Image

ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)

Published on 16 October, 2021
ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)
ഈശോ ജേക്കബ് ഇന്നു (ഒക്ടോബർ 15) എന്നന്നേക്കുമായി നമ്മളോട് വിട വാങ്ങി എന്ന സത്യം അംഗീകരിക്കാൻ മനസ്സ്  അനുവദിക്കുന്നില്ല.  അദ്ദേഹത്തിൻറെ വീട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരത്തിനു മുമ്പിൽ നിന്നു കൊണ്ട്   ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ വിങ്ങുന്ന മനസ്സിൽ ഞങ്ങളുടെ സൗഹൃദത്തിൻറെ പല ഓർമ്മകളും തേരോട്ടം നടത്തി. നിറ കണ്ണുകളോടെ, കൂപ്പു കൈകളോടെ, ഞാൻ പ്രിയപ്പെട്ട ഈശോയ്ക്ക് യാത്രാമൊഴി ചൊല്ലി.

ഏകദേശം രണ്ടാഴ്ച മുമ്പാണ് ഞങ്ങൾ ദീർഘനേരം ഫോണിൽ സംസാരിച്ചത്. തന്റെ അസുഖത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചു. ഈശോ ജേക്കബിന്റെ ജീവിതത്തിൻറെ ഒരു സ്മരണിക പ്രൊഫ എം.എൻ. കാരശ്ശേരിയുടെ സഹായത്തോടെ പ്രസിദ്ധീകരിക്കുന്നുവെന്നും  അതിൽ എന്റെ ഒരു കുറിപ്പ് എഴുതണമെന്നും  ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ എഴുതാമെന്നും സമ്മതിച്ചു. അതിനു ശേഷം രണ്ടു മൂന്നു തവണ ഫോൺ ചെയ്തെങ്കിലും സംസാരിക്കാൻ സാധിച്ചില്ല.

പതിനൊന്നു വർഷം മുമ്പ്  ഹ്യൂസ്റ്റണിലേക്ക് താമസം മാറിയപ്പോൾ മുതലാണ് ഈശോയുമായി ഞാൻ ബന്ധപ്പെടുന്നത്. ഞങ്ങൾ അടുത്തടുത്ത നാട്ടുകാരും എസ്ബി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുമാണ്. അദ്ദേഹം എന്നെ വീട്ടിലേക്കു കുട്ടിക്കൊണ്ടു പോയി ഡിന്നർ തന്നു. അദ്ദേഹവും ഭാര്യ റേച്ചലും സൽക്കാരപ്രിയരാണ്. മക്കളെയും പരിച്ചയപ്പെടുത്തി. തന്റെ എഴുത്തുകളെക്കുറിച്ചും ലേഖനങ്ങൾ കവിതകൾ, പത്രപ്രവർത്തനം,   തന്റെ അമേരിക്കൻ, ഹ്യൂസ്റ്റൺ ജീവിതം ഇവയെക്കുറിച്ചെല്ലാം ദീർഘനേരം സംസാരിച്ചു.

പിന്നീട് അദ്ദേഹവും  മറ്റുപലരും ചേർന്നു 1989 ൽ ഹ്യൂസ്റ്റണിൽ  സ്ഥാപിച്ച കേരളാ റൈറ്റേഴ്സ് ഫോറത്തിൽ എന്നെ അംഗമാക്കി. റൈറ്റേഴ്സ് ഫോറം,       മലയാളം സൊസൈറ്റി എന്നീ സംഘടനകളുടെ പ്രതിമാസ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ ഞങ്ങളുടെ സൗഹൃദം പുതുക്കാറുണ്ടായിരുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിൻറെ ഹ്യൂസ്റ്റൺ ചാപ്റ്റർ  പ്രസിഡൻറ് ആയിരുന്ന അദ്ദേഹം എന്നെ സെക്രട്ടറി ആക്കി. അപ്പോഴാണ് അദ്ദേഹത്തിന്റെ 37 വർഷത്തെ അമേരിക്കൻ ജീവിതത്തിൽ അദ്ദേഹം വളർത്തി എടുത്ത സൗഹൃദ വലയത്തിന്റെ ആഴവും വ്യാപ്തിയും എനിക്കു മനസ്സിലാക്കാൻ സാധിച്ചതു്. 

1984 ലാണ് എന്നു തോന്നുന്നു അദ്ദേഹം ഭാര്യ റേച്ചലിനോടൊപ്പം അമേരിക്കയിൽ കുടിയേറി ഹ്യൂസ്റ്റണിൽ സ്ഥിരതാമസ്മാക്കുന്നത്. അതിനു മുമ്പ് 1980 ൽ ചങ്ങനാശ്ശേരി എസ്ബി കോളേജിൽ നിന്നും എം.എ. എക്കണോമിക്സ് പാസായതിനു ശേഷം മലയാള മനോരമയിൽ സബ് എഡിറ്റർ ട്രെയിനായിയും പത്ര പ്രവർത്തകനായും ജോലി നോക്കി. 

അമേരിക്കയിൽ ഫിനാൻസ്  മേഖലയാണ് അദ്ദേഹം തന്റെ പ്രവർത്തി മണ്ഡലമായി തിരഞ്ഞെടുത്തത്. ആ മേഖലയിൽ അദ്ദേഹം അസാധാരണമായ വിജയം കൈവരിക്കുക തന്നെ ചെയ്തു. മില്യൻ ഡോളർ റൗണ്ട് ടേബിളിൽ അംഗത്വം ലഭിച്ചതു തന്നെ അതിൻറെ അംഗീകാരമായിരുന്നു.  സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും  അദ്ദേഹത്തിന്റെ മനസ്സ് കലാ- സാംസ്കാരിക  സാഹിത്യ രംഗങ്ങളിലായിരുന്നു. 

കഴിഞ്ഞ മൂന്നു പതിറ്റാങ്ങു കാലം ഹ്യൂസ്റ്റണിലെ സാഹിത്യ സാംസ്കാരിക പൊതു ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര ശ്രീ ഈശോ ജേക്കബ് പതിപ്പിക്കുകയുണ്ടായി. റൈറ്റേഴ്സ് ഫോറം, മലയാളം സൊസൈറ്റി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്, മാഗ്, ഫൊക്കാനാ, ഫോമാ അങ്ങനെ മിക്ക സംഘടനകളിലും ഈശോ ജേക്കബ് ഒരു നിറ സാന്നിധ്യമായിരുന്നു. പത്ര പ്രവർത്തന രംഗത്തും അദ്ദേഹം പല സംഭാവനകളും നൽകി. മലയാള മനോരാജ്യം എന്ന ഒരു മലയാള പത്രം ഹ്യൂസ്റ്റണിൽ ആദ്യമായി അച്ചടിച്ചത് ഈശോയായിരുന്നു. ഇവിടുത്തെ പല മാധ്യമങ്ങളുമായും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. 

അദ്ദേഹത്തിൻറെ സംഘടനാപാടവത്തിന്റെ തെളിവായിരുന്നു 2019 ൽ ഹ്യൂസ്റ്റണിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിൻറെ' അന്താരാഷ്ട്ര മീഡിയാ കോൺഫറൻസ്.'  അദ്ദേഹത്തിൻറെ വിയോഗത്തിൽ ഒരു ബഹു മുഖ: പ്രതിഭയേയാണ് നമുക്കു നഷ്ടമായിരിക്കുന്നത്.'  എനിക്ക് ഒരു ആത്മാർത്ഥ സുഹൃത്തിനേയും. ആദരാഞ്ജലികൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക