Image

അപരാഹ്നം (കവിത :സലാം കുറ്റിച്ചിറ)

Published on 18 October, 2021
അപരാഹ്നം (കവിത :സലാം കുറ്റിച്ചിറ)
കാറും കോളും നിറഞ്ഞ ഒരു രാത്രി
അരികിലേയ്ക്കൊന്നുകൂടി           
ചേർന്നു കിടന്ന്         
 മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് 
അവൾ പറഞ്ഞു
നിന്റെയീ മിഴികളിലാണ് 
ദശാബ്ദങ്ങൾക്ക് മുമ്പ് 
ഞാനെന്റെ ആകാശം കണ്ടത് 
നിറയെ നീലമേഘങ്ങളുടെ 
ചിത്രലിഖിതങ്ങൾ

മഴ നനഞ്ഞ ഒരു ഋതുസന്ധ്യയിൽ 
ഞാനെന്റെ പൊള്ളുന്നസ്വപ്‌നങ്ങൾ
നിനക്ക് നൽകി

ഇന്ന് നിന്റെ മിഴികൾക്ക് 
ചാരനിറമായിരിക്കുന്നു,       
എന്റെ ആകാശവും ..
പെയ്തൊഴിയാത്ത 
മേഘത്തിന്റെ നേർത്തയനക്കംപോലുള്ള
നിന്റെ നെഞ്ചിലെ മർമ്മരം
ഇനിയുമെന്നെ കേൾപ്പിക്കാത്തതെന്താണ് ?

നീയൊന്നുകൂടെയണഞ്ഞു കിടക്കുക
മിടിയ്ക്കുന്ന നെഞ്ചിന്റെ 
ഇടർച്ചയെങ്കിലും കേൾക്കാൻ
ഈ രാത്രി
നമുക്കന്യോന്യം
ഒന്നും ഉരിയാടാതിരിക്കാം
                 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക