Image

മിസ് വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം; സെക്കന്‍ഡ് പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍

Published on 16 October, 2021
 മിസ് വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം; സെക്കന്‍ഡ് പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍


സിംഗപ്പൂര്‍: 2021 മിസ് വേള്‍ഡ് സിംഗപ്പൂരില്‍ ഫിനാലെയില്‍ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലില്‍ മലയാളിയായ നിവേദ ജയശങ്കര്‍ സെക്കന്‍ഡ് പ്രിന്‍സസ് ആയി വിജയിച്ചു. 2021 മിസ് വേള്‍ഡ് സിംഗപ്പൂരിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ഏക ഇന്ത്യന്‍ കൂടിയാണ് നിവേദ.

സെക്കന്‍ഡ പ്രിന്‍സസ് ടൈറ്റില്‍ കൂടാതെ, മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വില്‍ അംബാസഡര്‍ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി.

മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദമുള്ള നിവേദ ജയശങ്കര്‍, സിംഗപ്പൂരിലെ യുണിയന്‍ ഓവര്‍സീസ് ബാങ്കില്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായി പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന എന്‍ജിഒയുടെ വോളന്റിയര്‍ കൂടിയാണ് നിവേദ.

സിംഗപ്പൂര്‍ മലയാളികളായ ജയശങ്കറിന്റെയും നന്നിതയുടെയും മൂത്ത മകളാണ് നിവേദ. എസ്.ടി മൈക്രോഇലക്ട്രോണിക്‌സില്‍ സീനിയര്‍ മാനേജറായി ജോലി ചെയ്യുന്ന അച്ഛന്‍ ജയശങ്കര്‍, സിംഗപ്പൂരില്‍ അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ്. കെപിഎംജിയിലെ അസോസിയേറ്റ് ഡയറക്ടര്‍ അമ്മ - നന്നിത സിംഗപ്പൂരിലെ പ്രമുഖ നടിയും കൂടിയാണ്, സിംഗപ്പൂരിലെ നിരവധി നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും നന്നിത അഭിനയിച്ചിട്ടുണ്ട് . ഇപ്പോള്‍ 26 വര്‍ഷമായി സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ നിവേദയുടെ പിതാവ് ചേര്‍ത്തലയിലെ പാണാവള്ളി സ്വദേശിയും അമ്മ എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശിയുമാണ്. നിവേദയുടെ ഇളയ സഹോദരി മേഘ്‌ന സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കുന്നു.

യുവ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കില്‍ ഉറച്ചു വിശ്വസിക്കുന്ന നിവേദ തുടര്‍ന്നും, പാവപ്പെട്ട കുട്ടികള്‍ക്കായി അധ്യാപന സൗകര്യങ്ങള്‍ ഒരുക്കാനും അതോടൊപ്പം മറ്റുള്ളവരെ ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുവാനും മിസ് വേള്‍ഡ് സിംഗപ്പൂര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് താല്‍പര്യപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക