Image

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published on 17 October, 2021
സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
ഇതൊരു ചെറുപ്പക്കാരന്റെ ഒരു നീണ്ട അതിജീവനത്തിന്റെ ജീവിതകഥയാണ്. കഥ തുടരുകതന്നെയാണ്.... ഈ കഥ പൂര്‍ണ്ണമാക്കേണ്ടത് കാലമാണ്. അതിന് മനോഹരമായ ഒരു പൂര്‍ണ്ണത കൈവരിക തന്നെ ചെയ്യും. യശ്വന്ത് എന്നാണ് ഈ യഥാര്‍ത്ഥ കഥയിലെ നമ്മുടെ കഥാനായകന്റെ പേര്. യശ്വന്ത് ഗജാനന്‍ സാലുങ്കെ സത്താറക്കടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ചത്. നാലു മാസം മാത്രം പ്രായമുള്ള യശ്വന്തിനേയും രണ്ടു വയസ്സുള്ള ജേഷ്ഠന്‍ ജഗന്നാഥനേയും അമ്മ ഗജറബായിയേയും അനാഥരാക്കി അദ്ദേഹത്തിന്റെ അച്ഛന്‍ ലോകത്തോട് വിട പറഞ്ഞു. കഠിനമായ ദാരിദ്രത്തിലും, ദുരിതത്തിലും അവരുടെ ബാല്യം പിച്ചവെച്ചു. ഈ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 2000 ല്‍ തന്റെ ഗ്രാമത്തിലെ സ്‌ക്കൂളില്‍ നിന്നും ഈ മിടുക്കന്‍ 62% മാര്‍ക്കോടു കൂടി പത്താം ക്ലാസില്‍ വിജയം കൈവരിച്ചത്. തന്റെ സഹോദരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തുടര്‍പഠനം എന്ന സ്വപ്‌നം യശ്വന്തിന് ഉപേക്ഷിക്കേണ്ടി വന്നു. കുടുംബം പുലര്‍ത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് യശ്വന്ത് മുംബൈ മഹാനഗരത്തിലേക്ക് വണ്ടി കയറി.

മനുഷ്യക്കടലിരമ്പുന്ന മുംബൈ മഹാനഗരം എല്ലാവര്‍ക്കും അഭയമരുളുമെന്ന പ്രതീക്ഷമാത്രമായിരുന്നു യശ്വന്തിന്റെ കൈമുതല്‍. നഗരം തെഴിലെടുക്കുന്നവരുടേതാണ്. യശ്വന്ത് എന്ന പതിനഞ്ചു വയസ്സുകാരന്‍ നഗരത്തില്‍ പല ചെറുതായ ജോലികൾ ചെയ്തു. ഒടുവില്‍ എത്തിപ്പെട്ടത് മാത്താഡി (കയറ്റിറക്ക്) ജോലികള്‍ നടക്കുന്ന കേന്ദ്രത്തിലാണ്. വസായ് ഈസ്റ്റിലുള്ള ചിഞ്ച്പാഡ എന്ന സ്ഥലത്ത് കയറ്റിറക്കു ജോലി ചെയ്യുന്നവര്‍ക്കൊപ്പം ഒരു കുടുസ്സുമുറിയില്‍ യശ്വന്ത് താമസം തുടങ്ങി. തലചായ്ക്കാനൊരിടവും, ചെറിയ ജോലിയും കിട്ടിയ സംതൃപ്തിയിലായിരുന്നു അന്ന് യശ്വന്ത്.

ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തില്‍ ആകസ്മികവും അവിസ്മരണീയവുമായ സംഭവങ്ങള്‍ കടന്നുവന്നേക്കാം. അങ്ങിനെയൊരു ദിവസം യശ്വന്തിന്റെ ജീവിതത്തെ കാത്തുനില്‍ക്കുകയായിരുന്നു എന്നു പറയാം. 2007 മേയ് മാസം 23 ാം തീയതി യശ്വന്തിന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു. തന്റെ ഗ്രാമത്തിലെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ താനെ ബസ് സ്റ്റാന്‍ഡിലിറങ്ങി അവിടെ നിന്ന് വസായിലേക്കുള്ള അന്നത്തെ പഴയ ഏഷ്യാഡ് ബസില്‍ കയറിയ യശ്വന്ത് തൊട്ടടുത്തിരുന്ന ആളിനോട് വസായിയില്‍ വണ്ടി എത്രമണിയോടെ എത്തുമെന്ന് അന്വേഷിച്ചുകൊണ്ട് ഒരു സംഭാഷണത്തിന് തുടക്കമിട്ടു. സത്താറയില്‍നിന്നും വരുന്ന ഈ ബസ്സില്‍ നീയെന്തുകൊണ്ടാണ് താനെയില്‍നിന്നും കയറിയതെന്ന അയാളുടെ ചോദ്യത്തിന്, കൈയ്യില്‍ പണം കുറവായതിനാല്‍ താനെവരെ ട്രക്കിലാണ് എത്തിയതെന്ന് കേട്ടപ്പോള്‍ അയാള്‍ അവനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു. 
എങ്ങിനെയൊ യശ്വന്തിന്റെ യാതാനാഭരിതമായ ജീവിതത്തിന്റെ മങ്ങിയ ചില്ലുജാലകങ്ങള്‍ അവന് അയാള്‍ക്കുമുന്‍പില്‍ പതുക്കെ  തുറന്നു. തന്റെ പാതിയില്‍ നിന്നുപോയ പഠനവും കുഞ്ഞുതോളുകളില്‍ ഏറ്റെടുക്കേണ്ടി വന്ന കുടുംബ ഭാരവുമൊക്കെ സഹയാത്രികനോടു പറഞ്ഞുപോയി.

'തുടര്‍ പഠനത്തിന് നിനക്ക് ആഗ്രഹമില്ലേ' എന്ന സഹയാത്രികന്റെ വേദന നിറഞ്ഞ ചോദ്യത്തിന് യശ്വന്ത് 'ഉണ്ട്' എന്ന്  മറുപടി പറഞ്ഞു.

'എങ്കില്‍ തന്നെ വന്ന് കാണുക' എന്നു പറഞ്ഞ് അയാള്‍ തന്റെ പേരും, വീട്ടഡ്രസ്സും, ഫോണ്‍ നമ്പരും ഒരു തുണ്ടു കടലാസ്സില്‍ എഴുതി അവന് നല്‍കി, 
അയാളുടെ പേര് അവന്‍ വായിച്ചു, ആര്‍. ഡി. ഹരികുമാര്‍, മലയാളിയാണ്. തൊട്ടടുത്ത ഞായറാഴ്ച യശ്വന്ത് ആ ചെറിയ കടലാസ്സില്‍ കണ്ട ഫോണ്‍ നമ്പരിലേയ്ക്ക് വിളിച്ചു. തന്റെ പ്രിയപ്പെട്ട സഹയാത്രികന്‍ വീട്ടിലേയ്ക്കു ക്ഷണിച്ചു, യശ്വന്ത് അങ്ങനെ ആര്‍.ഡി. ഹരികുമാറിന്റെ വീട്ടിലെത്തി.

യശ്വന്തിന് ആദ്യം കിട്ടിയ നിര്‍ദ്ദേശം 'ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന  ജോലിയുപേക്ഷിക്കാനും തന്റെ ഓഫീസില്‍ സഹായിയായി കൂടി പഠനവും, തൊഴിലും ഒരുമിച്ചു കൊണ്ടുപോകാനുമായിരുന്നു.'  അമ്മയോട് ആലോചിച്ച് പറയാം എന്ന് പറഞ്ഞ് അവര്‍ പിരിഞ്ഞു.

കുടുംബത്തിലെ പട്ടിണി മാറ്റുന്ന യശ്വന്ത് ജോലിയുപേക്ഷിച്ചാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോര്‍ത്ത് അമ്മ ഗജറഭായി ആശങ്കപ്പെട്ടു, പക്ഷെ യശ്വന്തിന്റെ തീരുമാനം പഠിക്കണമെന്നുതന്നെയായിരുന്നു.

അധികം താമസിയാതെ തന്നെ പുതിയ ജോലിയില്‍ പ്രവേശിച്ച് അടുത്തുള്ള വര്‍ത്തക് കോളേജില്‍ അവര്‍ ഒരുമിച്ചുപോയി എച്ച്.എസ്.സി. ക്ക് പ്രൈവറ്റായി അഡ്മിഷന്‍ എടുത്തു. ഒരു വര്‍ഷംകൊണ്ട് 69 ശതമാനം മാര്‍ക്കോടുകൂടി യശ്വന്ത് എച്ച്.എസ്.സി. പാസ്സായി. അധ്യാപകനാകാനുള്ള തന്റെ ആഗ്രഹത്തിനനുസരിച്ച് പരേല്‍ കെ.എം.എസില്‍ D.T.E.D. ക്ക് ചേര്‍ന്നു. അപ്പോഴും ഹരികുമാറിന്റെ ഓഫീസിലെ തൊഴില്‍ തുടര്‍ന്നുകൊണ്ടിരുന്നു. 76 ശതമാനം മാര്‍ക്കോടുകൂടി യശ്വന്ത് DTED ഒരു വര്‍ഷത്തെ കാലാവധിയുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഓഫീസ് സമയം ഒഴിച്ചുള്ള അവസരങ്ങളില്‍ അടുത്തുള്ള ഒരു ആശ്രമം സ്‌കൂളിലെ കുട്ടികള്‍ക്കും മറ്റും പ്രൈവറ്റ് ട്യൂഷനും ആരംഭിച്ചു.
കഥയില്ലായ്മയായിരുന്ന ജീവിതത്തില്‍ മറ്റൊരു മനുഷ്യന്റെ സ്വാധീനത്തില്‍ കാലം കഥയെഴുതിക്കൊണ്ടിരിക്കെ മുഴുവന്‍ സമയ അധ്യാപക വൃത്തിയിലേക്ക് തിരിയാനുള്ള തന്റെ ആഗ്രഹം ഹരികുമാറുമായി യശ്വന്ത് പങ്ക് വെച്ചു. അദ്ദേഹം മുന്‍കൈയ്യെടുത്ത് വിരാറിലെ മുല്‍ജിഭായ് മേത്ത ഇന്ററര്‍നാഷണല്‍ സ്‌കൂളിന്റെ ജനറല്‍ മാനേജര്‍ രമേശ് നായരോട് സംസാരിച്ച് ഒരു ജോലി ശരിയാക്കി, പുതിയതായി തുടങ്ങിയ ഒരു സ്‌കൂളായിരുന്നു അത്.

ഇതിനിടയില്‍ യശ്വന്ത് 69 ശതമാനം മാര്‍ക്കോടുകൂടി ബി.എ. ഇക്കണോമിക്‌സും, 150 ല്‍ 95 മാര്‍ക്കോടുകൂടി CTET യും പാസ്സായി കഴിഞ്ഞിരുന്നു. ഇന്ന് യശ്വന്തിന്റെ ജീവിത സ്വപ്‌നങ്ങള്‍ പുതിയ ആകാശം തേടുകയാണ്, ആയാളിന്ന് ഒരു കടുംബസ്ഥനാണ്. 2013 ല്‍ അനിത യശ്വന്തിന്റെ ജീവിത സഖിയായി. ഒരു മകന്‍ പിറന്നു പേര് ശൗര്യയ്. 
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയപ്പോള്‍ യശ്വന്തിനും ചെറിയ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. കോവിഡ് വിദ്യാഭ്യാസ രംഗത്തെ ബാധിച്ച സാഹചര്യത്തില്‍ യശ്വന്തിന് സ്‌കൂള്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കോവിഡ് മാദണ്ഡങ്ങളുള്ളതു കാരണം ട്യൂഷനും കുറഞ്ഞിട്ടുണ്ട്.

ചെറുതെങ്കിലും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അഭിമാനവും യശ്വന്തിനുണ്ട്. തന്റെ മകന് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന മോഹമുണ്ട് യശ്വന്തിന്. ഈ മഹാമാരിക്കാലത്ത് ആ ഒരു സ്വപ്‌നത്തെ പിന്‍തുടരുകയാണ് അയാള്‍, അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടം. 
നല്ലസൊപ്പാറ ഈസ്റ്റിലെ വാടക ഫ്‌ളാറ്റില്‍ ആണ് ഇപ്പോള്‍ യശ്വന്തും കുടുംബവും. ആര്‍.ഡി. ഹരികുമാര്‍ എന്ന പ്രിയപ്പെട്ട മനുഷ്യനിലൂടെ കേരളമെന്ന നാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ യശ്വന്തിന് കരളത്തിലെ സംസ്‌കാരവും ഭക്ഷണരീതികളോടും വലിയ മതിപ്പാണ്.

യശ്വന്ത് തനിക്കു ലഭിച്ച പ്രകാശത്തിന്റെ നേരിയ കിരണങ്ങള്‍ നോക്കി ധീരമായി നടന്നു കയറിയ ആളാണ്. പഠിക്കണമെന്നും മുന്നേറണമെന്നും അതിജീവിക്കണെന്നുമുള്ള ഇച്ഛാശക്തിമാത്രമാണ് അദ്ദേഹത്തിന്റെ കൈമുതൽ. നല്ല മനുഷ്യര്‍ എല്ലാ നന്മകള്‍ക്കും നിമിത്തമായി കൂടെത്തന്നെയുണ്ടാകും എന്ന് യശ്വന്ത് ഉറച്ചു വിശ്വസിക്കുന്നു.

നിർധന കുടുംബത്തിലെ ഈ ഗ്രാമീണ യുവാവിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത്  ഇടത് സഹയാത്രികനായ  ഹരികുമാറാണ്
മുംബൈ മലയാളികള്‍ക്കിടയിലെ ഒരു സൗമ്യ വ്യക്തിത്വമാണ് ശ്രീ ആര്‍. ഡി. ഹരികുമാര്‍. കേരളീയ കേന്ദ്ര സംഘടനയുടെ പശ്ചിമ മേഖല ചെയര്‍മാനാണ്. മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ വിദഗ്ധസമിതി കണ്‍വീനര്‍, വസായ് ഈസ്റ്റ് കേരള സമാജത്തിന്റെ പ്രസിഡന്റ്, സി. പി. ഐ (എം) വസായ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി കൂടിയാണദ്ദേഹം.
സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
Join WhatsApp News
R. D. Harikumar 2021-10-18 06:46:54
നന്ദി.. ശ്രീമതി ഗിരിജ ഉദയൻ. യശ്വന്തിന്റെ ജീവിത കഥ പുറം ലോകത്തിന് പരിചയപ്പെടുത്തിയതിന് 🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക