Image

ഹോണ്ടുറാസിലെ പ്രളയകാലത്ത് സഹായവുമായി നോർത്ത് ജേഴ്‌സി വൈ സർവീസ്  ക്ലബ് 

Published on 19 October, 2021
ഹോണ്ടുറാസിലെ പ്രളയകാലത്ത് സഹായവുമായി നോർത്ത് ജേഴ്‌സി വൈ സർവീസ്  ക്ലബ് 

ഒരു പുതിയ രാജ്യം, ഒരു പുതിയ ക്ലബ്ബ്, ഒരു വിശിഷ്ടമായ പദ്ധതി  (ഡാൻ മോഹൻ)

ഹോണ്ടുറാസിലെ  തെഗുസിഗൽപ വൈ സർവീസ് ക്ലബ്  - ചുഴലിക്കാറ്റ് ദുരിതാശ്വാസ പദ്ധതി പ്രവർത്തനങ്ങൾ 
 
ഏറ്റ, അയോട്ട എന്നീ  ചുഴലിക്കാറ്റുമൂലം ദുരന്തത്തിലായവരെ കരകയറ്റാൻ ഹോണ്ടുറാസിലെ തെഗുസിഗാൽപ വൈ സർവീസ് ക്ലബ് നടത്തിയ  പ്രവർത്തനങ്ങളെയും  സേവനങ്ങളെയും   വൈ'സ്  സർവീസ് ഇന്റർനാഷണൽ  സ്വാഗതം ചെയ്തു. 

കഴിഞ്ഞ വർഷം  ജനുവരിയിൽ തന്നെ  നോർത്ത് ജേഴ്സി ക്ലബ്ബിലെ  ഭാരവാഹികൾ  ഹോണ്ടുറാസിലെ മരിയോ സലീനാസുമായി 'ക്യാരക്ടർ എജ്യുക്കേഷൻ' അനുബന്ധ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി മൂലമാണ് ഈ പ്രൊജക്റ്റ് വൈകിയത്.

വൈ സർവീസ് ക്ലബ് നോർത്ത് ജേഴ്സിയുടെ പ്രസിഡന്റായ ഡാനിയൽ മോഹൻ, ക്ലബിന്റെ  സേവനപരത  വിപുലീകരിക്കാനുള്ള അവസരം എന്നോണമാണ് ഹോണ്ടുറാസിൽ ഒരു വൈ സർവീസ് ക്ലബ് ആരംഭിക്കാൻ സലീനാസിനെ പ്രോത്സാഹിപ്പിച്ചത്.

ക്ലബ്ബിന് ആതിഥേയത്വം വഹിക്കുന്ന 71 -ാമത്തെ രാഷ്ട്രമാണ് ഹോണ്ടുറാസ്. ഇതിന്റെ പ്രസിഡന്റ് സ്ഥാനത്ത് മരിയോ സലീനാസ് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തുടർച്ചയായി ഏറ്റ, അയോട്ട എന്നീ ചുഴലിക്കാറ്റുകൾ ഹോണ്ടുറാസിൽ നാശം വിതച്ചത്.

തുറമുഖ നഗരമായ ടെലയിലും  ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. ഒറ്റപ്പെട്ട അവസ്ഥ പോലും തദ്ദേശവാസികൾ അനുഭവിച്ചു. ഇതറിഞ്ഞാണ് വൈ സർവീസ് ക്ലബ് നോർത്ത് ജേഴ്സി സലീനാസുമായി ബന്ധപ്പെട്ടുകൊണ്ട്  അവിടെ ഒരു  അടിയന്തിര ദുരിതാശ്വാസ പദ്ധതി രൂപീകരിക്കാൻ ആവശ്യപ്പെട്ടത്. 

ചുഴലിക്കാറ്റിന്റെ ഫലമായ മണ്ണിടിച്ചിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ചെറിയ സമൂഹങ്ങളെയാണ്. ഉടനെ തന്നെ, നോർത്ത് ജേഴ്സി ക്ലബ് ഒരു ഫണ്ട് ശേഖരണം നടത്തി. മേയർ ഡാരിയോ ഉൾപ്പെടെയുള്ള ടെല മുനിസിപ്പാലിറ്റി അധികാരികളും ഈ ശ്രമത്തെ പിന്തുണച്ചു. മേയറുടെ മകൻ ഗെറാർഡോ, ടെലയുടെ സാമൂഹിക വികസന ഡയറക്ടറായ ലിലിയൻ ഗാർസിയ,പബ്ലിക് റിലേഷൻസ് & മീഡിയ ഓഫീസർ ലാരിസ കാലിക്സ്,ടെല  പോലീസ് ഡിപ്പാർട്മെന്റ് , മറ്റ് സമുദായ നേതാക്കൾ എന്നിവരും ചേർന്നാണ് ലഭിച്ച  സംഭാവന  എങ്ങനെ, എവിടെ, ഉപയോഗിക്കണമെന്ന് തീരുമാനമെടുത്തത്. 

ചുഴലിക്കാറ്റുമൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് കുപ്പിവെള്ളം, ഭക്ഷണം, വസ്ത്രം, പാൽ എന്നിങ്ങനെ അവശ്യസാധനങ്ങൾ എത്തിച്ചു.  തെഗുസിഗൽപ വൈ സർവീസ് പ്രതിനിധി സംഘം, ഹോണ്ടുറാസിന്റെ തലസ്ഥാന നഗരമായ തെഗുസിഗൽപയിൽ നിന്ന്  300 കിലോമീറ്റർ  യാത്ര ചെയ്ത് ജനങ്ങളുടെ  സാഹചര്യവും ആവശ്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വിലയിരുത്തുകയും സഹായം  വാഗ്ദാനം ചെയ്യുകയും ചെയ്തു. മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടുപോയ സാൻ ഹുവാൻ, ജെറുസലേം, ലാ ഫോർട്ടലെസ് എന്നീ പ്രദേശങ്ങൾക്ക്  സഹായം എത്തിക്കുക എന്ന കടുത്ത  വെല്ലുവിളിയും സമർത്ഥമായി നിറവേറ്റി.
നഗരത്തിലേക്ക് ഇറങ്ങാനുള്ള ഗതാഗത മാർഗ്ഗങ്ങൾ  ഒരുക്കിയതോടൊപ്പം ഭക്ഷണവും എത്തിച്ചു.
നോർത്ത് ജേഴ്സി ക്ലബ്ബിന്റെ പ്രസിഡന്റ്  ടീമിന് അഭിവാദ്യവും നന്ദിയും അറിയിച്ചു.

മേയറും  ഡാൻ മോഹനും വീഡിയോ കോൾ വഴി സംസാരിച്ചു. പ്രായമായവരും കുട്ടികളും ഉൾപ്പെടുന്ന കുടുംബങ്ങളെ മേഘാവൃതമായ അന്തരീക്ഷത്തിൽ  കുന്നുകയറി രക്ഷപ്പെടുത്തിയതിന്റെ ക്ലേശങ്ങൾ ഏവരും പങ്കുവച്ചു. ഭൂരിഭാഗത്തിനും വീട് നഷ്ടപ്പെട്ടു. ദുഃഖത്തോടെയും കണ്ണീരോടെയും ഉറ്റവരെ കണ്മുൻപിൽ നഷ്ടപ്പെട്ടതിന്റെ നോവ് ചിലർ അയവിറക്കി.

ചുറ്റുമുള്ള മനുഷ്യരെ പ്രായമോ , വംശമോ,ദേശീയത, മതമോ , സാമ്പത്തിക നിലയോ ,  രാഷ്ട്രീയമോ കണക്കിലെടുക്കാതെ സ്വന്തം  സഹോദരങ്ങളായി പരിപാലിക്കുക എന്നതാണ് ക്ലബ്ബിന്റെ ആപ്തവാക്യം. സമാഹരിക്കപ്പെട്ടത് പണം മാത്രമല്ല  ക്ലബ്ബിന്റെ  പ്രതിബദ്ധതയും ഇതിലൂടെ  പ്രകടമായെന്ന് വിലയിരുത്തപ്പെട്ടു. ആവശ്യഘട്ടത്തിൽ മറ്റുള്ളവർക്ക് സഹായം എത്തിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നത് ഈ ദൗത്യത്തിലൂടെ ക്ലബ് തെളിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക