Image

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

Published on 17 October, 2021
ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

എനിക്ക് എന്റെ മകനോളം പ്രിയപ്പെട്ട ഒരു ശിഷ്യനുണ്ട്.ഇപ്പോൾ ഡിഗ്രി അവസാന വർഷം പഠിക്കുന്നു.അവൻ ഏഴാം ക്ലാസിൽ ആയിരുന്ന കാലം.ഒരിത്തിരി കുറുമ്പ് ഒക്കെ കക്ഷിയുടെ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട്, ഞാൻ അധ്യാപകരുടെ സ്ഥിരം സൂത്രം പ്രയോഗിച്ചു അവനെ ക്‌ളാസ് ലീഡർ ആക്കി. ഒരു ദിവസം ക്ളാസിനിടയിൽ പ്രിൻസിപ്പളിന്റെ ഒരു അത്യാവശ്യ വിളി വന്നത് കൊണ്ട് ക്‌ളാസ് ലീഡറെ ക്‌ളാസ് ഏൽപ്പിച്ചു പോയി.പത്ത് മിനിറ്റ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ക്‌ളാസ് ബഹളമയം. നോക്കാൻ ഏൽപ്പിച്ച ആൾ ബഹളത്തിന്റെ നടുക്ക് .അനിയന്ത്രിതമായ ദേഷ്യം വന്നു.സാധാരണ കുട്ടികളെ ചീത്ത പറയാറില്ല എങ്കിലും, അന്ന് എല്ലാവരുടെയും മുൻപിൽ വച്ച് അവനെ എന്തൊക്കെയോ പറഞ്ഞു.ദേഷ്യം കൊണ്ട് സ്വരം വിറച്ചു, കണ്ണു നിറഞ്ഞു.ഇടയ്ക്ക് ഒന്ന് നോക്കിയപ്പോൾ കുട്ടി ലീഡറുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നു.അവനെ കരയിക്കുവോളം കടന്നു പോയോ വാക്കുകൾ എന്ന ആവലാതിയിൽ നിർത്തി.അൽപ്പ നേരം കഴിഞ്ഞ് നിശബ്ദമായ ക്ലാസിന്റെ മുന്നിൽ വച്ച് ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.പക്ഷെ ക്രോധം കൊണ്ട് പറഞ്ഞത് കൂടിപ്പോയി എന്ന കുറ്റബോധം ഇന്നു വരെ പോയിട്ടില്ല.പിന്നെ ഈ നിമിഷം വരെ അവൻ കുറുമ്പ് കാണിച്ചാൽ കൂടി അവനെ വഴക്ക് പറഞ്ഞിട്ടില്ല.അവനുള്ളത് കൂടി കൂട്ടുകാർക്ക് ആണ് കിട്ടുക.ഇപ്പോൾ എന്നെക്കാൾ ഉയരക്കാരൻ ആയി ,സ്നേഹത്തോടെ  അവൻ ചേർത്ത് പിടിക്കുമ്പോൾ ഒക്കെ, "ക്ഷമിക്കേടോ" എന്നുള്ളിൽ വീണ്ടും പറയും.ക്‌ളാസിൽ വച്ചു ദേഷ്യം വരുന്ന സമയത്ത് ഒക്കെ അവന്റെ മുഖം മനസിൽ വരും.ദേഷ്യം അലിയും, 'പാവം എന്റെ കുഞ്ഞെ'ന്ന് മുന്നിൽ നിൽക്കുന്ന ആളിൽ അലിയും.


"ദേഷ്യം വന്നപ്പോൾ അറിയാതെ പറഞ്ഞു പോയതാണ്,ക്ഷമിക്കണം"-ജീവിതത്തിൽ ഇങ്ങനെ ഒരു വാചകം പറയാത്തവർ ആയി അധികമാരും ഉണ്ടാവില്ല.ഒരു പക്ഷെ അഭിമാനാധിക്യം കൊണ്ട് ഉറച്ചും, ഉറക്കെയും ഉച്ചരിക്കാൻ മടിച്ചിട്ടുണ്ടാകും, പക്ഷെ മനസിൽ പറഞ്ഞിട്ടുണ്ടാകും എന്നുറപ്പ്.കോപം കൊണ്ട് കണ്ണ് കാണാതായ ഒരു നിമിഷത്തിൽ വലിച്ചെറിഞ്ഞ വാക്കിന്റെ കൂർത്ത കത്തിമുനകൾ എവിടെയെല്ലാം ചെന്നു കൊണ്ടു, ആരെയൊക്കെ, എങ്ങനെയൊക്കെ നോവിച്ചു എന്ന് അളക്കാൻ പറ്റുന്നതല്ല.ചിലപ്പോൾ ഒക്കെ തിരുത്താൻ പറ്റുന്നതും അല്ല.

മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ വികാരങ്ങളിൽ ഒന്നാണ് ദേഷ്യം. ഈശ്വരൻമാർ പോലും ക്രോധത്തിന് അധീനപ്പെട്ടു പോകാറുണ്ട്.മഹാദേവന്റെ ക്രോധാഗ്നിയിൽ ചാമ്പൽ ആയിപ്പോയ കാമദേവന്റെ കഥ, കരുണാമൂർത്തിയായിട്ടു പോലും കോപം പൂണ്ട് ചമ്മട്ടിയെടുത്തിട്ടുണ്ട് ക്രിസ്തുദേവൻ.ദേവന്മാർ പോലും കീഴടങ്ങുന്ന കോപം മനുഷ്യനെ തോല്പിക്കുന്നതിൽ എന്താണ് അത്ഭുതം ?

നമ്മൾ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ, നമ്മുടെ ഇച്ഛയ്ക്ക് വിപരീതമായി ചിലത് സംഭവിക്കുമ്പോൾ അപ്പോൾ ആണ് നമുക്ക് കോപം വരുന്നത്. കോപത്തിന് ഒപ്പം എരിതീയിൽ എണ്ണ പോലെ വരുന്ന ചില കൂട്ടാളികളും ഉണ്ട്-നിരാശ, സങ്കടം, നിസഹായത, വാശി,ഭയം-ഇതെല്ലാം ഏറിയും, കുറഞ്ഞുമുള്ള അളവിൽ കോപത്തിന് ഒപ്പം ചേരുമ്പോൾ ദേഷ്യത്തിന്റെ ചെറുതീക്കനൽ ക്രോധാഗ്നി തന്നെ ആകുന്നു.അത് ആരെയൊക്കെ പൊള്ളിക്കും എന്ന് പിന്നെ പ്രവചനാതീതം.

തകർക്കാനുള്ള ത്വരയാണ് കോപത്തിന്റെ ആദ്യ ലക്ഷണം.കയ്യിൽ കിട്ടുന്നത് എല്ലാം വലിച്ചെറിയുക, പൊട്ടിക്കുക, നശിപ്പിക്കുക എന്ന് തുടങ്ങി, മുന്നിൽ നിൽക്കുന്നത് ആരെന്നും, എന്തെന്നും നോക്കാതെ അവരെ പരമാവധി വേദനിപ്പിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ ഏറ്റവും കടുത്ത വാക്കുകൾ പറയുക എന്നിങ്ങനെ, മറ്റാരെയും ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ സ്വയം മുറിവേല്പിച്ചു വേദനിക്കുക എന്നു വരെയെത്തും രോഷത്തിന്റെ തീവ്രഭാവങ്ങൾ. കോപത്തിന്റെ പരകോടിയിൽ, എല്ലാവരെയും തോൽപിക്കണം എന്ന വ്യർത്ഥചിന്തയിൽ ആണ് ചിലപ്പോൾ ആത്മഹത്യകൾ പോലും ഉണ്ടാകുന്നത്.

ചില രോഷപ്രകടനങ്ങൾ ന്യായമാണ് .ഉള്ളിൽ അമർത്തി വയ്ക്കുന്ന ചിലത് എല്ലാം ദേഷ്യമായി പുറത്തേക്ക് വരുന്നത് ഒരു ആശ്വാസമാണ്.പക്ഷെ അത്യപൂർവം ചില സന്ദർഭങ്ങൾ ഒഴിച്ചു നിർത്തിയാൽ , എല്ലായ്പ്പോഴും ദേഷ്യം വേദനയുടെ കാരണമാണ്-ദേഷ്യപ്പെടുന്ന ആൾക്കും, അതിന്റെ പരിണതി അനുഭവിക്കുന്ന ചുറ്റും ഉള്ളവർക്കും.ദേഷ്യം പ്രസരിപ്പിക്കുന്നത് താമസ,അധമ ഭാവങ്ങൾ തന്നെയാണ്.

ചീത്ത പറഞ്ഞും, തല്ലിയും കുട്ടികളെ നന്നാക്കുക എന്ന ഒരു ഏർപ്പാട് ഉണ്ട്.പക്ഷെ ഇന്നോളം ദേഷ്യവും, ചീത്തയും കൊണ്ടും നേരെയായ ഒരാളെ പോലും ഞാൻ കണ്ടിട്ടില്ല.ദേഷ്യം അകൽച്ചയല്ലാതെ അടുപ്പം സൃഷ്ടിക്കുന്നതെയില്ല.ദേഷ്യത്തോടെ പെരുമാറുന്ന അച്ഛനമ്മമാരും, അധ്യാപകരും വേദനയല്ലാതെ എന്താണ് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് ?

രാവിലത്തെ അസംബ്ലിയിൽ, കുട്ടികളുടെ മുന്നിൽ വച്ച് അധ്യാപകരെ നിരത്തി നിർത്തി കണ്ണു പൊട്ടുന്ന ചീത്ത പറയുന്ന ഒരു മേലധികാരിയുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്ത ആളെ മാത്രം മുറിയിലേക്ക് വിളിച്ച്, തിരുത്തേണ്ട കാര്യത്തെ പൊതുവേദിയിൽ ക്രോധനാടകം ആക്കുന്നതിലൂടെ ഒരു ജോലി സ്ഥലത്തിന്റെ മുഴുവൻ അന്തരീക്ഷവും നിഷ്ക്രിയമാകുന്നത് അനുഭവിച്ചിട്ടുണ്ട്.

വഴക്കടിക്കുമ്പോൾ ജീവിത പങ്കാളിയോട് കലി സഹിക്കാഞ്ഞു പറയുന്ന വാക്കുകൾ ,കേട്ട ആളിന്റെ ഉള്ളിൽ ഉമിത്തീ പോലെ നീറിയെത്ര കാലമുണ്ടാകും.

ജീവിതത്തിന്റെ ഏറ്റവും മുന്തിയ ഈടുവെപ്പുകൾ ആകുമായിരുന്ന ആത്‍മസൗഹൃദങ്ങൾ എത്രയെണ്ണം കോപത്തിന്റെ ഒരു മാത്രയിൽ ഉരുവിട്ട ക്രൂരവചനങ്ങൾ കൊണ്ടില്ലാതായിട്ടുണ്ട്.

ദേഷ്യപ്പെടുകയേ വേണ്ട എന്നല്ല, പക്ഷെ പറ്റുകയാണെങ്കിൽ അത് ഒഴിവാക്കുക,അല്ലെങ്കിൽ ആവുന്നിടത്തോളം നിയന്ത്രിക്കുക.വല്ലാതെ ദേഷ്യം വന്ന് സഹിക്കാൻ പറ്റാതെ ആകുമ്പോൾ ഒരു റൗണ്ട് ഒന്ന് നടന്നിട്ട് വരിക, ദൈവവിശ്വാസിയാണ് എങ്കിൽ കുറച്ചു നേരം നാമം ജപിക്കുക, ഇരിക്കുന്ന കസേരയിൽ നിന്ന് എണീറ്റ് അപ്പുറത്ത് ഇരുന്ന് ഒന്ന് ആലോചിക്കുക, ഫോണിന്റെ ഗാലറിയിലെ ചിത്രങ്ങളിലൂടെ ഒന്ന് കടന്ന് പോകുക, വെറുതെ ഒരു പാട്ട് പാടാൻ നോക്കുക....

ഉയരുന്ന ശബ്ദമാണ് കോപത്തിന്റെ തേരാളി. അതിനെ ആദ്യം വരുതിക്ക് നിർത്തുക.കോപം തിളച്ചു പൊന്തി വരുന്ന ആ ഒരു നിമിഷത്തിന്റെ അസ്വസ്ഥതയെ , തീവ്രതയെ തോൽപ്പിക്കാൻ സാധിച്ചാൽ, തുടർന്ന് വരുന്ന എത്രയോ നേരത്തെ കുറ്റബോധവും, സങ്കടവും, അശാന്തിയും  ഒക്കെ ഒഴിവാക്കാൻ സാധിക്കും എന്ന് മാത്രം ചിന്തിക്കുക.

കോപത്തിന്റെ കനലുകളിലേക്ക് കരുണയുടെ കൈക്കുടന്ന വെള്ളം തൂവുക...

(തലക്കെട്ട്: രാമായണത്തിൽ നിന്നും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക