പുരാവസ്തു ശേഖരത്തിന്റെയും വില്‍പ്പനയുടേയും പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെതിരെ പീഡനക്കേസും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സനെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കലൂരിലെ വീട്ടില്‍ വച്ചും കൊച്ചിയിലെ തന്നെ മറ്റൊരു വീട്ടില്‍ വച്ചുമാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറും.
തട്ടിപ്പുകേസില്‍ ഇപ്പോള്‍ മോന്‍സനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മോന്‍സന്റെ സുഹൃത്തായ പ്രവാസി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ നീക്കം. വളരെ അടുപ്പത്തിലായിരുന്ന മോന്‍സനും അനിതയും തെറ്റിപ്പിരിഞ്ഞശേഷമാണ് മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തു വരുന്നത്.
മോന്‍സന്റെ സാമ്പത്തീക ഇടപാടുകളെല്ലാം അനിതയ്ക്കും അറിയാമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. മുന്‍ ഡിജിപി അടക്കം പല പ്രമുഖരേയും മോന്സന് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. അനിത ഇപ്പോള്‍ ഇറ്റലിയിലാണ് ഉള്ളത്.