Image

എന്തുകൊണ്ട് അഭിമുഖങ്ങളോട് അകലം പാലിക്കുന്നുവെന്ന് വ്യക്തമാക്കി നയന്‍താര

Published on 17 October, 2021
 എന്തുകൊണ്ട് അഭിമുഖങ്ങളോട്  അകലം പാലിക്കുന്നുവെന്ന് വ്യക്തമാക്കി  നയന്‍താര

എന്തുകൊണ്ടാണ് താന്‍ അഭിമുഖങ്ങളോടും പ്രൊമോഷന് പരിപാടികളോടും അകലം പാലിക്കുന്നത് എന്ന് തുറന്നു പറയുകയാണ് നയന്‍താര. കരിയറിന്റെ തുടക്ക കാലത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്നും അതുകാരണം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയന്‍താര പറയുന്നത്.


'ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്ബോള്‍ അതില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്‌ ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും. എന്നാല്‍ എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല' എന്നായിരുന്നു നയന്‍താര പറഞ്ഞത്.


സിനിമയെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ അഭിനയം തനിക്ക് ജോലി മാത്രമാണെന്നും അതുകൊണ്ട് താന്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാര വിഷയം ആയാല്‍ മതിയെന്നും  നയന്‍താര പറയുന്നു. അതിനാലാണ് താന്‍ മീഡിയയില്‍ നിന്നും പ്രൊമോഷന്‍ എന്നിവയില്‍ നിന്നുമെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. 


എത്ര തിരക്കായാലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും നയന്‍താര മറുപടി പറയുന്നുണ്ട്. നമ്മള്‍ എത്ര വളര്‍ന്നു കഴിഞ്ഞാലും നമ്മുടെ മാതൃഭാഷയെ മറക്കുവാന്‍ പാടില്ലെന്നും തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമാണ് നയന്‍താര പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക