Image

പ്രധാനമന്ത്രി നിരക്ഷരനെന്ന് കോണ്‍ഗ്രസ് ; കര്‍ണ്ണാടകയില്‍ കനത്ത രാഷ്ട്രീയപ്പോര്

ജോബിന്‍സ് Published on 19 October, 2021
പ്രധാനമന്ത്രി നിരക്ഷരനെന്ന് കോണ്‍ഗ്രസ് ; കര്‍ണ്ണാടകയില്‍ കനത്ത രാഷ്ട്രീയപ്പോര്
കര്‍ണ്ണാടകയില്‍ രണ്ട് നിയമസഭാ സീറ്റുകളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള കനത്ത രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവുമൊടുവില്‍ കടുത്ത വാഗ്വാദത്തിന് വഴിവെച്ചിരിക്കുന്നത്. 

'കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു, എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോദി അതും പഠിച്ചില്ല.  ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത് തിരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു'...... ഇങ്ങനെയായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. 

കോണ്‍ഗ്രസിന് മാത്രമെ ഇത്രയും തരംതാഴാന്‍ കഴിയൂ എന്നും ഇത് മറുപടി അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും പറഞ്ഞ കോണ്‍ഗ്രസ് വക്താവ് ലാവണ്യ ബിലാല്‍ ട്വീറ്റ് പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. 

സിന്ദഗി ,ഹംഗാല്‍ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഇവിടുത്തെ എംഎല്‍എ മാര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. യെദീയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ഇത് ബിജെപിയ്ക്ക് ഏറെ നിര്‍ണ്ണായകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക