Image

നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി (കഥ: നൈന മണ്ണഞ്ചേരി)

Published on 18 October, 2021
  നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി (കഥ:  നൈന മണ്ണഞ്ചേരി)
അച്ഛൻ ഇനിയും ഉറങ്ങിയിട്ടില്ല.അല്ലെങ്കിൽ എപ്പോഴാണ് അച്ഛനുറങ്ങുക..അവൾക്കറിയില്ല.അവൾ രാത്രി ഉറങ്ങാൻ നേരം അച്ഛൻ ഉണർന്നിരിപ്പുണ്ടാവുംരാവിലെ ഉണരുമ്പോഴും അച്ചൻ ഉണർന്നിരിപ്പുണ്ടാവും.കടലാസും പേനയുമായി എന്തോ കുത്തിക്കുറിക്കുകയാവും.വലിയ എഴുത്തുകാരനല്ലേ,അതിനിടയിൽ പലരുടെയും ഫോൺ വിളികളും.മകളുടെ കാര്യം നോക്കാൻ ഇതിനിടയിൽ എവിടെയാണ് സമയം?എങ്കിലും ചായ ഉണ്ടാക്കി വെച്ചിരിക്കും.ഭക്ഷണം ഉണ്ടാക്കാനും അടുക്കള ജോലിക്കുമായി ഒരു സ്ത്രീ വരും.വൈകിടത്തെ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ട് അവർ പോകും.

അച്ഛൻ ഇനിയും അമ്മയെ വിളിച്ചു കൊണ്ടു വരാത്തതെന്തെന്ന് അവൾക്ക്  മനസ്സിലായിട്ടില്ല.പറയുമ്പോഴെല്ലാം ഓരോ ഒഴിവു കഴിവുകൾ പറയും.അവർ തമ്മിൽ എന്തോ പിണക്കമാണെന്നും കോടതിയിൽ കേസ് നടക്കുകയാണെന്നും മാത്രം അവൾക്കറിയാം.അല്ലെങ്കിൽ എന്നാണ് അച്ഛനും അമ്മയും തമ്മിൽ വഴക്ക് കൂടിയിട്ടില്ലാത്തത്,അവൾക്ക് ഓർമ്മ വെച്ച കാലം മുതൽ അവരുടെ വഴക്ക് കേട്ടാണ് അവൾ വളർന്നത്.എ ന്തെങ്കിലുംനിസാര കാര്യങ്ങൾ മതി.. രണ്ടാളും വിട്ടു കൊടുക്കില്ല.

 എഴുത്തിലും വായനയിലും കൂടുതൽ ശ്രദ്ധിക്കുന്ന അച്ഛൻ,,അതിലൊന്നും ശ്രദ്ധയില്ലാത്ത അമ്മ,പലപ്പോഴും പ്രശ്നം അതായിരിക്കണം..അച്ഛൻ അൽപ്പം വീട്ടുകാര്യങ്ങളും അമ്മ അൽപ്പം അച്ഛന്റെ കാര്യങ്ങളും ശ്രദ്ധിച്ചാൽ തീരാവുന്നതേയുള്ളൂ അവർ തമ്മിലെ പ്രശ്നമെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്.കോടതി വരെ ഇതെങ്ങനെ എത്തി എന്നവൾക്ക് അറിയില്ല.

അമ്മ പോയതോടു കൂടി നക്ഷത്രങ്ങളായി അവളുടെ കൂട്ടുകാർ.രാത്രി ഏറെ നേരം അവൾ നക്ഷത്രങ്ങളെ നോക്കി നിൽക്കുംഅവയോട് വർത്തമാനങ്ങൾ പറയും.കഥകൾ പറയും വിശേഷങ്ങൾ പങ്കുവെക്കും.പകൽ ആരുമില്ല അവൾക്ക് വിശേഷങ്ങൾ പങ്കു വെക്കാൻ.അവധിക്കാലമായതു കൊണ്ട്  വായിച്ചും ടെലിവിഷൻ കണ്ടും. മൊബൈൽ ഗെയിം കളിച്ചും അവൾക്ക് മതിയായിപഴയ കഥകൾ വായിക്കുമ്പോൾ അതിൽ  കുട്ടീം കോലും കളിയും ഓലപ്പന്തു കളിയുമൊക്കെ വിവരിക്കുന്നത് കാണുമ്പോൾ അവൾക്ക് കൊതിയാവും.

മടിച്ച് മടിച്ച് ഒരു ദിവസം അവൾ അച്ഛന്റെ എഴുത്തു മുറിയിൽ കയറിച്ചെന്നു.’’മോൾ ഭക്ഷണം കഴിച്ചോ?’’

‘’ഞാൻ കഴിച്ചു..അച്ഛാ,ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കുമോ?’’

എന്താണെന്ന മട്ടിൽ അച്ഛൻ തലയുയർത്തി..

‘’നാളെ അമ്മയെ വിളിച്ചു കൊണ്ടു വരുമോ?’’   അതു കേട്ടതും അച്ഛന്റെ മുഖം ഇരുണ്ടു.’’ഇങ്ങോട്ടു വിളിക്കുന്നില്ലെങ്കിൽ വെക്കേഷൻ കഴിയും വരെ എന്നെ അമ്മയുടെഅടുത്തു കൊണ്ടു നിർത്തുമോ?’’        ‘’അതൊക്കെ ഇനി കോടതി തീരുമാനിക്കും.മോൾ പോയി ഉറങ്ങിക്കോളൂ’’ അനിഷ്ടത്തോടെ അച്ഛൻ പറഞ്ഞു.കോടതിയുടെ തീരുമാനം എന്തായാലും തനിക്ക് ഒരാൾ നഷ്ടപ്പെടും. രണ്ടു പേരും  ഒരേ പോലെ പ്രിയപ്പെട്ടവരാണ്.തിരക്കിനിടയിലും ഇഷ്ട്ടപ്പെട്ടതെല്ലാം വാങ്ങിത്തരുന്ന അച്ഛൻ,പ്രത്യേകിച്ച് തനിക്ക് ഏറെ ഇഷ്ടമുള്ള പുസ്തകങ്ങൾ..പിടി വാശിക്കാരിയാണെങ്കിലും തന്നെ മനസ്സു തുറന്നു സ്നേഹിക്കുന്ന അമ്മ..ആരെ പിരിയേണ്ടി വന്നാലും അത് എന്നും വേദനയായി അവശേഷിക്കും.

ഈശ്വരാ,അതിനു മുമ്പ് ഒരു ഒത്തു തീർപ്പുണ്ടാവണേ...ഉറക്കം വരാതെ കിടക്കുമ്പോൾ അവൾ പ്രാർത്ഥിച്ചു.അവൾ ആകാശത്തേക്ക് നോക്കി.നിറയെ കുഞ്ഞു നക്ഷത്രങ്ങൾ.അച്ഛനും അമ്മയും ഞാനും അമ്മയും ഒത്തു ചേർന്ന് സന്തോഷത്തോടെ ജീവിക്കാൻ നിങ്ങളും പ്രാർത്ഥിക്കണേ..അത് കേട്ടിട്ടെന്ന പോലെ നക്ഷത്രങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അവൾക്ക് തോന്നി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക