Image

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

Published on 18 October, 2021
എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, അപ്രതീക്ഷിതമായ ഒരു മഴ, പ്രളയമായി രൂപാന്തരപ്പെട്ട് വീണ്ടും ഒരു പ്രദേശത്തെ തന്നെ മുഴുവനായും മായ്ച്ചു കളഞ്ഞിരിക്കുന്നു. ആഴ്ചകളോളം തുടർച്ചയായി മഴ പെയ്തിറങ്ങിയാലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നുവെന്നതൊഴിച്ചാൽ മറ്റൊന്നും കൂടുതലായി സംഭവിക്കാനിടയില്ലാത്ത നമ്മുടെ ഭൂപ്രകൃതിയിൽ ദിവങ്ങളോളം മാത്രം നീണ്ടു നിന്ന ഒരു മഴ വരുത്തിയ വിനാശങ്ങൾ എണ്ണപ്പെടാത്തത്ര നീണ്ടു കിടക്കുന്നു. 2018 ലും 2019 ലും കേരളത്തിൽ അരങ്ങേറിയ പ്രളയങ്ങളുടെ ബാക്കി പത്രമായി 2021 ലെ പ്രളയത്തെയും നമുക്ക് നിർവചിക്കാം. ഒരു പ്രകൃതിയെ ചൂഷണം ചെയ്യാവുന്നതിന്റെ അങ്ങേയറ്റത്തോളം ചൂഷണം ചെയ്ത നമ്മുടെ ഭൂപ്രകൃതിയിൽ ഇത്തരത്തിൽ ഒരു ദുരന്തം സംഭവിക്കാതിരിക്കാൻ ഇടയില്ല. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു, ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിയ്ക്കുന്നത് വലിയ ദുരന്തമാണെന്ന് മാധവ് ഗാഡ്ഗിൽ ഉറക്കെപ്പറഞ്ഞിട്ടും അതിനെ വിലയ്ക്കെടുക്കാത്ത നിയമസംവിധാനങ്ങൾക്കും ജനങ്ങൾക്കും ഈ ദുരന്തത്തിൽ വലിയൊരു പങ്കുണ്ട്.

2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. പഠനത്തിനൊടുവിൽ ഗാഡ്ഗിൽ കണ്ടെത്തിയത് പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു, ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിയ്ക്കുന്നത് വലിയ ദുരന്തമാണെന്നായിരുന്നു. എന്നാൽ ഭരണ സംവിധാനങ്ങൾ അതിനെയൊന്നും മുഖവിലയ്ക്കെടുത്തില്ല. ഗാഡ്ഗിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കാൻ പോലും സർക്കാരോ മലയോര മേഖലയിലെ ജനങ്ങളോ തയ്യാറായില്ല. 2019 ലെ പ്രളയത്തിന് കാരണക്കാരായ കണ്ണൻ ദേവൻ കമ്പനിയ്ക്കും അനധികൃതമായി അവർ നടത്തിയ നിർമ്മാണങ്ങൾക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുത്ത ഉദ്യോഗസ്ഥർക്കുമേതിരെ കാര്യമായ നടപടികൾ ഒന്നും സർക്കാർ കൈക്കൊണ്ടില്ല. വീണ്ടും മലകൾ ഇടിക്കുകയും കുന്നുകൾ കാണാതാവുകയും ചെയ്തു.

കാലങ്ങളായി മനുഷ്യൻ പ്രകൃതിയോട് ചെയ്തതിന്റെയെല്ലാം പ്രകൃതി തിരിച്ചും ചെയ്യുന്നു എന്ന ഒറ്റ വാക്കിൽ ഒതുക്കിക്കളയേണ്ട ഒരു പ്രശ്നമല്ല കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും. ഒരു പ്രദേശത്തിന്റെ തന്നെ ഇല്ലായ്മയിലേക്കാണ്, ഒരുപാട് മനുഷ്യരുടെ ജീവിതങ്ങളിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. മഴ വെള്ളം ഒലിച്ചു പോകാനുള്ള വഴികളോ അതിനെ കൃത്യമായി കടലിൽ എത്തിക്കാനുള്ള സംവിധാനങ്ങളോ നമുക്കില്ല, മെട്രോ നഗരമായ കൊച്ചിയിൽ പോലും രണ്ടു മഴപെയ്താൽ വെള്ളക്കെട്ടുകൾ രൂപപ്പെടുക സാധാരണയാണ്. അപ്പോൾ മലയോര പ്രദേശങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. അനധികൃതമായി പ്രൈവറ്റ് കമ്പനികൾ വനമേഖല കയ്യേറുന്നതും മറ്റും ഇപ്പോഴും സർക്കാരിന്റെ പൂർണ്ണമായ അറിവിടെയാണ്. തീരദേശ മേഖലയിലും ദുരിതങ്ങൾ സമാനമാണ്. ഒരായുസ്സ് കൊണ്ട് മനുഷ്യർ കെട്ടിപ്പടുത്ത വീടുകളാണ് വെള്ളത്തിനൊപ്പം ഒഴുകിപ്പോയത്, എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് ഇല്ലാതായത്, എത്ര മനുഷ്യരുടെ ഉറ്റവരും ഉടയവരുമാണ് ചെയ്യാത്ത പാപത്തിന്റെ ശിക്ഷയേറ്റ് മരിച്ചു വീണത്. എന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല, ഇനി പഠിക്കുകയുമില്ല. ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ അതിനും ചില വ്യവസ്ഥകൾ ഉണ്ടെന്ന് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.. പ്രാർഥിക്കാം.. പ്രവർത്തിക്കാം.. തിരിച്ചറിഞ്ഞു മുന്നോട്ട് പോകാം.. തിരുത്താം..

Join WhatsApp News
American Mollakka 2021-10-19 22:40:09
അമേരിക്കൻ മലയാളി ഇക്കമാർ സഹായവുമായി ചെല്ലുമായിരിക്കും. ഞമ്മക്ക് കാത്തിരുന്നു കാണാം. ഒരു അമ്മയെയും മകനെയും തിരിച്ചയച്ച് ജോലിയിൽ ജാഗ്രത കാണിച്ച പഹയന്മാർക്ക് പ്രളയം ഉണ്ടാകാൻ കാരണമായവരെ ഒന്ന് തൊടാൻ കഴിയുന്നില്ലല്ലോ. ശ്രീ പെണ്ണുക്കര സാഹിബ് എയ്തു,എയ്തു നിർത്താതെ എയ്തു.. അമേരിക്കൻ പണച്ചാക്കുകളോട് കേരളം നശിപ്പിക്കുന്ന രാഷ്ട്രീയക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പണം ചിലവാക്കാൻ പറയു. അല്ലാതെ കുറച്ചുപേർക്ക് കഞ്ഞി വിളമ്പി പത്രത്തിൽ പടം വന്നിട്ട് എന്ത് കാര്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക