത്തിജ്വലിക്കും ഏറെ നേരം .

ഓവിയ എന്ന കഥയിൽ രണ്ടു പ്രാർത്ഥനയിൽ കഥ അവസാനിക്കുന്നു.എത്ര വലിയ ചിത്രമാണ് വായനക്കാർക്ക് മുന്നിൽ പ്രാർത്ഥനകളിലൂടെ വരച്ചിടപ്പെടുന്നത്.
ഇത് വൈക എന്ന എഴുത്തുകാരിയുടെ മാത്രം പ്രത്യേകത.

ഹലോനിയുടെ നൊമ്പരവും ആനന്ദവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ലസീര എന്ന കഥാപാത്രം എന്നെ വല്ലാതെ തൊട്ടു .അവസാന വരികളിൽ കണ്ണിൽ ഈറൻ പൊടിഞ്ഞു. അൻവിമോളുടെ മറുപടിയിൽ എന്തായിരുന്നു വൈക നനവ്. സിദ്ധന്റെ ആ ചിരി ജീവിതത്തിൽ പലയിടങ്ങളിലും ഞാൻ കണ്ടിട്ടുണ്ട് .അതുപോലെ ചാർമിയും നമ്മൾക്കിടയിൽ ജീവിക്കുന്ന ഒരു കഥാപാത്രം തന്നെയാണ്.

ഉള്ളവന്റെ കുടിവെള്ളവും ഇല്ലാത്തവന്റെ കുടിവെള്ളവും തമ്മിലുള്ള അന്തരം കാണിച്ചുകൊടുത്ത ലിപിഷ അർത്ഥം നിറഞ്ഞ കഥയാണ്.

ബുദ്ധിപൂർവ്വം ഉള്ള ചിന്തകളിലൂടെ ആണ് വൈകയുടെ കഥകൾ പിറവി കൊണ്ടിരിക്കുന്നത്.നന്മ നിറഞ്ഞ നിൽക്കുന്ന കഥകൾ എനിക്ക് ഒരുപാട് ഇഷ്ടമായി.മലയാള സാഹിത്യത്തിൽ മഹത്തായ ഒരു സ്ഥാനം വൈകയ്ക്ക് വരും നാളിൽ ഉറപ്പാണ്.ഇനിയും ധാരാളം കഥകൾ വൈകയുടെ വിരൽ തുമ്പിലൂടെ വിരിയട്ടെ  ആശംസകൾ.

വൈകയുടെ കുഞ്ഞൻ കഥകൾ (പുസ്തക പരിചയം:  സന്ധ്യ എം)
Join WhatsApp News
സതീഷ് 2021-10-14 13:11:59
ആശംസകൾ ❤️🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക