Image

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

Published on 19 October, 2021
  ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)
"എന്താടോ മാഷ് സുഖമായില്ലേ? കാണുന്നില്ലല്ലോ."
"സുഖമായി വരുന്നെന്നു തോന്നുന്നു. ഇന്നെന്താ കുറുപ്പേട്ടൻ താമസിച്ചാണല്ലോ നടപ്പ്."

"പെട്ടെന്നല്ലേ തണുപ്പായത്. രാവിലെ 50 ഡിഗ്രി പോലുമില്ലായിരുന്നു. ഇന്ന് രാത്രിയാണെങ്കിൽ 43 ഡിഗ്രിയെയുള്ളൂ. അപ്പോൾ പിന്നെ അല്പം വെയിലായിട്ടാകാമെന്നു കരുതി."
"ഇതെന്താണെന്നറിയില്ല പെട്ടെന്നൊരു കാലാവസ്ഥ മാറ്റം. കണ്ടില്ലേ നാട്ടിലെ അവസ്ഥ? ഒക്ടോബറിൽ എവിടെയാ നാട്ടിൽ ഇതുപോലെ മഴ കണ്ടിട്ടുള്ളത്?"

"എടോ, കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ പ്രതിഫലിക്കുന്നുണ്ട്. പക്ഷേ നാട്ടിലെ അവസ്ഥ രൂക്ഷമാണ്. അത് നമ്മൾ തന്നെ വരുത്തി വച്ചതാണ്."

"അതെന്താ അങ്ങനെ പറയുന്നത്? പാവപ്പെട്ട ആളുകൾ മലഞ്ചരുവിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മല മുഴുവനും കൂടി ഇടിഞ്ഞു മണ്ണിനടിയിൽ പെട്ട് മരിക്കുന്ന ഭീകരമായ അവസ്ഥ. അതെങ്ങനെയാണ് മനുഷ്യർ തന്നെ വരുത്തിവച്ചതാണെന്നു പറയുന്നത്?"

"കുറെ വർഷങ്ങൾക്കു മുൻപ് വിവരമുള്ളവർ പരിസ്ഥിതി പഠനം നടത്തി വേണ്ടുവോളം മുന്നറിയിപ്പു നൽകിയതാണ്. നമ്മൾ അതൊന്നും വകവയ്ക്കാൻ തയ്യാറല്ലായിരുന്നു. പഠനം നടത്തിയവർക്കു വട്ടാണെന്നാണു പറഞ്ഞത്. മാധവ് ഗാഡ്ഗിൽ പറഞ്ഞത്, ഉടനടി ഇക്കാര്യത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ്."
"നമ്മൾ എന്ത് ചെയ്യണമെന്നാ അങ്ങേരു പറയുന്നത്?"

"പശ്ചിമഘട്ട മലനിരകളെ താങ്ങി നിർത്തിയിരിക്കുന്നത് പല ഘടകങ്ങളാണ്. അതിൽ ഒന്നാണ് കൂറ്റൻ പാറക്കെട്ടുകൾ. രണ്ട്, ഇടതൂർന്നു മരങ്ങൾ വളർന്നു നിൽക്കുന്ന വനമേഖല. ഇതിനു രണ്ടിനും നമ്മൾ തുരങ്കം വയ്ക്കുകല്ലേ?"
"മനസ്സിലായില്ല."
"കൂറ്റൻ പാറക്കെട്ടുകളിൽ എത്രയെണ്ണം നമ്മൾ ഇപ്പോൾ തന്നെ പൊളിച്ചടുക്കി! വൻ ക്വാറികൾ എത്രയെണ്ണമാണ് പശ്ചിമ ഘട്ടത്തിൽ പ്രവർത്തിക്കുന്നതെന്നറിയാമോ? അതുമുഴുവൻ ഇടിച്ചു നിരത്തുകല്ലേ?"
"അതു പുതിയ കാര്യമൊന്നുമല്ലല്ലോ. നാടിൻറെ പുരോഗതിക്കു കെട്ടിടങ്ങൾ പണിയണം. അതിനു കരിങ്കല്ല് വേണം. അത് കുറച്ചു

പൊട്ടിച്ചെടുക്കുന്നതുകൊണ്ടു പശ്ചിമഘട്ടം മുഴുവനങ്ങിടിഞ്ഞു വീഴുമോ?"
"എടോ, അതിനെ കുറച്ചു കാണരുത്. വർഷങ്ങളായുള്ള ക്വാറികൾ ഇടിച്ചു നിരത്തുന്നത് കുറച്ചൊന്നുമല്ല. ഈ പാറകൾ പൊട്ടിക്കുമ്പോൾ വലിയ ആഘാതമാണ് മലനിരകൾക്കുണ്ടാകുന്നത്. പണ്ടൊക്കെ കുറച്ചു പാറ പൊട്ടിക്കാൻ ചെറിയ തിമിരുകളാണ് വച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ടെക്നോളജി അനുസരിച്ചു കൂടുതൽ ആഴത്തിൽ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട് ഉഗ്രൻ പ്രഹരശേഷിയുള്ള ഡയനാമിറ്റ് വച്ച് അവയെല്ലാം ഏകോപിപ്പിച്ച്‌ ഒന്നിച്ചാണ് പൊട്ടിക്കുക. ആ അതുഗ്രസ്ഫോടനത്തിന്റെ ആഘാതം മൈലുകൾ അകലെയുള്ള മലനിരകളിൽ പോലും വിള്ളലുണ്ടാക്കുന്നു. കനത്ത മഴയിൽ അതിനുള്ളിൽ വെള്ളമിറങ്ങുമ്പോൾ ഈ മൺകൂനകൾ ഇടിഞ്ഞു പോകുന്നു. അതുപോലെയാണ് മരങ്ങൾ വെട്ടി വനം തെളിക്കുന്നതും."

"എങ്കിൽ പിന്നെ ഇത് നിയമം മൂലം നിരോധിച്ചുകൂടെ?"
"ആരു നിരോധിക്കാൻ? രാഷ്ട്രീയക്കാർക്കൊക്കെ അതിന്റെ വിഹിതം കിട്ടുന്നതല്ലേ? അതുകൊണ്ട് അവരുടെ ഒത്താശയിലാണ് ഇതെല്ലം നടക്കുന്നത്. ചോദിച്ചാൽ പറയുന്നത് നാടിന്റെ അഭിവൃദ്ധിക്കുവേണ്ടിയാണെന്നാണ്."

"അതും ശരിയല്ലേ? ഈ നാട്ടിൽ കെട്ടിടങ്ങൾ പണിയണമെങ്കിൽ കല്ലും സിമന്റുമൊക്കെ ഇല്ലാതെ പറ്റുമോ?"
"ആവശ്യമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്തണം. കെട്ടിടങ്ങൾ പ്രീഫേബ്രിക്കേറ്റഡ് ഉരുക്കു സ്ട്രക്ച്ചർ ഉപയോഗിച്ചു പണിയാൻ തുടങ്ങണം. മൻഹാട്ടനിലെ ബഹുനില കെട്ടിടങ്ങളുടെ നിർമാണം നാം കാണുന്നതല്ലേ? എല്ലാം മുഖ്യമായും സ്റ്റീൽ സ്ട്രച്ചറുകളല്ലേ!"
"അങ്ങനെയാണെങ്കിൽ ഈ മന്ത്രിമാരും എം എൽ എ മാരുമൊക്കെ ഇവിടെ വന്നു സന്ദർശനം നടത്തുമ്പോൾ ഇതൊക്കെ കാണുന്നില്ലേ? പിന്നെ എന്താണ് തിരുത്താത്തത്?"

"അവർ ഇവിടെ വരുമ്പോൾ ആർക്കാണിതൊക്കെ നോക്കാൻ നേരം? സ്വീകരണങ്ങളല്ലേ മുഴുവൻ സമയവും!  പിന്നെ ഡിന്നറുകളും ഫോട്ടോ എടുക്കലുകളും.  എല്ലാറ്റിനും അവർ സമയം കണ്ടെത്തേണ്ടേ?  അധികാരത്തിലുള്ള ചിലരുടെ പ്രവർത്തനം കാണുമ്പോൾ ഈ പ്രളയവും പ്രകൃതി ദുരന്തങ്ങളും ഒക്കെ ആവശ്യമാണെന്ന് ചിന്തിക്കുന്നുണ്ടോ എന്നു പോലും തോന്നിപ്പോകും."

"അടിക്കടി ഉണ്ടാകുന്ന പ്രളയങ്ങൾ അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്നു പ്രത്യാശിക്കാം."

"ഓരോ വർഷവും ഓഖിയും മഹാപ്രളയവും തീവ്രമായ ഉരുൾപൊട്ടലുകളും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ കൊണ്ട് എത്രയോ പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്! എന്നിട്ടു വല്ലതും പഠിച്ചോ? പിന്നെ ഇതുകൊണ്ടു മാത്രം കൂടുതലായി എന്ത് പഠിക്കാൻ?"

“ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ എത്താൻ തുടങ്ങിക്കഴിഞ്ഞു. ഇന്നു തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഒരുകോടി രൂപയാണ് സംഭാവന ചെയ്തത്.”

“അത് നല്ല കാര്യമായി. പക്ഷെ അർഹതപ്പെട്ടവർക്കെവിടെ കിട്ടാൻ? കഴിഞ്ഞ മഹാപ്രളയത്തിനു പിരിച്ചിട്ടെന്തു ചെയ്തു? മനുഷ്യർ കൂടുതൽ പ്രകൃതി സ്നേഹികളാകാതെ തരമില്ല. ആ വഴിക്ക് ആളുകൾ ചിന്തിക്കുന്നില്ലെന്നതാണ് കഷ്ടം!”

"അത് കുറുപ്പേട്ടൻ പറഞ്ഞത് ശരിയാ. സാധാരണ ജനങ്ങൾ പോലും നാട്ടിൽ വീട് പണിതുകഴിഞ്ഞാൽ മുറ്റവും പരിസര പ്രദേശവുമെല്ലാം ടൈൽസിട്ടു നിരത്തുകയാണ്. മഴ പെയ്യുന്ന വെള്ളം എങ്ങോട്ടു താഴാനാണ്? അത് പിന്നെ കാണുന്നതിലെയൊക്കെ ഒഴുകിപ്പോകും."

"അതാണ് പറഞ്ഞത്, നമ്മുടെ ചെറുപ്പത്തിൽ മഴക്കാലത്ത് പറമ്പിൽ വെറുതെ ഒന്ന് ചവുട്ടിയാൽ മതി. ഉറവ പൊടിയുമായിരുന്നു. അതുകൊണ്ടു മണ്ണും ഫലഭൂയിഷ്ഠമായിരുന്നു. അതൊക്കെ ഇന്നു വെറും ഓർമ്മകൾ മാത്രം."
"എത്രകണ്ടാലും പഠിക്കില്ലെന്നു വച്ചാൽ പിന്നെ എന്ത് ചെയ്യും?"
"എന്നാൽ പിന്നെ അനുഭവിച്ചോ. അത്ര തന്നെ."
"എന്നാൽ പിന്നെ അങ്ങനെയാകട്ടെ."
"ശരി. പിന്നെ കാണാം."
_____________________

Join WhatsApp News
Sudhir Panikkaveeetil 2021-10-19 17:26:21
സാക്ഷരകേരളം അക്ഷരങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. പക്ഷെ ഫലമില്ല. പേന ദൂരെ എറിഞ്ഞു തോക്കെടുക്കുന്ന സമയം വരും. അപ്പോൾ എല്ലാ നേരെയാവും. ശ്രീ പാറക്കൽ നന്നായി എഴുതി. അൽപ്പം നർമ്മം കലർത്തി അതിലൂടെ ഗൗരവം വെളിപ്പെടുത്തി. നല്ല ശൈലി.
American Mollakka 2021-10-19 22:29:18
അസ്സലാമു അലൈക്കും...ഞമ്മടെ രാജ്യം രാഷ്ട്രീയക്കാർ കുളം തോണ്ടി. കുളം കവിഞ്ഞൊഴുകി പ്രളയമായി. രാഷ്ട്രീയക്കാരുടെ ചാകര...മുടിപ്പിക്കട്ടെ പഹയർ..ജനങ്ങളും നിക്കാഹ് ജിഹാദും നാർക്കോട്ടിക് ജിഹാദും പറഞ്ഞിരിക്കട്ടെ. നാട് നന്നാകില്ല ബാബു സാഹിബേ...ഇങ്ങള് അമേരിക്കയിൽ ഇരുന്നു എയ്‌തീട്ടൊന്നും കാര്യമില്ല.ഇബിടെയുള്ള പഹന്മാർ സുബക്കത്തിൽ ഇരിക്കയാണ് അള്ളാനേ മറന്നു ഈസോയെ മറന്നു അയ്യപ്പനെ മറന്നു..അബരിൽ ചിലർ പറയുന്നു ഇതൊക്കെ അയ്യപ്പൻറെ പ്രതികാരമാണെന്നു..സ്വാമി, പ്രതികാരമൊക്കെ ഇബ്‌ലീസിന്റെ പണിയല്ലേ? ഇങ്ങള് രക്ഷിക്കൂ പാവം ജനങ്ങളെ.. ഒരു അമ്മിണിയമ്മ മല കയറിയതിനു, മുഖ്യൻ അതിനു കൂട്ട് നിന്നതിനു എന്തിനാ സ്വാമി ബാക്കിയുള്ളോരേ കഷ്ടത്തിലാക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക