Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 19 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)
ഇടുക്കി ഡാം തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെ.മീ ആണ് ഉയര്‍ത്തിയത്. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത് രണ്ട് , മൂന്ന് , നാല് നമ്പര്‍ ഷട്ടറുകളാണ് ഉയര്‍ത്തിയത്. ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പെരിയാര്‍ തീരത്ത് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കക്കി , ഷോളയാര്‍, ഇടമലയാര്‍, പമ്പ ഡാമുകളും തുറന്നു. 
************************
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ലക്നേവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകുമെന്നും  പ്രിയങ്ക പറഞ്ഞു.
*****************************
മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. 
***************************
രാജ്യത്ത് ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. രാജ്യത്ത് പൗരത്വത്തിന് ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്താനാണ് നീക്കം. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചത്.
************************************
ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൈനിറ്റാളിലെ രാംഘട്ടില്‍ മേഘവിസ്ഫോടനം ഉണ്ടായതാണ് കാരണം. ഇതിനെ തുടര്‍ന്ന് നുറിലേറെ പേര്‍ നൈനിറ്റാളില്‍ കുടുങ്ങിയിരിക്കുകയാണ്. പ്രളയത്തില്‍ പതിനാറ് മരണം റിപ്പോര്‍ട്ട് ചെയ്തു. പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്.
***********************
എറണാകുളം ജില്ലയിലെ മലയോര മേഖലയിലെ 43 സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്. കനത്ത മഴ പ്രവചനവും ഇടുക്കി ഡാം തുറന്നു വിട്ട സാഹചര്യവും പരിഗണിചാണ് തീരുമാനം . ജില്ലയില്‍ ഉരുള്‍ പൊട്ടലിനു സാധ്യതയുണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കണ്ടെത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് മാറ്റുന്നത്.
**********************************************
സാമ്പത്തിക തട്ടിപ്പിന് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് യുഎസിലും തിരിച്ചടി. ബിനാമി ഇടപാടിലൂടെ നീരവ് നിയന്ത്രിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്ന അപേക്ഷ കോടതി തളളി. ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതിയാണ് ഹര്‍ജി തളളിയത്.
********************************
ജമ്മു കാശ്മീരിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണക്കാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണയായിരുന്നു ഇവിടെ ഭീകരാക്രമണങ്ങള്‍ നടന്നത്. അഞ്ച് അന്യസംസ്ഥാന തൊഴിലാളികളടക്കം പതിനൊന്ന് പേരായിരുന്നു ഈ ആക്രമണ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ കര്‍ശന ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 
**************************
പൂഞ്ഞാറില്‍ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ ജയദീപിന്റെ ലൈസന്‍സ്  റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു. നേരത്തെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് 184-ാം വകുപ്പ് പ്രകാരമാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക